കുവൈറ്റ് സിറ്റി: രാജ്യത്തുള്ള എല്ലാ പ്രവാസികളുടേയും ഫാമിലി വിസിറ്റ് വിസകൾ പുതുക്കാൻ നിർദ്ദേശം. ഇതു സംബന്ധിച്ച മാർഗനിർദ്ദേശം ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷേക്ക് ഖാലിദ് അൽ ജറാ റെസിഡന്റ്‌സ് അഫേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർമാർക്ക് നൽകി. സന്ദർശക വിസാ കാലാവധി കഴിഞ്ഞവർക്ക് പിഴ അടച്ച ശേഷം വിസ പുതുക്കാമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നതായും പ്രാദേശിക പത്രമായ അൽ അൻബ വ്യക്തമാക്കി.

വിസിറ്റ് വിസ കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവർക്ക് ഏറെ പ്രയോജനം ലഭിക്കുന്നതാണ് പുതിയ നിർദേശമെന്നും വിലയിരുത്തുന്നു. അതേസമയം രാജ്യത്ത് കുടുങ്ങിയപ്പോയ സിറിയക്കാർക്കുള്ള വിസ പുതുക്കിനൽകുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. ആദ്യ ദിവസം തന്നെ 2700 സിറിയക്കാർ വിസ പുതുക്കിയിട്ടുണ്ട്. സന്ദർശക വിസ മൂന്നു മാസത്തിനു ശേഷം പുതുക്കി നൽകാറില്ലെങ്കിലും സിറിയയിലെ കലാപം കാരണം തിരിച്ചു പോകാൻ സാധിക്കാത്തവർക്കാണ് വിസ പുതുക്കി നൽകിയത്.