ചങ്ങനാശേരി : പുതുവർഷ പുലരിയിൽ സമുദായാചാര്യൻ മന്നത്ത് പത്ഭനാഭന്റെ 142ാം ജയന്തി ആഘോഷങ്ങൾക്ക് മിന്നുന്ന തുടക്കം. ഇതിന്റെ ഭാഗമായി വൻ ആഘോഷ പരിപാടികളാണ് പെരുന്നയിൽ ഇന്ന് ആരംഭിക്കുന്നത്. ജനുവരി രണ്ടിനാണ് മന്നം ജയന്തി ആഘോഷിക്കുന്നത്. എന്നാൽ മുൻവർഷങ്ങളെക്കാൾ ഏറെ ശ്രദ്ധ നേടുന്ന സമ്മേളനമാണ് ഇക്കുറി നടക്കുന്നത്.ശബരിമല യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്നം ജയന്തി സമ്മേളനത്തിനെ ഉറ്റു നോക്കുകയാണ് ഏവരും.

ആചാര സംരക്ഷണം സംബന്ധിച്ചു കർക്കശ നിലപാടിൽ ഉറച്ചു നിൽക്കുന്ന എൻഎസ്എസിന്റെ ഭാവിപ്രവർത്തനം സംബന്ധിച്ച രൂപരേഖയും നിലപാടുകളും മന്നം ജയന്തി സമ്മേളനത്തിൽ വ്യക്തമാകും. പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്തെ വിദ്യാഭ്യാസ സമുച്ചയത്തിൽ തയാറാക്കിയ മന്നം നഗറിലാണു പരിപാടികൾ. രാവിലെ എട്ടുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. പ്രതിനിധി സമ്മേളനം 10.15ന്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിക്കും.

പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിക്കും. മന്നം ജയന്തി ദിനമായ നാളെ രാവിലെ 7.30 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. സമ്മേളനം 10.45നു മുൻ അറ്റോർണി ജനറൽ കെ. പരാശരൻ ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി മുൻ ജഡ്ജി എ.വി. രാമകൃഷ്ണ പിള്ള മുഖ്യപ്രഭാഷണം നടത്തും. എഴുത്തുകാരൻ സി. രാധാകൃഷ്ണൻ മന്നം അനുസ്മരണ പ്രഭാഷണം നടത്തും.