- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് കോവിഡ് വ്യാപനം; ആന്റി വൈറൽ മരുന്നായ റെംഡെസിവിർ കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ ആന്റി വൈറൽ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാകുന്നത് വരെ റെംഡെവിർ ഇൻജക്ഷൻ, റെംഡെസിവിർ മരുന്നിന്റെ ഘടകങ്ങൾ എന്നിവയുടെ കയറ്റുമതി നിരോധിച്ചതായി അറിയിച്ചുകൊണ്ട് ഉത്തരവിറക്കി.
യുഎസ്സിലെ ഗിലീഡ് സയൻസുമായുള്ള കരാർ പ്രകാരം ഏഴ് ഇന്ത്യൻ കമ്പനികളാണ് റെംഡെിവിർ നിർമ്മിക്കുന്നത്. കൂടുതൽ ആളുകൾക്ക് മരുന്ന് ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ, റെംഡെസിവിറിന്റെ നിർമ്മാതാക്കൾ അവരുടെ വിതരണക്കാരുടേതുൾപ്പടെയുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. റെംഡിസിവിറിന്റെ ഉത്പാദനം വർധിപ്പിക്കുന്നതിനായി ഫാർമസ്യൂട്ടിക്കൽ വകുപ്പ് ആഭ്യന്തര മരുന്ന് നിർമ്മാതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
'ഏപ്രിൽ 11 വരെ 11.08 ലക്ഷം സജീവ കേസുകളാണ് ഇന്ത്യയിലുള്ളത്, തന്നെയുമല്ല കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ കുത്തിവെപ്പിനുള്ള ആവശ്യം വർധിപ്പിച്ചു. കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഈ മരുന്നിന്റെ ആവശ്യം ഇനിയും ഉയരാൻ സാധ്യതയുണ്ട്' സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കോവിഡിനായുള്ള ദേശീയ ക്ലിനിക്കൽ മാനേജ്മെന്റ് പ്രൊട്ടോക്കോൾ ഒരു പരീക്ഷണാത്മക ചികിത്സയായിട്ടാണ് റെംഡെസിവിറിനെ ചികിത്സയുടെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
കോവിഡു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടിയാണ് റെംഡെസിവർ രോഗികൾക്ക് നൽകുന്നത്. ഈ മരുന്നിന് കോവിഡ് രോഗികളിൽ ഫലപ്രദമായ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം കോവിഡിനെതിരേ ഫലപ്രദമാണെന്ന് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് ലോകാരോഗ്യ സംഘടന കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയിൽ നിന്ന് റെംഡെസിവിർ നീക്കം ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക്