കൊച്ചി: ഒടിയൻ സിനിമയിലെ മോഹൻലാലിന്റെ മേക്കോവറിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദങ്ങൾ തുടരുകയാണ്. അഡ്വ.സംഗീത ലക്ഷ്മണ മോഹൻലാലിനെ പരിഹസിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതും, എഴുത്തുകാരൻ ലിജീഷ് കുമാർ മറുപടി പറഞ്ഞതും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു.

ഫ്രാൻസിൽ നിന്നുള്ള 25 വിദഗ്ധരുടെ കീഴിൽ 51 ദിവസത്തെ കഠിന പരിശീലനത്തിന് ശേഷം ലാലേട്ടൻ തടി കുറച്ചുചെറുപ്പമായെന്ന വാർത്ത കേട്ടതോടെ ആരാധകർക്ക് ആകാംക്ഷയായി. കൊച്ചിയിൽ കഴിഞ്ഞ ദിവസം സ്വകാര്യ പരിപാടിക്കെത്തിയ അദ്ദേഹം വണ്ണം കുറച്ചുകാണിക്കാൻ സ്ലിം ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന ആരോപണങ്ങളും വന്നു.ഇതിനൊന്നും മറുപടി പറയാൻ മോഹൻ ലാൽ പതിവുപോലെ മുതിർന്നതുമില്ല.

എന്നാൽ ഒടിയൻ ലുക്കിൽ ലാലേട്ടനെ ഏറെ കണ്ടതിന്റെ ആവേശത്തിലാണ് അവതാരക രഞ്ജിനി ഹരിദാസ്‌. അദ്ദേഹത്തിന്റെ പുതിയ ലുക്കിനെക്കുറിച്ച് രഞ്ജിനി ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്:

'ലാലേട്ടനെ കണ്ടപ്പോഴാണ് ടീസറിലെ ലുക്കാണോ ശരിക്കും എന്ന സംശയത്തിന് പരിഹാരമായത്. നന്നായി തടി കുറഞ്ഞിട്ടുണ്ട്. ആദ്യം കണ്ടപ്പോൾ ലാലേട്ടനാണെന്ന് തോന്നിയതേയില്ല. പകരം ഒടിയൻ മാണിക്യൻ എന്ന ക്യാരക്ടറാണ് മുന്നിലെന്നാണ് തോന്നിയത്. ആ ദിവസം വല്ലാത്തൊരു എക്സൈറ്റ്മെന്റിലായിരുന്നു. വയറിൽ ബെൽറ്റ് കെട്ടിയെന്ന വാർത്തകളൊക്കെ അടുത്ത ദിവസമാണ് കണ്ടത്. ഈ പറഞ്ഞതിനെക്കുറിച്ചൊന്നും ശ്രദ്ധിക്കാനെ പറ്റിയില്ല. അങ്ങനെയൊരു ഫീലിങ് എനിക്ക് ഉണ്ടായതേയില്ല. ആ ലുക്ക് ഇഷ്ടപ്പെടാതിരുന്നവരാകാം ആരോപണങ്ങൾക്ക് പിന്നിൽ' എന്ന് രഞ്ജിനി പറയുന്നു.