മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒരുമിച്ചെത്തുകയാണ്, ബിലാത്തിക്കഥയായിരിക്കും ഈ ചിത്രമെന്ന തരത്തിലായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും അത് സേതുവിന് വിട്ടുകൊടുത്ത് ആ ചിത്രത്തിലെ താരനിരയെ ഉൾപ്പെടുത്തി പുതിയ സിനിമയൊരുക്കുകയാണ് രഞ്ജിത്ത്.മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ ലണ്ടനിൽ തുടങ്ങി.

ഒടിയൻ, കായംകുളംകൊച്ചുണ്ണി, നീരാളി എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയശേഷമാണ് നടൻ ലണ്ടനിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി എത്തിയത്.ആദ്യ ദിവസം മോഹൻലാലിനോടൊപ്പം ബൈജു, ടിനി ടോം, ശ്യാമപ്രസാദ്, മുരളി മേനോൻ, അരുന്ധതി നാഗ്, കനിഹ, ഷാലിൻ സോയ തുടങ്ങി പത്ത് താരങ്ങളാണ് ഇനിയും പേരിട്ടില്ലാത്ത ചിത്രത്തിൽ അഭിനയിച്ചത്. 30 ദിവസത്തെ ഡേറ്റാണ് മോഹൻലാൽ രഞ്ജിത്തിന് നൽകിയിരിക്കുന്നത്.

പുത്തൻ പണത്തിനു ശേഷം രഞ്ജിത്ത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ഈ വിവരം മോഹൻലാൽ തന്നെയാണ് ഫേസ്‌ബുക്കിൽ കൂടി പങ്കുവച്ചത്.ലില്ലിപാഡ് മോഷൻ പിക്‌ചേഴ്‌സ് ലിമിറ്റഡിന്റെയും വർണചിത്ര ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെയും സുബൈർ എൻ.പിയും എം.കെ. നാസറും ചേർന്നാണ് നിർമ്മാണം. ഓണത്തിനാണ് ചിത്രം റിലീസ് ചെയ്യുക.

നേരത്തെ മോഹൻലാലിനെ നായകനാക്കി ഒരു ബിലാത്തി കഥ എന്ന ചിത്രമാണ് രഞ്ജിത്ത് പ്ലാൻ ചെയ്തിരുന്നത്. ഇത് ഉപേക്ഷിക്കുകയായിരുന്നു. ബിലാത്തിക്കഥയ്ക്ക് തിരക്കഥ രചിച്ച സേതു തന്നെ പുതിയ താരനിരയെ വച്ച് ആ ചിത്രം സംവിധാനം ചെയ്യും.