പാല: അധികാരരാഷ്ട്രീയത്തിന്റെ കഥകൾ മാത്രം കേട്ടുവളർന്ന ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷെ അത്രപെട്ടെന്ന് ഉൾക്കൊള്ളനായി എന്നുവരില്ല കെ എം ചുമ്മാർ എന്ന ചുമ്മാർ സാറിന്റെ ജീവിതം. പലപ്പോഴായി തന്റെ കൈക്കുമ്പിളിലേക്ക് എത്തിയ അധികാരത്തെ സന്തോഷപൂർവ്വം നിരസിച്ച് എന്നാൽ രാഷ്ട്രീയത്തിൽ സജീവമായി നിലകൊണ്ട വ്യക്തിത്വമായിരുന്നു ചുമ്മാർ സാറിന്റെത്.വാർധക്യസഹജമായ അസുഖത്തെത്തുടർന്നാണ് സ്വാതന്ത്ര്യസമര സേനാനിയും ചരിത്രകാരനും കോൺഗ്രസ് നേതാവുമായിരുന്ന കെ എം ചുമ്മാർ തന്റെ 88ാമത്തെ വയസ്സിൽ വിടവാങ്ങുന്നത്.

കോൺഗ്രസുകാരുടെ എല്ലാം അദ്ധ്യാപകനായിരുന്നു അദ്ദേഹം.നാട്ടുകാർക്കും പ്രിയപ്പെട്ടവർക്കും സഞ്ചരിക്കുന്ന വിജ്ഞാനകോശവും.അറിവിന്റെ ആകാശത്തിൽ ഓർമകളുടെ തമ്പുരാനായിരുന്നു ചുമ്മാർ, കെ.എം.ചുമ്മാറിനെക്കുറിച്ച് ഓർമിക്കുന്നവരുടെ മനസ്സിൽ ആദ്യം കടന്നുവരുന്നത് ഇങ്ങനെയാകും.അധികാരരാഷ്ട്രീയത്തിൽ നിന്ന് എന്നും അകന്നുനിന്ന വ്യക്തിത്വം കൂടിയാണു കെ.എം.ചുമ്മാർ. പൂഞ്ഞാർ ഉൾപ്പെടെയുള്ള നിയോജകമണ്ഡലങ്ങളിൽ മത്സരിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും താൽപര്യം കാണിച്ചിരുന്നില്ല.എങ്കിലും തിരഞ്ഞെടുപ്പു പ്രചാരണ വേദികളിൽ കോൺഗ്രസിന് ഒഴിച്ചുകൂടാനാകാത്ത ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. സാഹിത്യത്തിലുള്ള പാണ്ഡിത്യവും കുറിക്കു കൊള്ളുന്ന നർമവും കൊണ്ടു മർമം പിളർക്കുന്നതായിരുന്നു കെ.എം.ചുമ്മാറിന്റെ പ്രസംഗ ശൈലി.

വേഴാങ്ങാനം കാര്യങ്കൽ കെ.സി.ചുമ്മാറിന്റെയും ഏലിയാമ്മയുടെയും മൂത്ത മകനായി 1933 മെയ്‌ 15നായിരുന്നു ജനനം. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്‌കൂളിൽ ഏറെക്കാലം അദ്ധ്യാപകനായിരുന്നു. 1988ൽ പെരിങ്ങുളം സ്‌കൂളിൽ നിന്നു ഹെഡ്‌മാസ്റ്ററായി വിരമിച്ചു. 1989 മുതൽ 1996 വരെ കെപിസിസി അംഗമായിരുന്നു. ചരിത്രപണ്ഡിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, ലേഖകൻ, അദ്ധ്യാപകൻ എന്നീ നിലകളിലെല്ലാം ശോഭിച്ച അദ്ദേഹം കോൺഗ്രസിന്റെ ചരിത്രവും പ്രത്യയശാസ്ത്രവും സംബന്ധിച്ച് ഒട്ടേറെ പഠനക്ലാസുകളും പ്രസംഗങ്ങളും നടത്തി. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമിയിൽ 2 തവണ അംഗമായി.

ഇഎംഎസിന്റെ ഇസം, സഖാവ് കൃഷ്ണൻപിള്ളയെ കടിച്ച പാമ്പ് ആര്, സെന്റ് തോമസ് കോളജ് പാലാ (ചരിത്രം), ഇഎംഎസിനും മാർക്‌സിസ്റ്റ് പാർട്ടിക്കുമെതിരെ, മാർക്‌സിസ്റ്റ് പാർട്ടിയും ആദർശനിഷ്ഠയും, കേരള കോൺഗ്രസ് എങ്ങോട്ട്, ക്വിറ്റ് ഇന്ത്യ സമരവും കമ്യൂണിസ്റ്റ് പാർട്ടിയും, കോൺഗ്രസ് കേരളത്തിൽ, തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മറുപുറം തുടങ്ങി നിരവധി കൃതികളുടെ കർത്താവുകൂടിയാണ് ഇദ്ദേഹം.കഴിഞ്ഞ 50-60 വർഷത്തെ ഒട്ടേറെ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം നിധി പോലെ സൂക്ഷിച്ചിരുന്നു. സ്വന്തം നാട്ടുകാർക്ക് അറിവു പകരാൻ നാട്ടിൽ മികച്ച ഗ്രന്ഥശാല സ്ഥാപിക്കുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങി.

തങ്ങളുടെ യുവജന പ്രസ്ഥാനത്തിലെ പ്രവർത്തനകാലത്തു യൂത്ത് കോൺഗ്രസ്, കെഎസ്‌യു ക്യാംപുകളിൽ കെ.എം.ചുമ്മാറിന്റെ ക്ലാസ് ഒഴിവാക്കാനാകാത്ത ഘടകമായിരുന്നെന്നു മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നു. ചരിത്രത്തെക്കുറിച്ചും ഗാന്ധിജി, നെഹ്‌റു, പട്ടേൽ എന്നിവരെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഇന്നും ഓർക്കുന്നു. പ്രായാധിക്യം മൂലം യാത്ര ചെയ്യാൻ സാധിക്കാതെ വരുന്നതു വരെ അദ്ദേഹം കോൺഗ്രസ് വേദികളിൽ സജീവമായിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഊർജസ്വലനും തികഞ്ഞ ഗാന്ധിയനുമായ കെ.എം.ചുമ്മാറിനൊപ്പം നടന്ന വഴികൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഓർമിക്കുന്നു. 1984ൽ യൂത്ത് കോൺഗ്രസ് ക്യാംപിന് ഈരാറ്റുപേട്ടയിലെത്തി. തിരികെ രാത്രി മടങ്ങാൻ ബസില്ല. പാലായിലേക്കു നടക്കാൻ യുവാക്കൾ തീരുമാനിച്ചു. മുന്നിൽ കെ.എം.ചുമ്മാർ ഇറങ്ങിനടന്നു. ഈരാറ്റുപേട്ടയിൽ നിന്നു പാലാ വരെ കോൺഗ്രസിനെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിവുകൾ പങ്കുവച്ചുള്ള ആ നടപ്പ് തന്റെ മനസ്സിലുണ്ടെന്ന് തിരുവഞ്ചൂരും അനുസ്മരിക്കുന്നു.

1964ൽ സഹാധ്യാപികയായിരുന്ന പ്രവിത്താനം പ്ലാത്തോട്ടത്തിൽ അന്നക്കുട്ടിയെ വിവാഹം ചെയ്തു. ഒരു വർഷം കഴിഞ്ഞപ്പോൾ അന്നക്കുട്ടി മരിച്ചതിനെത്തുടർന്ന് എടത്വ പറപ്പള്ളിൽ മറിയമ്മയെ വിവാഹം കഴിച്ചു. മക്കൾ: തോമസുകുട്ടി (ദുബായ്), സജിമോൾ, സൈമൺ (യുഎസ്എ), സുനിൽ (അദ്ധ്യാപകൻ, ബ്രഹ്മാനന്ദോദയം എച്ച്എസ്എസ് കാലടി), ആൻസമ്മ, ഫിലിപ്പച്ചൻ (ഇംഗ്ലണ്ട്). പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.സംസ്‌കാരം ഇന്ന് 2നു വേഴാങ്ങാനം സെന്റ് ജോസഫ്‌സ് പള്ളിയിൽ.