മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്നതിനിടെ രോഗബാധിതരുടെ ചികിത്സയ്ക്കുപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്റെ എംആർപി അമ്പത് ശതമാനത്തോളം വെട്ടികുറച്ച് കേന്ദ്രസർക്കാർ. റെംഡെസിവിറിന്റെ ഒരു ഇൻജക്ഷന് 2450 രൂപയേ ആകുകയുള്ളെന്നാണ് വിവരം.

കോവിഡ് രോഗികൾക്ക് ആശ്വാസമാകുന്ന തീരുമാനമാണ് കേന്ദ്രത്തിന്റേതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേർസ് മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മരുന്നു നിർമ്മാണ കമ്പനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരുത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

കാഡില ഹെൽത്‌കെയർ, സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹെറ്റെറോ ലാബ്‌സ്, ജൂബിലിയന്റ് ഫാർമ, മൈലൻ ലബോറട്ടറീസ്, സിൻജീൻ ഇന്റർനാഷനൽ എന്നീ മരുന്നു നിർമ്മാണ കമ്പനികൾക്കാണ് നിർദ്ദേശം പോയിരിക്കുന്നത്.