ഡാൻസിൽ എക്‌സ്‌പേർട്ടുകളാണ് ഇന്നത്തെ നായികമാർ. എന്നാൽ അവർക്കെല്ലാം തലൈവി ആയി മാറുകയാണ് പഴയ കാലതാരം രമ്യാകൃഷ്ണൻ. ബാഹുബലിയിയിലെ ശിവകാമിയായി പ്രേക്ഷകരെ കോരി തരിപ്പിച്ച രമ്യാ കൃഷ്ണന്റെ കിടിലൻ ഡാൻസ് പെർഫോമൻസാണ് ഇത്തവണ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

സൂര്യയ്‌ക്കൊപ്പമാണ് രമ്യാ കൃഷ്ണന്റെ കിടിലൻ ഡാൻസ്. താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. രമ്യയുടെയും സൂര്യയുടെയും തകർപ്പൻ ഡാൻസ് പെർഫോമൻസ് പുറത്ത് വന്നതോടെ പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുകയാണ് ഈ ടൈറ്റിൽ സോങ് ടീസർ.

ആദ്യ ഗാനം പോലെ തന്നെ ഈ പാട്ടിനേയും മാസ് എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനില്ല. മുണ്ടുടുത്ത് ആടിപ്പാടുകയാണ് സൂര്യ. അതേ ലുക്കിൽ ഒപ്പം രമ്യ കൃഷ്ണനുമുണ്ട്. പാട്ടിന്റെ പ്രധാന ആകർഷണം ഇവരുടെ ഡാൻസ് തന്നെ. യുവനടിമാരെ പോലും വെല്ലും രമ്യയുടെ ഡാൻസ് എന്ന് എടുത്തു പറയണം. യുട്യൂബിൽ തരംഗമാണ് ഈ ഗാനം.

അനിരുദ്ധ് രവിചന്ദറിന്റേതാണ് ഈണം. അത്രമേൽ ഊർജസ്വലതയോടെ പാടിയതും അനിരുദ്ധ് തന്നെ. സംവിധായകൻ വിഗ്‌നേഷ് ശിവനാണു ഗാനരചന. ഭാഷാഭേദമന്യേ കേൾവിക്കാർ ആരെയും ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന മറ്റൊരു തമിഴ് ഗാനമാകുകയാണ് ഇതും.

പാട്ടിന്റെ ടീസർ തന്നെ വൻ ഹിറ്റ്. അപ്പോൾ പാട്ടിന് കിട്ടുന്ന സ്വീകാര്യതയെ കുറിച്ച് പറയേണ്ടതില്ലല്ലോ. പാട്ടിന്റെ ഫുൾ വിഡിയോ ഉടൻ പുറത്തിറങ്ങും. കീർത്തി സുരേഷ് ആണു നായിക. ചിത്രം ഈ വർഷം ജൂലൈയിൽ പുറത്തിറങ്ങും.