തിരുവനന്തപുരം: ശബരിമല സമരം കൊടുമ്പിരി കൊണ്ട ഇക്കാലത്ത് ചുറ്റുപാടിലും ഒന്ന് കണ്ണോടിച്ചാൽ കാണാം പച്ചയായ ജാതിപറച്ചിലിന്റെ ദയയില്ലാത്ത ആക്രമണങ്ങൾ. അത് ടിവി ചാനൽ ചർച്ചകളിലായാലും, സോഷ്യൽ മീഡിയയിലായാലും പടർന്ന് വികൃതരൂപം പൂണ്ടിരിക്കുന്നു. അതിന് ഈ രാഷ്ട്രീയ പാർട്ടിയെന്നോ ആ രാഷ്ട്രീയ പാർട്ടിയെന്നോ, ഭേദമില്ല. രാഷ്ട്രീയ നേതാവെന്നോ, ചാനൽ അവതാരകനെന്നോ, പൊലീസെന്നോ ഭേദമില്ല. തങ്ങളുടെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും എതിർഭാഗത്താണ് അവരെങ്കിൽ ജാതി പറഞ്ഞ് അവരെ താഴ്‌ത്തിക്കെട്ടുകയാണ്. അതൊരു ഫാഷനായിരിക്കുന്നു സോഷ്യൽ മീഡിയയിൽ മാത്രമല്ല ചാനൽ ചർച്ചയിലും, പ്രസംഗങ്ങളിലും എല്ലാം.

ഏറ്റവുമൊടുവിലത്തെ ഉദാഹരണം നോക്കാം. 'ഓരോരുത്തർക്കും ഓരോ പണി പറഞ്ഞിട്ടുണ്ട്. അതേ ചെയ്യാൻ ഏൽപ്പിക്കാവൂ...'സംഘപരിവാർ അനുഭാവിയായ അനിൽ.പി.നായർ എന്ന വൃക്തി മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റാണ്. വാക്കുകൾ മാത്രമല്ല അകമ്പടിയായി ഒരു ചിത്രവുമുണ്ട്. പിണറായിയെ കള്ളുചെത്തുതൊഴിലാളിയായി ചിത്രീകരിച്ചാണ് ഓരോരുത്തർക്കും ഓരോ പണി പറഞ്ഞിട്ടുണ്ടെന്ന് ജാതി പറഞ്ഞ് അധിക്ഷേപിച്ചിരിക്കുന്നത്. ഇതോടെ പോസ്റ്റിനെതിരെ ശക്തമായ പ്രതിഷേധവുമായി പിന്നോക്കവിഭാഗത്തിൽ പെട്ടവർ പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്. തെങ്ങുകയറ്റവും കള്ളുചെത്തലും നല്ല ആയാസമുള്ള ജോലിയാണെന്ന് മാത്രമല്ല ഗവൺമെന്റ് ലൈസൻസ് ഉള്ള തൊഴിലുമാണെന്നാണ് ഒരുമറുപടി.

പിണറായിക്ക് എന്നും തെറിയഭിഷേകം

പിണറായിക്ക് നേരേയുള്ള സോഷ്യൽ മീഡിയയിലെ ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ശബരിമല സമരം തുടങ്ങിയതോടെ അത് മൂർദ്ധന്യത്തിലെത്തിയെന്ന് മാത്രം. ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയായിരുന്നു ആദ്യ ഉന്നം. ശബരിമല വിധി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതോടെ മുഖ്യമന്ത്രിക്കെതിരെ അമ്പുകൾ തിരിഞ്ഞു. വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ലെന്നും വിധി നടപ്പാക്കുമെന്നുമുള്ള സർക്കാർ നിലപാടാണ് രോഷം മുഖ്യമന്ത്രിക്കെതിരെ തിരിയാൻ കാരണം. സമരത്തിനെത്തിയ സ്ത്രീകൾ പിണറായിയെ ജാതികൂട്ടി തെറിവിളിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. പത്തനംതിട്ട ചെറുകോൽ സ്വദേശിയായ സ്ത്രീ മുഖ്യമന്ത്രിയെ ജാതിപ്പേരു വിളിച്ചും പച്ചത്തെറി വിളിച്ചും അധിക്ഷേപിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.

പിണറായി വിജയൻ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ്. തെക്കൻ മേഖലയിൽ ഇഴവരെ ചോകോൻ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേർത്താണ് പിണറായിയെ തെറിവിളിക്കുന്നത്. ഈ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എൽഡിഎഫ് അധികാരത്തിലേറിയതിന് പിന്നാലെ യുഡിഎഫ് സർക്കാരിന്റെ മദ്യനയം പൊളിച്ചെഴുതി പുതിയ മദ്യനയം പ്രഖ്യാപിച്ചപ്പോളും ഒരുവിഭാഗം പിണറായിക്കെതിരെ ജാത്യാധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. മദ്യനയം പ്രഖ്യാപിച്ച ജൂൺ എട്ട് മുതൽ തന്നെ പ്രചാരണം വ്യാപകമായി. 'ചെത്തുകാരന്റെ മോൻ ബാറിനെ പറ്റിയല്ലാതെ മറ്റ് എന്തിനെ പറ്റി ആലോചിക്കും? 'ചെത്തുകാരന്റെ മോൻ കള്ള് അല്ലാതെ ഗോമൂത്രം ഒഴുക്കുമോ' എന്നിങ്ങനെ പോയി സോഷ്യൽ മീഡിയയിലെ ട്രോളുകൾ.

വിടില്ല പൊലീസിനെയും

ശബരിമല തുലാമാസ പൂജാകാലത്ത് പമ്പയിലും നിലയ്ക്കലും പൊലീസ് നടപടികൾക്ക് നേതൃത്വം നൽകിയ മനോജ് എബ്രഹാമിന് നേരിടേണ്ടി വന്നത് കടുത്ത അധിക്ഷേപമാണ്. ബിജെപി നേതാക്കളാണ് ഐജിക്ക് നേരേ തുറന്ന അധിക്ഷേപം അഴിച്ചുവിട്ടത്. സമരത്തിനിടെ മനോജ് എബ്രഹാം അന്തസില്ലാത്ത പൊലീസ് നായയാണെന്നാണ് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ വിശേഷിപ്പിച്ചത്.'മനോജ് എബ്രഹാം എന്ന് പറയുന്ന ആ പൊലീസ് നായയാണ് വാസ്തവത്തിൽ ഇവിടെ എല്ലാ അക്രമവും ഉണ്ടാക്കിയതെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. സാധാരണ പൊലീസ് നായ്ക്ക് ഒരു അന്തസ്സുണ്ട്. ഇത് അന്തസ്സിലാത്ത പൊലീസ് നായയാണ് മനോജ് എബ്രഹാം. വെറുതെ വിടില്ല ഞങ്ങൾ. ഐ.പി.എസ് ഒക്കെ തോളിൽ വെച്ചോ. പ്രമോഷൻ കിട്ടണമെങ്കിൽ സെൻട്രൽ ട്രിബ്യൂണിൽ അയാൾക്ക് പോകേണ്ടി വരും. മനോജ് എബ്രഹാമിനെതിരെ പരാതി കൊടുക്കാൻ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങൾ 25000 പൊലീസുകാരെ കൊണ്ടുവന്നാൽ ഞങ്ങൾ 50000 വിശ്വാസികൾ ശബരിമല സന്നിധാനത്തെത്തും. തടയാൻ പറ്റുമെങ്കിൽ തടഞ്ഞോ''- കൊച്ചിയിൽ എസ്‌പി ഓഫീസിന് മുന്നിൽ ബിജെപി നടത്തിയ പ്രതിഷേധ പ്രകടത്തിൽ സംസാരിക്കവേ ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.

മനോജ് ഏബ്രഹാമിനെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബി.ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു.
'പൊലീസ് നായ ' എന്ന പ്രയോഗം ജനാധിപത്യപരമാണെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം. പൊലീസ് നായ ' എന്നുള്ളത് അവഹേളിക്കുന്ന വാക്കല്ലെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. പ്രയോഗത്തിലൂടെ മനോജ് എബ്രഹാമിന്റെ സമീപനത്തെയാണ് കാട്ടിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയും വാർത്താസമ്മേളനത്തിനിടെ മനോജ് എബ്രഹാമിനെ പേരുപറയാതെ അധിക്ഷേപിച്ചിരുന്നു.

മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച മറ്റ് 13 പേർക്കെതിരെയും പൊലീസ് കേസെടുത്തു. കേരള പൊലീസ് സേനയിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് സംഭവത്തെ പരാമർശിച്ച് മുഖ്യമന്ത്രിയും പറഞ്ഞു. സേനയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നും പൊലീസിനെതിരായ ഇത്തരം ആക്രമണങ്ങളെ ഗൗരവമായി കണ്ട് കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നയിപ്പ് നൽകുകയും ചെയ്തു.

ഇടതും മോശമല്ല

ജാതി പച്ചയ്ക്ക് പറഞ്ഞുള്ള പ്രയോഗത്തിൽ ഇടതുപാർട്ടികളും പിന്നിലല്ല. സിപിഐയുടെ
അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനെ കഴിഞ്ഞ വർഷമാദ്യം സിപിഐ നേതാവ് മനോജ് ചരളേൽ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതും വിവാദമായിരുന്നു. മനോജ് ചരളേലും പ്രതിശ്രുത വധുവും തമ്മിലുള്ള ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിപിഐ നേതാവിന്റെ അധിക്ഷേപത്തിനെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

'പന്നപ്പുലയനെ കണ്ടാൽ അന്ന് വെള്ളം കുടിക്കില്ല' എന്നായിരുന്നു മനോജിന്റെ വാക്കുകൾ. അടൂരിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള റാലിയിൽ പങ്കെടുക്കാൻ പോയില്ലേ എന്ന പ്രതിശ്രുത വധുവിന്റെ ചോദ്യത്തിനാണ് സിപിഐ നേതാവിന്റെ ജാതിപറഞ്ഞുള്ള അധിക്ഷേപം. ഇവനെങ്ങാനും അവിടെ ഉണ്ടെങ്കിൽ യൂത്ത് ഫെസ്റ്റിവൽ കഴിഞ്ഞേ ഇനിയങ്ങോട്ട് വരുന്നുള്ളൂ എന്നാണ് മനോജ് പറഞ്ഞത്. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി.

മോദിയെ ചെറുതാക്കാൻ എന്നും ഒരേ ആയുധം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെറുതാക്കാനുള്ള ശ്രമങ്ങൾക്ക് എപ്പോഴും എതിരാളികൾ ആയുധമാക്കുന്നത് അദ്ദേഹത്തിന്റെ പൂർവകാലജീവിത പശ്ചാത്തലമാണ്. 'മോദി ചായക്കടക്കാരൻ' എന്ന പരിഹാസം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സൈബർ സഖാക്കളുടെ ഇഷ്ടകഥാപാത്രമാണ് മോദി. കോൺഗ്രസും ഇക്കാര്യത്തിൽ പിന്നോട്ടല്ല. കഴിഞ്ഞ വർഷം നവംബറിൽ ഇങ്ങനെയൊരു ട്രോളിലൂടെ കോൺഗ്രസ് പുലിവാൽ പിടിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് കാർട്ടൂൺ രൂപത്തിൽ മോദിയെ ചായക്കടക്കാരനെന്ന് പരിഹസിച്ചത്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് എന്നിവർക്കൊപ്പം മോദി സംഭാഷണത്തിലേർപ്പെട്ടുനിൽക്കുന്ന ചിത്രമുപയോഗിച്ചായിരുന്നു പരിഹാസം. വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ ട്വീറ്റ് ഒഴിവാക്കിയെങ്കിലും കനത്ത പ്രതിഷേധമാണ് കോൺഗ്രസ്സിന് നേരിടേണ്ടി വന്നത്.

2014 ലെ പൊതുതെരഞ്ഞെടുപ്പിനിടെയാണ് മോദിയെ ചായ്വാലയെന്ന് കോൺഗ്രസ് ആദ്യമായി പരിഹസിച്ചത്. മുതിർന്ന നേതാവ് മണിശങ്കർ അയ്യരാണ് വടി കൊടുത്ത് അടി വാങ്ങിയത്. കോൺഗ്രസ്സിന്റെ സെൽഫ് ഗോളെന്നാണ് രാഷ്ട്രീയ നിരീക്ഷകർ സംഭവത്തെ വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രിയെ നെഹ്റു കുടുംബത്തിന്റെ ചായക്കാരനാക്കുന്നവർക്ക് ചായക്കാരൻ പ്രധാനമന്ത്രിയായത് അംഗീകരിക്കാനാകില്ലെന്ന വിമർശനവും ഉയർന്നു. പ്രതിഷേധം ശക്തമായതോടെ യൂത്ത് കോൺഗ്രസ്സിനെ തള്ളിപ്പറഞ്ഞ് മുഖംരക്ഷിക്കാനാണ് കോൺഗ്രസ് അന്നുശ്രമിച്ചത്.

ചാനൽ അവതാരകർ എളുപ്പമുള്ള ഇരകൾ

ഭിന്നാഭിപ്രായങ്ങൾ തുറന്നുപറയുന്നതിനെ ചൊല്ലി ചാനൽ അവതാരകരെ ലാക്കാക്കിയുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങൾ കൂടുന്നതല്ലാതെ കുറയുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിലെ വിനു.വി.ജോൺ, മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണൻ എന്നിവരാണ് സാധാരണ ഇരകളാകാറുള്ളത്. വിനുവിനെ ശബരിമലയുവതീപ്രവേശനവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെ ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ട് അധികനാളായിട്ടില്ല. നടൻ ദിലീപിനെ വിമർശിച്ചതിന്റെ പേരിൽ വിനുവിനെതിരെ സീരിയൽ നടി അനിത രംഗത്ത് വന്നതും ചർച്ചയായിരുന്നു. തനിക്ക് നാണമുണ്ടോടോ..താൻ ഒരു ആണല്ലേ...എന്നൊക്കെ വളരെ മോശമായ രീതിയിൽ, വിനുവിന്റെ കുടുംബത്തെ വരെ അധിക്ഷേപിച്ചിരുന്നു. തങ്ങൾക്ക് അസ്വീകാര്യമായ വാർത്തകളുടെ പേരിൽ സൈബർ സഖാക്കളും മുമ്പ് വിനു.വി.ജോണിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്.

തോമസ് ചാണ്ടിയുടെ രാജിക്ക് ശേഷം ദേശാഭിമാനി റസിഡണ്ട് എഡിറ്റർ പി.എം മനോജ് ഉൾപ്പടെ സൈബർ സഖാക്കൾ ഏഷ്യനെറ്റിനും വിനു വി ജോണിനും എതിരെ പോസ്റ്റുകളുമായി രംഗത്തെത്തിയിരുന്നു. ഏഷ്യാനെറ്റിന്റെ മാധ്യമപ്രവർത്തനം സിപിഎമ്മിനെതിരെയുള്ള കള്ളപ്രചാരണമായി മാറിയെന്നും വിനു.വി ജോണിനെ ഏഷ്യാനെറ്റിൽ നിന്ന ്പുറത്താക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് സൈബർ സഖാക്കൾ മുന്നോട്ടുവെച്ചത്. മാധ്യമവ്യഭിചാരി തുടങ്ങിയ നിരവധി അസഭ്യ പ്രയോഗങ്ങളും വിനു.വി. ജോണിന് നേരെ ചിലർ പ്രയോഗിച്ചു.

പിണറായി വിജയന് ഉപയോഗിക്കാനായി ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നുവെന്ന വാർത്ത ഏഷ്യാനെറ്റ് ഓൺലൈൻ നൽകിയിരുന്നു. ഇത് കള്ളവാർത്തയാണെന്നായിരുന്നു ആരോപണം. എന്നാൽ ബുള്ളറ്റ് പ്രൂഫ് കാറു വാങ്ങുന്നുവെന്ന വാർത്ത വിവാദമായതിനെ തുടർന്ന് തന്റെ ഉപയോഗത്തിനല്ല കാർ എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതോടെയാണ് മാധ്യമവാർത്തകൾ തെറ്റാണെന്ന വാദവുമായി സൈബർ സഖാക്കൾ രംഗത്തെത്തിയത്. എന്നാൽ, ഓൺലൈനിൽ വന്ന വാർത്തയ്ക്ക് താൻ എങ്ങനെ ഉത്തരവാദിയാകുമെന്നായിരുന്നു വിനുവിന്റെ ചോദ്യം.

'തെറി പറഞ്ഞും അച്ഛന് വിളിച്ചും പേടിപ്പിക്കാമെന്ന് കരുതുന്ന സൈബർ സഖാക്കളേ, നിങ്ങൾക്ക് നല്ല നമസ്‌കാരം! നിങ്ങളുടെ വിരട്ടിൽ പണിനിർത്തി പോകാൻ വേറെ ആളെ അന്വേഷിക്കുക. വിമർശനങ്ങൾ പൂർണ്ണ മനസ്സോടെ സ്വീകരിക്കും. തെറ്റുകൾ തിരുത്തും. പക്ഷെ പേടിക്കില്ല, ഒരിക്കലും.''- എന്നാണ് വിനു.വി.ജോൺ ട്വിറ്ററിൽ ചോദിച്ചത്.

രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ സ്ത്രീകളെ തെറിപറയുക, അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ ക്രൂരകൃത്യങ്ങളും സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നുണ്ട്. എന്നിരുന്നാലും തൂത്തെറിഞ്ഞുവെന്ന് മലയാളികൾ അഭിമാനിച്ചിരുന്ന ജാതിവെറി അതിന്റെ എല്ലാവിധ വീറോടെയും ഭ്രാന്തായി മാറുകയാണ്.