ന്യൂഡൽഹി: സോണിയ ഗാന്ധിക്കെതിരെ വിവാദപരാമർശം നടത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചു താക്കീത് ചെയ്തു. പ്രധാനമന്ത്രിയിൽനിന്ന് നേരിട്ടു താക്കീതു ലഭിച്ചതിനെ തുടർന്ന് ഗിരിരാജ് സിങ് സങ്കടം സഹിക്കാനാകാതെ വിതുമ്പിയെന്നാണു റിപ്പോർട്ടുകൾ.

എന്നാൽ, ഇക്കാര്യം ഗിരിരാജ് പിന്നീട് നിഷേധിച്ചു. മോദിയെ താൻ കണ്ടിട്ടില്ലെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ അടിസ്ഥാനമില്ലാത്തതാണെന്നുമാണ് ഗിരിരാജ് പറഞ്ഞത്.

ഇന്ന് രാവിലെ നടന്ന ബിജെപിയുടെ പാർലമെന്ററി ബോർഡ് മീറ്റിങ്ങിലാണ് സംഭവം. മോദിക്കു മുമ്പിൽ ഗിരിരാജ് സിങ് വിതുമ്പിയതായാണ് റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രി സ്മൃതി ഇറാനി സിംഗിനെ സമാധാനിപ്പിച്ചെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാർത്ത പുറത്ത് വന്ന് മിനിറ്റുകൾക്കകം താൻ മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ കരഞ്ഞെന്ന് ആരാണ് പറഞ്ഞതെന്നും ആരാണ് അത് കണ്ടതെന്നും അദ്ദേഹം ചോദിച്ചു.

തൊലിവെളുപ്പുള്ളതു കൊണ്ടാണു കോൺഗ്രസ് സോണിയ ഗാന്ധിയെ നേതാവായി അംഗീകരിച്ചതെന്നും നൈജീരിയക്കാരിയായിരുന്നുവെങ്കിൽ സോണിയയെ കോൺഗ്രസ് അംഗീകരിക്കുമായിരുന്നോ എന്നുമായിരുന്നു ഗിരിരാജ് സിംഗിന്റെ വിവാദ പരാമർശം.

പരാമർശം വിവിധ കോണുകളിൽ നിന്നുള്ള കടുത്ത എതിർപ്പിനു കാരണമായിരുന്നു. ഇതെത്തുടർന്ന് ഗിരിരാജ് സിങ്ങ് ലോക്‌സഭയിൽ മാപ്പുപറയുകയും ചെയ്തു. സഭയിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടർന്നാണ് മന്ത്രി മാപ്പുപറഞ്ഞത്.

ബിഹാറിലെ നവാദ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലെത്തിയ ബിജെപി എംപിയാണ് ഗിരിരാജ് സിങ്. ലൈംഗികവും വർഗീയവുമായ അതിഗുരുതര അധിക്ഷേപമാണ് ഗിരിരാജ് സിങ് നടത്തിയിരിക്കുന്നതെന്നും ഇതിനെ പിന്തുണക്കുന്നുണ്ടോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

2014 ഏപ്രിൽ 19ന് ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മറ്റൊരു വിവാദ പ്രസ്ഥാവനയും സിങ് നടത്തിയിരുന്നു. മോദിയെ എതിർക്കുന്നവർ പാക്കിസ്ഥാനിൽ പോയി ജീവിക്കട്ടെ എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. മറ്റു രണ്ടിടങ്ങളിൽ സമാനമായ വിവാദ പ്രസ്ഥാവനകൾ നടത്തിയതിന് അദ്ദേഹത്തിനെതിരെ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.