തിരുവനന്തപുരം: പെഗസ്സസ് സ്പൈ വെയർ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്റെ സഭയിലെ മന്ത്രിമാരെ പോലും വിശ്വാസമില്ലാത്ത പ്രധാനമന്ത്രി ആണ് ഇന്ത്യ ഭരിക്കുന്നതെന്നു ചെന്നിത്തല കുറ്റപ്പെടുത്തി.സർക്കാരുകൾക്ക് മാത്രമാണ് പെഗസ്സസ് സേവനം നടത്തുന്നത്. ഇതിൽ നിന്നും മോദി സർക്കാരും ചാര പ്രവർത്തനം നടത്തി എന്നാണ് തെളിയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ സർക്കാർ മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സുപ്രീം കോടതി ജഡ്ജിയുടെ ഫോൺ പോലും ചോർത്തുന്ന ഒരു സർക്കാർ ഇന്ത്യ ഭരിക്കുമ്പോൾ സാധാരണക്കാരന്റെ സ്വകാര്യതയ്ക്ക് എത്ര സുരക്ഷ ഉണ്ടാകും എന്ന് നമുക്ക് ഊഹിക്കാം.പെഗസ്സസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കേന്ദ്ര സർകാർ നിർദേശ പ്രകാരം ചോർത്തിയത് രണ്ടു കേന്ദ്ര മന്ത്രിമാരുടെയും, മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും, നാൽപതിലേറെ മാധ്യമ പ്രവർത്തകരുടെയും ഫോൺ സംഭാഷണങ്ങളാണ്.

സർക്കാരുകൾക്ക് മാത്രമാണ് പെഗസ്സസ് സേവനം നടത്തുന്നത്. ഇതിൽ നിന്നും മോദി സർക്കാരും ചാര പ്രവർത്തനം നടത്തി എന്നാണ് തെളിയുന്നത്. തന്റെ സഭയിലെ മന്ത്രിമാരെ പോലും വിശ്വാസമില്ലാത്ത ഒരു പ്രധാനമന്ത്രി ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്ന് വ്യക്തമായി കഴിഞ്ഞു. എതിർ അഭിപ്രായമുള്ള വ്യക്തികളുടെ ഫോൺ സർകാർ തന്നെ ചോർത്തുന്ന ഈ നടപടി ജനാധിപത്യ വിരുദ്ധമാണ്. ഇത് അത്യന്തമായ ഒരു കുറ്റകൃത്യമാണ്. ഇതിന് സർക്കാർ വിശദമായ മറുപടി നൽകണം. ഉന്നത കുറ്റാന്വേഷണ ഏജൻസി വഴി അടിയന്തരമായി ഒരു അന്വേഷണത്തിന് സർക്കാർ ഉത്തറവിടണം,'' രമേശ് ചെന്നിത്തല പറഞ്ഞു

മോദി സർക്കാരിലെ നിലവിലെ രണ്ട് മന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഒരു സുപ്രീം കോടതി ജഡ്ജി, നാൽപ്പത് മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ ഫോൺ വിവരങ്ങൾ പെഗസ്സസ് സ്പൈ വെയർ ഉപയോഗിച്ച് ചോർത്തപ്പെട്ടു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ട്. എന്നാൽ റിപ്പോർട്ടിനെ കേന്ദ്ര സർക്കാർ തള്ളി. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കെട്ടിച്ചമച്ച കഥകളാണ് പ്രചരിക്കുന്നതെന്നും കേന്ദ്ര സർക്കാർ പ്രസ്താവനയിറക്കി. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്. 2019 ലും സമാനമായ ആരോപണം വന്നിരുന്നെന്നും എന്നാൽ അന്നും ഇത്തരം വാദങ്ങൾ തെറ്റാണെന്ന് വ്യക്തമായതാണെന്നും സർക്കാർ പറഞ്ഞു.