- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയാണ് ഇ ശ്രീധരന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം; ആളുകളെ ആവശ്യത്തിലധികം ഊതി വീർപ്പിക്കുമ്പോഴുള്ള ദുരന്തമാണ് ഇക്കാര്യത്തിൽ സംഭവിച്ചത്; ലോകാദ്ഭുതങ്ങളൊന്നും ഉണ്ടാക്കിയിട്ടുള്ള ആളല്ല ശ്രീധരൻ': വിമർശനവുമായി രഞ്ജി പണിക്കർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയാണ് ഇ ശ്രീധരന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വമെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. ആളുകളെ ആവശ്യത്തിലധികം ഊതി വീർപ്പിക്കുമ്പോഴുള്ള ദുരന്തമാണ് ഇ ശ്രീധരന്റെ കാര്യത്തിൽ സംഭവിച്ചത്. ലോകാത്ഭുതങ്ങളൊന്നും ഉണ്ടാക്കിയിട്ടുള്ള ആളൊന്നുമല്ല ശ്രീധരനെന്നും രഞ്ജി പണിക്കർ വിമർശിച്ചു.കൈരളി ന്യൂസിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇ ശ്രീധരന് വലിയ വലിപ്പമുണ്ടെന്ന് മുൻ കാലങ്ങളിലും തെറ്റിദ്ധരിച്ചിട്ടുള്ള ആളല്ല ഞാൻ. അതുകൊണ്ട് എനിക്കിതിലൊന്നും വലിയ അത്ഭുതമൊന്നുമില്ല. ആളുകളെ ആവശ്യത്തിലധികം ഊതി വീർപ്പിക്കുമ്പോഴുള്ള ദുരന്തമാണ് ഇ ശ്രീധരന്റെ കാര്യത്തിൽ സംഭവിച്ചത്. ലോകാത്ഭുതങ്ങളൊന്നും ഉണ്ടാക്കിയിട്ടുള്ള ആളൊന്നുമല്ല. ഇ ശ്രീധരന് ജയസാധ്യത കാണുന്നില്ല. ശ്രീധരന് ചുറ്റുമുണ്ടാക്കിയ പരിവേഷം യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാത്ത ആളാണ് ഞാൻ. ഞാൻ മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുമ്പോൾത്തന്നെ ഇ ശ്രീധരനെ എങ്ങനെയാണ് കാണേണ്ടതെന്ന സാമാന്യബുദ്ധി നമുക്കുണ്ടാവില്ലേ', രഞ്ജി പണിക്കർ ചോദിച്ചു.
'പാലക്കാട് ശ്രീധരന്റെ അത്ഭുതപ്രവൃത്തികളൊന്നും സംഭവിച്ചിട്ടുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മെട്രോ പോലും ഒരു അത്ഭുതമായി ഞാൻ കാണുന്നില്ല. ഇനി അദ്ദേഹം ജയിച്ചാലും കേരളത്തിന്റെ മുഖ്യമന്ത്രിയായാലും അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ ഈ മതിപ്പിൽ മാറ്റമുണ്ടാവുകയുമില്ല. ബാലിശമായ പ്രസ്ഥാവനകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഇ ശ്രീധരന്റെ പ്രായമുള്ള ഒരാൾ എങ്ങനെയാണ് ഇത്ര ബാലിശമായി സംസാരിക്കുക? ഒരു ടെക്നോക്രാറ്റ് ആണെന്ന് പറയുന്നത് പൊതുജീവിതത്തിൽ ബാധിക്കുന്ന കാര്യമല്ല. ഒരു സാമൂഹ്യ ജീവികൂടിയാകുമ്പോളാണ് സമൂഹം ചില കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസിലാക്കാൻ കഴിയുക. മാംസാഹാരികളോട് പരസ്യമായി വിരോധം പ്രഖ്യാപിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് കേരളത്തിന്റെ സമൂഹമനസിൽ ഇടംനേടാനാവുക. ജൽപനമെന്ന് പിണറായി വിജയൻ അതിനെ വിശേഷിപ്പിച്ചിരുന്നു. എനിക്കത് വളരെ ഇഷ്ടപ്പെട്ടു', രഞ്ജി പണിക്കർ പറഞ്ഞു.
ചില ആളുകളെ മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും ആവശ്യത്തിൽക്കവിഞ്ഞ് ഏറ്റെടുക്കുകയും ആനുപാതികമല്ലാതെ ഊതിവീർപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇ ശ്രീധരനെ കൊണ്ടുവരണം എന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുമുണ്ടായിരുന്നു. അന്ന് താൻ കമ്മ്യൂണിസ്റ്റ് നേതാക്കളോട് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനോട് ഒരു വ്യക്തി വന്ന് ചില വ്യവസ്ഥകൾ മുന്നോട്ടുവെക്കുന്നത് ജനാധിപത്യപരമായി ശരിയാണോ എന്ന് ചോദിച്ചിരുന്നു. മെട്രോ വാർത്തയുടെ എഡിറ്ററായിരുന്ന സമയത്ത് ശ്രീധരനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രൊജക്ടുകളെക്കുറിച്ചും എതിർത്തും വിമർശിച്ചും എഴുതിയിട്ടുള്ള ആളാണ് താൻ. ആ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്നും രഞ്ജി പണിക്കർ വ്യക്തമാക്കി.


