- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ക്യൂ; നടപ്പന്തൽ മുതൽ ക്യൂ ആരംഭിക്കും; കുട്ടികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രവും സ്ഥാപിക്കും; ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ
പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ആർ. ആനന്ദ്. കുട്ടികൾക്കും വയോധികർക്കും ദർശനത്തിന് പ്രത്യേകം ക്യൂ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രത്യേക ക്യൂ ഏർപ്പെടുത്താൻ നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രമീകരണങ്ങൾ നിലവിൽ വരുന്നത്. നടപ്പന്തൽ മുതലാണ് പ്രത്യേക ക്യൂ ആരംഭിക്കുന്നത്. കുട്ടികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രവും ഇതോടൊപ്പം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'കുട്ടികളായിട്ട് വരുന്നവർക്ക് ഉടൻ പോകാൻ സാധിക്കും. അങ്ങനെ വരുന്നവർ പ്രത്യേക ക്യൂവിൽ വന്ന് ആ ക്യൂവിലെ നടപ്പന്തലിൽ നിന്ന് പതിനെട്ടാം പടി പോകാനുള്ള സൗകര്യം ഉണ്ടാക്കുന്നുണ്ട്. കുട്ടികൾ തളർന്നു പോയിട്ടുണ്ടെങ്കിൽ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.
നേരത്തെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക നിര ഏർപ്പെടുത്തുമെന്ന മന്ത്രിതല യോഗ തീരുമാനം നടപ്പാക്കിയിരുന്നില്ല. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകനയോഗത്തിലാണ് കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ എന്നിവർക്കു പ്രത്യേക പരിഗണന നൽകി വരി നിർത്തി ദർശനത്തിനു സൗകര്യം ഒരുക്കാൻ തീരുമാനിച്ചത്. ഇന്നലെ താരതമ്യേന തിരക്കു കുറവായിട്ടും അതിനു പൊലീസ് അനുവദിച്ചില്ല.
കൊച്ചുകുട്ടികളുമായി വന്നവർ ഇന്നലെയും മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടിവന്നിരുന്നു. പ്രത്യേക പരിഗണന നൽകാനുള്ള നിർദ്ദേശം വന്നില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. അവലോകന യോഗത്തിലെ തീരുമാനം നടപ്പാക്കാത്തത് ദേവസ്വം ബോർഡ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതോടെയാണ് ഉടനടി തീരമാനം വന്നത്.
മറുനാടന് മലയാളി ബ്യൂറോ