കൊച്ചിയിൽ ഒരു ഫോൺ ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയ ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാൻ വേദിയുടെ മറപൊളിച്ചുവരെ മലയാളികൾ തിക്കിതിരക്കിയത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമാണ് ഇപ്പോഴും. അതിന്റെ അലയൊലികൾ കെട്ടടങ്ങും മുമ്പ് പരിപാടിയുടെ അവതാരകയായ രഞ്ജിനി ഹരിദാസും തന്റെ അഭിപ്രായവുമായി രംഗത്തെത്തി.

സണ്ണിയെ കാണാൻ കൊച്ചിയിൽ എത്തിയവർ ലൈംഗിക വൈകൃതമുള്ളവരല്ല. അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. സമൂഹത്തെ ഭയക്കാതെ സണ്ണിയെ കാണാൻ അവരെത്തിയല്ലോ. അതിന് കയ്യടിയാണ് നൽകേണ്ടത്. ഇവിടെ ലൈംഗികതയല്ല ഒരു കൗതുകമാണ് അവർ കണ്ടത്. വന്നവരിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരുന്നു. ഇതിനെ ഒരു പുതിയ ചലനമായി കണക്കാക്കണം. മുറിയിൽ ഇരുന്ന് പോൺ വീഡിയോ കണ്ട് പുറത്ത് സദാചാരം പറയുന്നവരാണ് ഏറ്റവും മോശമെന്ന് രഞ്ജിനി പറയുന്നു.

കേരളത്തിൽ സെക്‌സിനെക്കുറിച്ച് പറയാൻ പാടില്ല. ഇതൊരു മുറിക്കുള്ളിൽ ഒതുങ്ങേണ്ടതാണ് എന്ന കാഴ്ചപ്പാടാണ് മാറേണ്ടത്. മുറിക്കുള്ളിലിരുന്ന് സണ്ണിയുടെ പോൺ വീഡിയോ കണ്ട് പുറത്ത് വന്ന് സദാചാരം പ്രസംഗിക്കുന്നതാണ് ഏറ്റവും മോശം. അവർക്കാണ് ശരിക്കും സ്വഭാവ വൈകല്യമുള്ളത്. സണ്ണി വന്നദിവസം കേരളത്തിലുള്ളവർ അന്നത്തേക്ക് തങ്ങളുടെ പ്രശ്‌നങ്ങളെല്ലാം മറന്നുവല്ലോ, മറ്റെല്ലാം മറന്ന് അവരുടെ വരവ് ചർച്ചയായില്ലേ.? മാത്രമല്ല കേരളത്തിൽ ഇത്രയും പേർക്ക് സണ്ണിയെ അറിയാമല്ലോ എന്നും എനിക്ക് അതിശയം തോന്നി.

സണ്ണിയെ കാണാൻവന്നവർ യാതൊരു പ്രശ്‌നവും ഉണ്ടാക്കിയില്ല. സണ്ണിയും അതുകൊണ്ടാണ് കൊച്ചിക്ക് നന്ദി പറഞ്ഞത്. ഞാൻ ഇതുവരെ അവതരിപ്പിച്ച പരിപാടികളിലെ ജനത്തിരക്ക് വിലയിരുത്തുകയാണെങ്കിൽ മൂന്നാം സ്ഥാനമാണ് ഇതിന് നൽകുക. ഒന്നാം സ്ഥാനം മറഡോണ വന്നപ്പോൾ കേരളം നൽകിയ സ്വീകരണമാണ്. രണ്ടാം സ്ഥാനം ഷാറൂഖാന് നൽകിയ വരവേൽപ്. മൂന്നാംസ്ഥാനം സണ്ണിയെ കാണാൻ വന്ന ജനത്തിരക്കിന് നൽകണമെന്നും രഞ്ജിനി പറഞ്ഞു.