- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭദ്രകാളി ഉപാസകനായ ഗുരുജിയിൽ നിന്നും അനുഗ്രഹം വാങ്ങി പാർട്ടിയെ ഞെട്ടിച്ച പക്വത! പൊങ്കാലയുടെ മാലിന്യവും ഹിറ്റാച്ചികളും മാത്രമല്ല നഗരസഭയ്ക്ക് ഉണ്ടായിരുന്ന ടിപ്പറുകളും കാണാനില്ല; നഗരസഭ ക്ലാസ്സ് റൂം അല്ല ഇങ്ങനെ കരഞ്ഞ് വിളിക്കാൻ; ചോദ്യങ്ങളുമായി വീണ്ടും കരമന അജിത്ത്; തിരുവനന്തപുരം മേയർ ഉരുണ്ടുകളിക്കുന്നുവോ?
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ നടന്ന അഴിമതി ആരോപണങ്ങളിൽ മേയർ ആര്യാ രാജേന്ദ്രൻ മറുപടി നൽകിയില്ലേ? ഇല്ലെന്നാണ് ബിജെപി കൗൺസിലർ കരമന അജിത്ത് വിശദീകരിക്കുന്നത്. വേണ്ടത് ഉത്തരങ്ങളാണ്.. കരച്ചിലല്ല.. എ.കെ.ജി സെന്ററിലെ എൽ.കെ.ജി കുട്ടി എന്ന വിശേഷണം മാറ്റേണ്ടത് പക്വത പ്രവൃത്തിയിൽ കൊണ്ട് വന്നിട്ടാണ് അല്ലാതെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാൻ നിലവിളിച്ചിട്ടും മേയറുടെ അഴിമതികളിൽ അന്വേഷണം വേണം എന്ന ആവശ്യം വോട്ടിനിട്ട് തള്ളി ഭയന്നോടിയുമല്ല-ഇതാണ് മേയറോട് കരമന അജിത്തിന് ചോദിക്കാനുള്ളത്.
ഈ സാഹചര്യത്തിൽ മൂന്ന് നിർണ്ണായക ചോദ്യങ്ങളും മേയറോട് കരമന അജിത്ത് ചോദിക്കുന്നു. എകെജി സെന്ററിലെ എൽകെജി കുട്ടിയെന്ന ബിജെപി കൗൺസിലറുടെ പരാമർശത്തിൽ പൊട്ടിത്തെറിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ താരമായി എന്ന തരത്തിൽ സൈബർ സഖാക്കളുടെ പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമാണ്. ആരും ഓടിളക്കി വന്നവരല്ലെന്നും തന്റെ പക്വത അളക്കാൻ വരേണ്ടെന്നും മേയർ മറുപടി പറഞ്ഞതാണ് ഇതിന് കാരണം. എന്നാൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാനാണ് കരമന അജിത്തിന്റെ ആവശ്യം.
തിരുവനന്തപുരം നഗരസഭയുടെ ഹിറ്റാച്ചികൾ കാണുന്നില്ലെന്നായിരുന്നു ബിജെപി കൗൺസിലർ കരമന അജിത്ത് ഉന്നയിച്ച ആരോപണം. നഗരസഭയ്ക്ക് സ്വന്തമായി രണ്ട് ഹിറ്റാച്ചിയുണ്ട്. ഏതാണ്ട് 70 ലക്ഷം രൂപ മുടക്കിയാണ് രണ്ടും വാങ്ങിയത്. കുറെ മാസങ്ങളായി രണ്ടും കാണാനില്ല. അന്വേഷിക്കുമ്പോൾ ഒരിടത്ത് നിന്നും തൃപ്തികരമായ മറുപടി അല്ല എനിക്ക് ലഭിച്ചത്. എവിടെ ചോദിച്ചാലും ആർക്കും അറിയില്ല, അവിടെ കാണും, ഇവിടെ കാണും, എവിടെയോ കാണും എന്നൊക്കെയുള്ള മറുപടികളാണ് കിട്ടിയത്-ഇതായിരുന്നു കരമന അജിത്ത് ഉന്നയിച്ച ആരോപണം. എന്നാൽ ഇതിന് മാത്രം മേയർ മറുപടി നൽകിയില്ല.
എന്തായാലും അതിന്റെ പുറകേ അന്വേഷിച്ചിറങ്ങാമെന്ന് ഞാനും കരുതി.. കാരണം എകെജി സെന്ററിലെ എൽകെജി കുട്ടികൾക്ക് മേയർ കസേരയിലിരുന്ന് കളിച്ച് നശിപ്പിക്കാനുള്ളതല്ലല്ലോ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് വാങ്ങുന്ന ലക്ഷങ്ങളുടെ മുതലുകൾ. എന്നായിരുന്നു കരമന അജിത്ത് ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണം. ഈ വാചകങ്ങൾക്ക് ബഹളത്തിനിടെ മറുപടി നൽകി താരമാകാനാണ് ശ്രമമെന്ന് ബിജെപി ആരോപിക്കുന്നു. മേയറായ ശേഷം സ്വാമിയെ പോയി കണ്ടത് പക്വതയുടെ ഭാഗമാണോ എന്ന ചോദ്യവും ബിജെപി ഉയർത്തുന്നുണ്ട്.
21 വയസുകാരിയായ ആര്യാ രാജേന്ദ്രനെ മേയർ ആക്കിയ സിപിഎം അന്നത് വലിയ നേട്ടമായി ആഘോഷിച്ചിരുന്നെങ്കിലും തുടർച്ചയായി സൃഷ്ടിക്കുന്ന വിവാദങ്ങളിലൂടെ തിരുവനന്തപുരം മേയർ ഇന്ന് സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മേയറായി തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ബിജെപി പ്രതിനിധികൾക്കൊപ്പം എൻഎസ്എസ് സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ടാണ് വിവാദങ്ങളുടെ ഘോഷയാത്രയ്ക്ക് യുവമേയർ തിരികൊളുത്തിയത്. അതിന് ശേഷം പിതാവിനൊപ്പം ഭദ്രകാളി ഉപാസകനായ മന്ത്രവാദിയുടെ അനുഗ്രഹം തേടി മേയറെത്തിയതും ഏറെ വിവാദമായി.
സൂര്യനാരായണൻ ഗുരുജി എന്ന ആ മന്ത്രവാദി തന്നെ മേയർക്കൊപ്പമുള്ള ചിത്രം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വാർത്ത പുറംലോകമറിഞ്ഞത്. ഇതിനു ശേഷമാണ് ആറ്റുകാലിലെയും ഹിറ്റാച്ചിയിലേയും വിവാദങ്ങൾ. ഇതിനെ എല്ലാം മേയറുടെ പക്വത പ്രയോഗത്തിലൂടെ മറികടക്കാനാണ് സൈബർ സഖാക്കളുടെ ഉദ്ദേശം. അതിനിടെയാണ് വീണ്ടും ചോദ്യവുമായി കരമന അജിത്ത് എത്തുന്നത്.
കരമന അജിത്ത് ഇന്നിട്ട ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
പൊങ്കാലയുടെ മാലിന്യവും, ഹിറ്റാച്ചികളും മാത്രമല്ല നഗരസഭയ്ക്ക് ഉണ്ടായിരുന്ന ടിപ്പറുകളും കാണാനില്ല.
നഗരസഭ ക്ലാസ്സ് റൂം അല്ല ഇങ്ങനെ കരഞ്ഞ് വിളിക്കാൻ....
ഒരു ആരോപണം ഉന്നയിക്കുമ്പോൾ ആ ആരോപണത്തിന് മറുപടി തരേണ്ടത് വസ്തുനിഷ്ടമായാണ്. അല്ലാതെ എന്നെ പിച്ചി, എന്നെ മാന്തി, നിങ്ങൾക്ക് അനിയത്തിയില്ലേ അമ്മയില്ലേ എന്നൊക്കെ കരഞ്ഞ് വിളിച്ചിട്ടല്ല.
പൊങ്കാല നടന്നില്ലേലും അതിന്റെ മാലിന്യം നീക്കം ചെയ്യാൻ 21 ടിപ്പറുകൾ വാടകയ്ക്കെടുത്ത അഴിമതി നിങ്ങൾക്ക് അറിവുള്ളതാണല്ലോ... അഴിമതി അവിടെ തീരുന്നില്ല...
നഗരസഭയ്ക്ക് സ്വന്തമായി 15 ടിപ്പറുകളുണ്ട്... അതിൽ 12 എണ്ണം കവേർട് ടിപ്പറുകളും 3 എണ്ണം ഓപ്പൺ ടിപ്പറുകളും... 12 കവേർഡ് ടിപ്പറുകളിൽ 7 എണ്ണം മാസങ്ങളായി കട്ടപ്പുറത്ത്... 3 ഓപ്പൺ ടിപ്പറുകളിൽ 1 എണ്ണവും കട്ടപ്പുറത്ത്...
ഇത്രയും ഉണ്ടായിട്ടാണ് സിപിഏം കാരുടെ ഉടമസ്ഥതയിലുള്ള ടിപ്പറുകൾ ഭീമമായ തുകയ്ക്ക് വാടകയ്ക്കെടുത്ത് ഇല്ലാത്ത മാലിന്യം മാറ്റിയത്.
എന്തുകൊണ്ട് മുകളിൽ പറഞ്ഞ കേടായ ടിപ്പറുകൾ നന്നാകുന്നില്ല എന്നതിന്റെ ഉത്തരം കിട്ടിയല്ലോ.... പൊങ്കാല എന്നാണെന്ന് മാസങ്ങൾക്ക് മുമ്പേ അറിവുള്ളതാണ്... മാലിന്യം നീക്കാൻ ടിപ്പറുകൾ വേണ്ടി വരും എന്നും അറിയാവുന്നതാണ്. എന്ത്കൊണ്ട് നേരത്തെ നന്നാക്കാനുള്ള നടപടികൾ സ്വീകരിച്ചില്ല എന്നത് ചോദ്യമാണ്... ആ ചോദ്യം വരുംബോൾ അമ്മയില്ലേ പെങ്ങളില്ലേ എന്ന കരച്ചിലല്ല മറുപടി ആയി തരേണ്ടത്...
ഇനി നഗരസഭയുടെ ബാക്കിയുള്ള ഏഴു ടിപ്പറുകളും പൊങ്കാല ദിവസം ഉപയോഗിച്ചതായി എങ്ങും കാണുന്നില്ല. അവ പോലും ഉപയോഗിക്കാതെയാണോ സഖാക്കളുടെ ലോറികൾ ഭീമമായ തുകയ്ക്ക് വാടകയ്ക്ക് എടുത്തത് ???
കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ച ചോദ്യങ്ങൾക്കും മറുപടിയില്ല... പൊതുജനങ്ങൾക്കായി വീണ്ടും ആവർത്തിക്കാം...
1. എത്ര മാസം മുമ്പാണ് ഹിറ്റാച്ചികൾ കേടായത് ??
2. എന്നാണ് അത് തീർക്കാനുള്ള നടപടികൾ സ്വീകരിച്ചത് ??
3. എന്ന് ഇതിന്റെയൊക്കെ പണി തീരും ??
പൊതുജനത്തിന്റെ കാശാണ്... അവർ അറിയട്ടെന്നേ എത്ര നാളായി അവ കട്ടപ്പുറത്താണെന്നും എന്ന് മാത്രമാണ് നടപടിയെടുത്തതെന്നും എന്താണ് നടപടി എടുത്ത ശേഷമുള്ള അവസ്ഥയെന്നും...
വേണ്ടത് ഉത്തരങ്ങളാണ്.. കരച്ചിലല്ല..
എ.കെ.ജി സെന്ററിലെ എൽ.കെ.ജി കുട്ടി എന്ന വിശേഷണം മാറ്റേണ്ടത് പക്വത പ്രവൃത്തിയിൽ കൊണ്ട് വന്നിട്ടാണ് അല്ലാതെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാൻ നിലവിളിച്ചിട്ടും മേയറുടെ അഴിമതികളിൽ അന്വേഷണം വേണം എന്ന ആവശ്യം വോട്ടിനിട്ട് തള്ളി ഭയന്നോടിയുമല്ല.
മറുനാടന് മലയാളി ബ്യൂറോ