- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമാരനാശന്റെ ഭാര്യ ഭാനുമതിയുടെ പുനർവിവാഹത്തിലെ മൂത്ത മകൾ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാലാമത്തെ എംബിബിഎസ് ബാച്ചിലെ നാലാം റാങ്കുകാരി; ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയിൽ ഒപ്പം നിന്ന ഗൈനക്കോളജിസ്റ്റ്; നടി മാലാ പാർവ്വതിയുടെ മാതാവ്; വിട പറഞ്ഞ ഡോ. ലളിത തലമുറകളുടെ ഡോക്ടർ

തിരുവനന്തപുരം: ഒരു ലക്ഷത്തോളം കുഞ്ഞുങ്ങളെ ലേകത്തേക്ക് കൈനീട്ടി വാങ്ങിയ ഡോ.കെ ലളിത വിട പറയുമ്പോൾ മാഞ്ഞു പോകുന്നത് ആതുരസേവനരംഗത്തെ സൗമ്യസാന്നിധ്യം. അമ്മയുടെ നിർവൃതിയും കുഞ്ഞിന്റെ കരച്ചിലും ഈ കുളിരോർമ്മകളാണ് തന്നെ മുന്നോട്ട് നയിച്ചത് എന്ന് ജീവിതത്തിന്റെ അവസാനത്തെ അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു ഡോ. ലളിത.
1954 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാലാം ബാച്ചിൽ പ്രവേശിച്ച ലളിതയുടെ ജീവിതം കേരളത്തിന്റെ മെഡിക്കൽ കോളേജിന്റെ പ്രസവശിശ്രൂഷാവിഭാഗത്തിന്റെയും വിജയിച്ച ആയിരക്കണക്കിന് അതിസങ്കീർണമായ ശസ്ത്രക്രീയകളുടെയും ചരിത്രം കൂടിയാണ്. നാലാം റാങ്കോടെയാണ് ഡോ.ലളിത എം.ബി.എസ് പഠനം പൂർത്തിയാക്കിയത്. ബിരുദാനന്തരബിരുദവും തിരവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് തന്നെ പാസായി 1964 ൽ സർക്കാർ സർവ്വീസിലേക്ക് പ്രവേശിച്ചു.
പ്രസവചികിത്സാരംഗത്ത് ഗൈനക്കോളജിസ്റ്റുകൾ കുറവായിരുന്ന കാലത്താണ് ഡോ.ലളിത ഗൈനക്കോളജി വിഭാഗത്തിലേക്ക് പ്രവേശിക്കുന്നത്. സൗമ്യമായ പെരുമാറ്റവും രോഗികളോടുള്ള ഇടപെടിലുകളും, കഴിവും ഡോ.ലളിതയെ പെട്ടെന്ന് തന്നെ പ്രശസ്തയാക്കി. ദിവസവും ആയിരക്കണക്കിന് വരുന്ന രോഗികളുടെ പേര് എടുത്ത് വിളിക്കുന്ന ഡോക്ടർ പ്രസവവേദനക്കിടയിലും അമ്മമാരുടെ മനസിൽ ഇടം നേടി. 1992 ൽ മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ലളിത തുടർന്ന് പട്ടം എസ്‌ഐ.ടി യിലേക്ക് തന്റെ സേവനരംഗത്തെ മാറ്റി. സീനിയർ ഗൈനക്കോളജിസ്റ്റും,പ്രഫസറും, വകുപ്പ് മേധാവിയുമായി എസ്‌ഐ.റ്റിയുടെ ചരിത്രത്തിലും ലളിത ഡോക്ടർ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
ചിത്രം വരയ്ക്കുന്ന കലാകരന്റെ കരവിരുതിൽ സൂക്ഷ്മായി ശസ്ത്രക്രിയകൾ ചെയ്യുന്ന ഡോക്ടർ ലളിതയാണ് എസ്‌ഐ.റ്റിയുടെ ചരിത്രത്തിലെ അതിസങ്കീർണ്ണമായ പലശസ്ത്രക്രിയകളും ആദ്യമായി ചെയ്തത്. ആർ.സി.സി തുടങ്ങുന്നതിന് മുൻപ് അർബുദസംബന്ധിയായ പല ശസ്ത്രക്രിയകളും ചെയ്ത് വിജയം കൈ വരിച്ചത് ഡോ.ലളിതയുടെ സമകാലികരായ ഡോക്ടർമാരും ശിഷ്യരും ഓർക്കുന്നു. 2022 ഏപ്രിലിൽ മെഡിക്കൽ കോളേജിൽ നടന്ന മൂന്ന് തലമുറകളിലെ ഗൈനക്കോളേജിസ്റ്റുകളുടെ സംഗമത്തിൽ ഡോ.ലളിത നടത്തിയ സൗമ്യസുന്ദരമായ സംസാരം ഗൈനക്കോളജി വിഭാഗത്തിന്റെ ചരിത്രരേഖയാണെന്ന് അനുഭവസ്ഥർ പറയുന്നു.
മഹാകവി കുമാരനാശാന്റെ ഭാര്യ ആയിരുന്ന ഭാനുമതിയാണ് ഡോക്ടർ ലളിതയുടെ മാതാവ്. പല്ലന ബോട്ട് അപകടത്തിൽപ്പെട്ട് കുമാരനാശാൻ മരണമടഞ്ഞ് 13 വർഷങ്ങൾക്ക് ശേഷമാണ് ഭാനുമതി ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശിയും എ.ജി.എസ് ഓഫീസിലെ ഉദ്യോഗസ്ഥനുമായ സി.ഓ കേശവനെ വിവാഹം കഴിക്കുന്നത്. ഈ ദമ്പതികളുടെ മൂത്ത മകളായിട്ടാണ് ഡോ. ലളിതയുടെ ജനനം. ഖാദി ബോർഡ് മുൻ സെക്രട്ടറിയും വയലാർ രാമവർമ്മ മെമോറിയൽ ട്രസ്റ്റിന്റെ സ്ഥാപകസെക്രട്ടറിയുമായിരുന്ന പരേതനായ സി.വി ത്രിവിക്രമനാണ് ലളിതയുടെ ഭർത്താവ്.മാനേജ്മെന്റ് വിദഗ്ധയായ ലക്ഷ്മി എസ് കുമാരൻ, പ്രമുഖ നടി മാലാ പാർവതി എന്നിവരാണ് മക്കൾ.
കരളിലെ അർബുദബാധയാണ് ആദ്യകാല അർബുദചികിത്സക കൂടെയായിരുന്ന ഡോക്ടർ ലളിതയുടെ മരണത്തിന് ഇടയാക്കിയത്. കഴിഞ്ഞ ജൂലൈ 12 മുതൽ ചികിത്സയിലായിരുന്ന ഡോക്ടർ വ്യാഴാഴ്ച രാവിലെയാണ് മരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് 4 മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച ഡോക്ടർ കെ. ലളിതയുടെ ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു.


