തിരുവനന്തപുരം: ആലത്തൂരിലെ ഭീഷണിയിൽ ഗവർണർക്ക് പരാതി നൽകി രമ്യ ഹരിദാസ് എംപി. ഗവർണറെ നേരിൽ കണ്ട് പരാതി നൽകി. ഇതിനൊപ്പം ദേശീയ മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കും. നേരത്തെയും തനിക്കെതിരെ സിപിഎം പ്രവർത്തകരുടെ അതിക്രമം ഉണ്ടായിട്ടുണ്ട്. ഈ വിഷയത്തിൽ പൊലീസിൽ നിന്ന് നീതി കിട്ടിയിട്ടില്ലെന്ന് രമ്യ വിശദീകരിച്ചു.

ആലത്തൂരിൽ വച്ച് നേരത്തേയും തനിക്കെതിരെ സിപിഎം പ്രവർത്തകരുടെ അക്രമമുണ്ടായിട്ടുണ്ടെന്നും ഈ വിഷയത്തിലും പൊലീസിൽ നിന്ന് നീതി കിട്ടിയിട്ടില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. അതേസമയം പാലക്കാട് ആലത്തൂരിൽ രമ്യാ ഹരിദാസ് എംപിയെ സിപിഎം നേതാക്കൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് എതിരെ കേസ് എടുത്തേക്കും. കണ്ടാലറിയാവുന്ന 7 പേർക്കെതിരെ ആണ് പരാതി . രമ്യ ഹരിദാസിന് പിന്തുണയുമായി ഇതിനകം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

എംപി ക്ക് ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ് നേതാവ് പാളയം പ്രദീപ് ഭീഷണിപ്പെടുത്തി എന്ന് കാണിച്ച സിപിഎം നേതാക്കളും പരാതി നൽകിയിരുന്നു . ഈ പരാതിയിൽ പ്രദീപിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹരിത കർമ്മ സേനയുടെയും, പഞ്ചായത്ത് അംഗത്തിന്റെയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.

സിപിഎം പ്രവർത്തകർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ അടക്കമുള്ളവർക്കെതിരേയാണ് രമ്യ ഹരിദാസിന്റെ പരാതി. ഞായറാഴ്ച ഉച്ചക്ക് ശേഷം ആലത്തൂർ പൊലീസ് സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം. മണ്ഡലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന രമ്യ ഹരിദാസ് എംപി പൊലീസ് സ്റ്റേഷന് സമീപം ഹരിതകർമ സേന പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. ഈ സമയം ചില സിപിഎം പ്രവർത്തകർ തടയാനെത്തി എന്നാണ് രമ്യ ഹരിദാസ് ആരോപിക്കുന്നത്. ഒപ്പം മോശമായ വാക്കുകൾ ഉപയോഗിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും എംപി ആരോപിക്കുന്നു.

ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ അടക്കം എട്ടോള്ളം പേരാണ് ഉണ്ടായിരുന്നതെന്നാണ് എംപി പറയുന്നത്. നാസർ അടക്കമുള്ളവരാണ് വധഭീഷണി മുഴക്കിയതെന്നാണ് ആരോപണം. ആലത്തൂർ മണ്ഡലത്തിൽ ഇനി കാലുകുത്തിയാൽ കൊല്ലുമെന്ന് അടക്കുമുള്ള ഭീഷണിയുണ്ടായെന്നാണ് രമ്യ ഹരിദാസ് പറയുന്നത്. തുടർന്ന് അവർ തൊട്ടടുത്തുള്ള സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് അടക്കം എത്തിയാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്.