അഹമ്മദാബാദ്: രാജ്യം കോവിഡ് വ്യാപന പ്രതിസന്ധിയിൽ തുടരുമ്പോൾ കൊറോണ വൈറസിനെ തുടച്ചുനീക്കാൻ ഗുജറാത്തിലെ അഹമ്മദാബാദിൽ നടത്തിയ മതഘോഷയാത്രയിൽ പങ്കെടുത്തത് നൂറുകണക്കിന് ആളുകൾ. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചായിരുന്നു ചടങ്ങ്.

വിശ്വാസികൾ കൂട്ടംകൂടിയുള്ള ഘോഷയാത്രയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതിന് പിന്നാലെ ചടങ്ങ് സംഘടിപ്പിച്ച 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തലവൻ ഉൾപ്പെടെയുള്ളവർക്കെതിരേയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

അഹമ്മദാബാദ് ജില്ലയിലെ സാനന്ത് താലൂക്കിലെ നവ്പുര ഗ്രാമത്തിൽ മെയ്‌ മൂന്നിനാണ് സംഭവം. വെള്ളം നിറച്ച കുടം തലയിൽ വെച്ച് നൂറ് കണക്കിന് സ്ത്രീകളാണ് സാമൂഹിക അകലമൊന്നും പാലിക്കാതെ ഘോഷയാത്രയുടെ ഭാഗമായത്.

 

ഗ്രാമത്തിലെ ബലിയാദേവ് ക്ഷേത്രത്തിലേക്കായിരുന്നു ഘോഷയാത്ര. ക്ഷേത്രത്തിന് മുകളിൽ കയറി ആളുകൾ കുടത്തിലെ വെള്ളം താഴേക്ക് ഒഴിക്കുന്നതും ചില വീഡിയോയിൽ കാണാം.

ബലിയാദേവ് ക്ഷേത്രത്തിൽ ജലം കൊണ്ട് അഭിഷേകം നടത്തിയാൽ കോവിഡ് ഇല്ലാതാകുമെന്ന വിശ്വാസത്തിലാണ് ഗ്രാമീണർ മത ഘോഷയാത്രയിൽ ഒത്തുകൂടിയതെന്ന് പൊലീസ് പറഞ്ഞു.