പലരും നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഉറക്കമില്ലായ്മ. ഇൻസോമാനിയ എന്ന രോഗത്തിന്റെ തുടക്കമാണിതെന്നാണ് ഗവേഷകയായ ജോണ വാലോസെയ്ക്ക് പറയുന്നത്. മൂന്നിലൊരാളിൽ കണ്ടു വരുന്ന ഈ അവസ്ഥ പൊണ്ണത്തടി, ഏകാഗ്രതയില്ലായ്മ, ഹൃദയാരോഗ്യം , വിഷാദം കൂടാതെ നേരത്തെയുള്ള മരണം എന്നിവയ്ക്കും കാരണമാകുന്നു. ഉറക്കമില്ലായ്മ അകറ്റാൻ ചില പൊടിക്കൈകൾ ശീലിക്കാം. 

1. മെഡിറ്റേഷൻ ശീലമാക്കാം
ക്ഷീണിക്കുമ്പോൾ സ്വാഭാവികമായും ഉറക്കം വരും എന്നാൽ ആവശ്യമില്ലാത്ത ചിന്തകളും ആധികളും ഉറക്കത്തെ അകറ്റി നിർത്താം ഇത് അസ്വസ്ഥതകൾക്കു വഴിയൊരുക്കുകയും ചെയ്യും. രാത്രി ഉറങ്ങാതിരുന്നാൽ അടുത്ത ദിവസത്തെയും അത് ബാധിക്കും.
സ്ട്രസ്സ് ലെവൽ ഹോർമോണിന്റെ അളവ് എത്ര കൂടുന്നോ ഉറക്കം അത്ര കുറയും. ഡീപ്പ് ബ്രീത്തിങ്ങ്, മസ്സിൽ റിലാക്സേഷൻ മുതലായവ ടെൻഷൻ അകറ്റാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

മെഡിറ്റേഷൻ നല്ല ഉറക്കം കിട്ടുന്നതിന് ഏറെ ഉപയോഗപ്രദമാണ്. റിലാക്സേഷൻ, മെഡിറ്റേഷൻ, മാനസീക അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള വ്യായാമങ്ങൾ തുടങ്ങിയവ ഏകാഗ്രത കൂട്ടും. സമ്മർദ്ദങ്ങളെ ഒഴിവാക്കുകയും ചെയ്യും. ഇതിലൂടെ നമ്മുടെ ശാരീരികവും മാനസീകവുമായ എല്ലാത്തിനെയും നിയന്ത്രിക്കാനും ദിവസം മുഴുവൻ മന:ശ്ശാന്തിയുണ്ടാക്കാനും സാധിക്കും. യോഗ ക്ലാസ്സിനു പോയോ മെഡിറ്റേഷൻ ആപ്പ് ഡൗൺലോഡ് ചെയ്തോ ഇത് ചെയ്യാം

2. ഉറങ്ങാം ചിട്ടയോടെ
എന്നും ഒരെ സമയത്ത് ഉറങ്ങാൻ ശീലിക്കുക. ഉറങ്ങാൻ തടസ്സങ്ങളുണ്ടെങ്കിൽ ക്ഷീണിക്കുമ്പോൾ മാത്രം ഉറങ്ങാൻ പോവുക. ഉറങ്ങാനും എഴുന്നേൽക്കാനും കൃത്യമായ സമയ ക്രമീകരണം ഉണ്ടാക്കുക.

3.ആഹാരം, കോഫി, ആൽക്കഹോൾ എന്നിവയോട് നോ പറയാം
ഉറക്കമില്ലായ്ക്കു പ്രധാന കാരണക്കാരാണ് കോഫി, ആൽക്കഹോൾ, അമിത ആഹാരം തുടങ്ങിയവ. ഇവയെല്ലാം രാത്രിയിലും നമ്മുടെ തലച്ചോർ ഉണർന്നു പ്രവർത്തിക്കാൻ കാരണക്കാരാണ്. ഇവയുടെ ഉപയോഗം പകൽ സമയങ്ങളിൽ തന്നെ നിർത്തണം. മദ്യത്തിന്റെ ഉപയോഗം വേഗം ഉറങ്ങാൻ സഹായിക്കും എന്നാൽ ഇടയ്ക്കിടെ ഉണരാനുള്ള സാധ്യതയുണ്ട്, അത് അടുത്ത ദിവസം ക്ഷീണമുണ്ടാക്കും.

4. വെളിച്ചത്തിനും കട്ട് പറയാം
ഫോണുകളിലെ വെളിച്ചം ഉണർന്നിരിക്കാൻ കാരണക്കാരനാണ്. പ്രേത സിനിമകളല്ല പലപ്പോഴും നമ്മുടെ ഉറക്കം കെടുത്തുന്നത് വെളിച്ചങ്ങളാണ്. കിടക്ക ശാന്തമായ ഉറക്കത്തിനും സ്നേഹബന്ധങ്ങൾക്കും ഉള്ളതാണെന്നു തിരിച്ചറിയുക.ഫോണുകളും മറ്റ് യന്ത്രങ്ങളും കിടക്കയിലേക്കു കൊണ്ടു പോകാതിരിക്കുക.

5. ശാന്തമായ അന്തരീക്ഷം ഉണ്ടാക്കാം
വെളിച്ചം കുറയ്ക്കുക. രാത്രിയിൽ കുളിക്കുന്നതും ശരീരത്തെയും മനസ്സിനെയും ശാന്തമാക്കാനും നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കും.

6. വാച്ചിൽ നോക്കാതിരിക്കാം
ക്ലോക്കിലെ സൂചി നീങ്ങുന്നത് നോക്കിയിരിക്കുന്നത് ഉറക്കത്തെ തടയും.

ഉറക്കമില്ലായ്മ എന്തുകൊണ്ട്
കിടന്ന് അരമണിക്കൂറിനു ശേഷവും ഉറക്കം കിട്ടുന്നില്ലെങ്കിൽ കിടക്കയിൽ നിന്നും എഴുന്നേറ്റ് മറ്റൊരു റൂമിൽ അരണ്ട വെളിച്ചത്തിൽ പുസ്തകം വായിക്കുകയോ മറ്റോ ചെയ്യാം. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ടി.വി. തുടങ്ങിയവ ഒഴിവാക്കണം. ഉറക്കം വരുമ്പോൾ മാത്രം ഉറങ്ങുക.

ഓർക്കേണ്ടവ
പ്രായത്തിനനുസരിച്ച് നമ്മുടെ ശരീരത്തിനു ലഭിക്കേണ്ട ഉറക്കത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കും. ഉറക്കത്തിനിടയിലുള്ള ഞെട്ടിയുണരലുകൾ സ്വാഭാവികം മാത്രമാണ്. രാത്രി ഉറക്കമില്ലെന്ന കാരണത്താൽ പകൽ ഉറങ്ങുന്നത് ഒഴിവാക്കുക. ഉറങ്ങുന്നതിൽ തുടർച്ചയായി ബുദ്ധിമുട്ടുണ്ടാകുകയാണെങ്കിൽ ഡോക്ടറിനെ കാണുന്നതാണ് ഉത്തമം.

കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി എന്ന ചികിത്സയിലൂടെ ഇൻസോമാനിയ എന്ന അവസ്ഥയ്ക്കു പരിഹാരം കാണാനാകും. ഒരു സ്ലീപ്പ് തെറാപ്പിസ്റ്റിനെ കാണുന്നതും നന്നായിരിക്കും. വീട്ടിലിരുന്ന് കാണാവുന്ന ഓൺലൈൻ പ്രോഗ്രാമുകളും ഇപ്പോൾ ലഭ്യമാണ്.