ന്യൂഡൽഹി: കോൺഗ്രസിന്റെ ഓൺലൈൻ പ്രചാരണങ്ങൾ നയിക്കാൻ കർ്ണ്ണാടകയിൽ നിന്നുള്ള എംപിയും നടിയുമായ രമ്യ സ്പന്ദന എത്തുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാന പ്രകാരമാണിത്. 2012 ലാണ് തെന്നിന്ത്യിലെ ഗ്ലാമർതാരം കോൺഗ്രസിൽ ചേർന്നത്.

ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചനം. അഞ്ചു വർഷമായി പാർട്ടിയുടെ ഓൺലൈൻ പ്രചാരണ ചുമതലയുള്ള ദീപീന്ദർ ഹൂഡയെ മാറ്റിയാണ് രമ്യയെ നിയമിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടലുകൾ നടത്തുന്ന രമ്യയുടെ നേതൃത്വം പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് രാഹുൽ ഗാന്ധിയുടെ വിലയിരുത്തൽ. സോഷ്യൽ മീഡിയയിൽ രമ്യയുടെ പോസ്റ്റുകൾക്ക് ലഭിക്കുന്ന പിന്തുണയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് രാഹുലിനെ എത്തിച്ചത്. നാലു ലക്ഷത്തിലധികം ഫോളോവേഴ്സാണ് രമ്യയ്ക്ക് ട്വിറ്ററിലുള്ളത്.

ബിജെപിയെ കടന്നാക്രമിച്ചുള്ള രമ്യയുടെ ട്വീറ്റുകൾക്ക് ലഭിക്കുന്ന വൻ പ്രതികരണങ്ങളാണ് പുതിയ ചുമതലയിലേക്ക് നയിച്ചത്. സുക്മയിൽ 25 സൈനികർ കൊല്ലപ്പെട്ടപ്പോൾ ബിജെപി സർക്കാരിനു കീഴിൽ സൈനികരും, സാധാരണക്കാരും, ആധാർ വിവരങ്ങളുമടക്കം ആരും സുരക്ഷിതരല്ലെന്നായിരുന്നു രമ്യയുടെ ട്വീറ്റ്. നരകത്തിലേക്കല്ലെങ്കിൽ പാക്കിസ്ഥാനിലേക്ക് പോകൂ എന്ന മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന് മറുപടിയായി പാക്കിസ്ഥാൻ നരകമല്ല ഒരു നല്ല രാജ്യമാണ് എന്ന് രമ്യയുടെ ട്വീറ്റ് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു.

രമ്യയുടെ പുതിയ ചുമതല സംബന്ധിച്ച് പ്രതികരിക്കാൻ കോൺഗ്രസ് വക്താവ് അജോയ് കുമാർ തയ്യാറായില്ല. എന്നാൽ സോഷ്യൽ മീഡിയ ഇടപെടലുകളിലെ പോരായ്മ പരിഹരിക്കാൻ പാർട്ടി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രമ്യയുടെ ഓൺലൈൻ ഇടപെടലുകളെ നേരത്തെ ശശി തരൂർ എംപി പ്രശംസിച്ചിരുന്നു.