രാജ്‌കോട്ട്: ആദ്യ ഇന്നിങ്ങ്‌സിൽ നാലും രണ്ടാം ഇന്നിങ്ങ്‌സിൽ രണ്ടുമായി ആറുവിക്കറ്റ് പ്രകടനത്തോടെ വരവറിയിച്ച അരങ്ങേറ്റക്കാരൻ ഏദൻ ആപ്പിൾ ടോമിന്റെയും ടി 20 മാതൃകയിൽ മിന്നൽ സെഞ്ചുറിയുമായി കളം നിറഞ്ഞ രോഹൻ എസ് കുന്നുമ്മലിന്റെയും പി രാഹുലിന്റെയും പ്രകടനമികവിൽ മേഘാലയെ ഇന്നിങ്ങ്‌സിന് തകർത്ത് കേരളം ഈ വർഷത്തെ രഞ്ജി സീസൺ തുടക്കം ഗംഭീരമാക്കി.രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ രഞ്ജി ട്രോഫിയിൽ മേഘാലയയെ ഇന്നിങ്സിനും 166 റൺസിനും പരാജയപ്പെടുത്തി കേരളം വിലപ്പെട്ട ഏഴു പോയിന്റാണ് സ്വന്തമാക്കിയത്.

നാല് വിക്കറ്റ് വീഴ്‌ത്തിയ ബേസിലിന്റേയും മൂന്ന് വിക്കറ്റെടുത്ത ജലജ് സക്സേനയുടേയും ബൗളിങ്ങ് മികവിൽ മേഘാലയ രണ്ടാം ഇന്നിങ്സിൽ 191 റൺസിന് പുറത്തായി. 357 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ മേഘാലയയുടെ തുടക്കം തന്നെ പാളിച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് അവർക്ക് ഓപ്പണർ കിഷനെ നഷ്ടപ്പെട്ടു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ മേഘാലയക്ക് കഴിഞ്ഞില്ല. 75 റൺസെടുത്ത സി.ജി ഖുറാനയും 55 റൺസെടുത്ത ദിപ്പുവും മാത്രമാണ് പിടിച്ചുനിന്നത്. ശേഷിക്കുന്നവരെല്ലാം ബാറ്റിങ് മറന്നു.

കേരളത്തിനായി ബേസിൽ തമ്പി 16 ഓവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു. ജലജ് സക്സേന 11.5 ഓവറിൽ 28 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്തു. ഏദൻ ആപ്പിൾ ടോം രണ്ടും മനു കൃഷ്ണൻ ഒരു വിക്കറ്റുമെടുത്തു. എട്ടു വിക്കറ്റ് നഷ്ടത്തിൽ 454 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിനായി വത്സൽ ഗോവിന്ദ് സെഞ്ചുറി പൂർത്തിയാക്കി. 193 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം വത്സൽ 106 റൺസ് നേടി. വെറ്ററൻ താരം എസ്. ശ്രീശാന്തിന്റെ പിന്തുണയിലാണ് വത്സൽ മൂന്നക്കത്തിലെത്തിയത്. 43 പന്ത് നേരിട്ട് പ്രതിരോധിച്ചു കളിച്ച ശ്രീശാന്ത് 19 റൺസെടുത്തു.

ശ്രീശാന്തിനെ ആര്യൻ പുറത്താക്കിയതോടെ കേരളം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഒമ്പതാം വിക്കറ്റിൽ ശ്രീശാന്ത്- വത്സൽ സഖ്യം 89 പന്തിൽ 51 റൺസ് കൂട്ടിച്ചേർത്തു. മേഘാലയക്കായി സി.ജി ഖുറാനയും ആര്യനും മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി. നഫീസ് രണ്ടും ദിപ്പു ഒരു വിക്കറ്റും നേടി. ഓപ്പണറായ രോഹൻ എസ് കുന്നുമ്മലിന്റെ സെഞ്ചുറിക്ക് പിന്നാലെ പി രാഹുൽ സെഞ്ചുറിയും സച്ചിൻ ബേബി അർധ സെഞ്ചുറിയും കണ്ടെത്തുന്നതാണ് രണ്ടാം ദിനം രാജ്കോട്ടിൽ കണ്ടത്.

നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളം ഒന്നാമിന്നിങ്‌സിൽ മേഘാലയയെ 40.5 ഓവറിൽ 148 റൺസിന് എറിഞ്ഞൊതുക്കിയിരുന്നു.മേഘാലയ്ക്ക് പുനീത് ബിഷ്ടിന്റെ അർധ സെഞ്ചുറിയാണ് കരുത്തായത്. 90 പന്തിൽ 19 ഫോറിന്റെ അകമ്പടിയോടെ പുനീത് അടിച്ചെടുത്തത് 93 റൺസാണ്. പുനീതിന് പുറമേ രണ്ടക്കം കണ്ടത് 26 റൺസെടുത്ത കിഷൻ ലിങ്‌ദോയും 15 റൺസെടുത്ത ചിരാഗ് ഖുരാനയും മാത്രമാണ്.നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിൽ തിരിച്ചെത്തിയ വെറ്ററൻ പേസർ എസ് ശ്രീശാന്ത് രണ്ട് വിക്കറ്റുമെടുത്തു.

അരങ്ങേറ്റത്തിലെ ആദ്യ പന്തിൽതന്നെ വിക്കറ്റെടുത്ത ഏദൻ ഒമ്പത് ഓവറിൽ രണ്ട് മെയ്ഡനുകൾ സഹിതം 41 റൺസ് വിട്ടുകൊടുത്താണ് നാല് വിക്കറ്റ് വീഴ്‌ത്തിയത്. 11 ഓവറിൽ മൂന്നു മെയ്ഡൻ ഉൾപ്പെടെ 34 റൺസ് വിട്ടുകൊടുത്താണ് മനു കൃഷ്ണൻ മൂന്നു വിക്കറ്റെടുത്തത്. മേഘാലയയുടെ വാലറ്റത്തെ ചുരുട്ടിക്കെട്ടിയ ശ്രീശാന്ത് 11.5 ഓവറിൽ വഴങ്ങിയത് 40 റൺസാണ്.

ബൗളർമാർ പുറത്തെടുത്ത മികവ് ബാറ്റിങ് നിരയും ആവർത്തിക്കുന്നതാണ് പിന്നീട് രാജ്കോട്ടിൽ കണ്ടത്. ട്വന്റി-20 ശൈലിയിൽ അടിച്ചുതകർത്ത ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ 107 റൺസ് നേടി. 97 പന്തിൽ 17 ഫോറും ഒരു സിക്സും സഹിതമാണ് രോഹൻ 107 റൺസെടുത്തത്. വെറും 73 പന്തിൽ നിന്നാണ് കേരള ഓപ്പണർ സെഞ്ചുറി പൂർത്തിയാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ രാഹുലിനൊപ്പം 214 പന്തിൽ നിന്ന് 201 റൺസിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.