- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ അമ്മയുടെ കാമുകൻ വിറുകുകൊള്ളിക്ക് തല്ലിയത് വീട്ടിനകത്ത് മൂത്രമൊഴിച്ചതിന്; അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ കുഞ്ഞിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുത്തേക്കും; രമ്യയും രതീഷും റിമാൻഡിൽ; കുട്ടിക്ക് രണ്ടു ദിവസം കൂടി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസ
കണ്ണുർ:കണിച്ചാറിൽ അമ്മയുടെ സുഹൃത്തിന്റെ ക്രുരമർദ്ദനമേറ്റു പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഒരു വയസുകാരിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കാൻ നീക്കം തുടങ്ങി.
ഇതിനിടെ ഒരു വയസ്സുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മ കൊട്ടിയൂർ പാലുകാച്ചി വെട്ടത്ത് രമ്യ (24), അമ്മയുടെ സുഹൃത്ത് പുത്തൻവീട്ടിൽ രതീഷ് (39) എന്നിവരെ കൂത്തുപറമ്പ് ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. രമ്യ കാഞ്ഞങ്ങാട് വനിതാ സബ് ജയിലിലും രതീഷ് കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലുമാണ് റിമാൻഡിൽ കഴിയുന്നത്.
രമ്യയുടെ ആദ്യ വിവാഹത്തിലെ മൂന്നുമക്കളിൽ ഇളയവളാണ് മർദ്ദനമേറ്റ കുട്ടി. ഭർത്താവുമായി പിണങ്ങിയ രമ്യ മൂന്നുമാസമായി രതീഷിനൊപ്പമാണ് താമസം. വീട്ടിനകത്ത് മൂത്രമൊഴിച്ചതിന് രതീഷ് കുഞ്ഞിനെ വിറകുകൊള്ളികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചെന്നാണ് കേസ്. മുമ്പും പലതവണ ഇയാൾ കുഞ്ഞിനെ ഉപദ്രവിച്ചതായും പറയുന്നു. സംസ്ഥാന ബാലാവകാശ കമീഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്
കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് കണ്ണുർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുമായി ചർച്ച നടത്തി. കുട്ടിയുടെ അമ്മുമ്മ സുലോചനയാണ് ഇപ്പോൾ കുട്ടിയോടൊപ്പം ആശുപത്രിയിലുള്ളത്. പ്രായമായ ഇവർക്കും ഭർത്താവിനും കുഞ്ഞിനെ നോക്കാനുള്ള പ്രയാസവും സർക്കാർ പരിഗണിക്കുന്നുണ്ട്. എന്നാൽ ഇവരുടെ പൂർണ സമ്മതത്തോടു കൂടി മാത്രമേ ഏറ്റെടുക്കൽ നടക്കുകയുള്ളു.
പരിയാരത്തെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞ് ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. രണ്ടു ദിവസം കൊണ്ട് തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റാൻ കഴിയുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ പൂർണമായും സർക്കാർ ചെലവിലാണ് ചികിത്സ നടക്കുന്നത്.