യൂണിവേഴ്‌സിറ്റി ഫീസടയ്ക്കാനും വീട് സ്വന്തമാക്കന്നതിനും കന്യകാത്വം ലേലം ചെയ്യുന്നവരെയും വേശ്യാവൃത്തി സ്വീകരിക്കുന്നവരെയും കുറിച്ചുള്ള വാർത്തകൾ നേരത്തേതന്നെ വന്നിട്ടുണ്ട്. എന്നാൽ, ബ്രിട്ടനിലെ പുതിയൊരു ട്രെൻഡിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ബിബിസിയുടെ ഈ ഒളിക്യാമറാ ഡോക്യുമെന്ററി. വാടക ലാഭിക്കുന്നതിന് വേണ്ടി ബ്രിട്ടനിലെ രണ്ടരലക്ഷത്തോളം യുവതികൾ വീട്ടുടമയ്ക്ക് ആവശ്യമുള്ളപ്പോഴൊക്കെ സെക്‌സ് നൽകുന്ന 'റെന്റ് ഫോർ സെക്‌സ്' എന്ന ട്രെൻഡിന്റെ പ്ിന്നാമ്പുറങ്ങളാണ് ഈ ഡോക്യുമെന്ററി അന്വേഷിക്കുന്നത്.

വാടകയ്ക്ക് വീടെടുക്കുന്നതിന് സെക്‌സ് പകരം നൽകുന്നതിലും ഇത്തരത്തിൽ വീട് വാടകയ്ക്ക് നൽകുന്നതിലും പലർക്കും യാതൊരു അസ്വാഭാവികതയും തോന്നുന്നില്ലെന്ന് ബിബിസി റിപ്പോർട്ടർ എല്ലി ഫ്ളാൻ നടത്തിയ രഹസ്യാന്വേഷണത്തിൽ വ്യക്തമായി. താമസിക്കാനൊരിടം സൗജന്യമായി കിട്ടുമെങ്കിൽ, ഇതിൽ തെറ്റൊന്നുമില്ലെന്ന് ഒരു സ്ത്രീ ക്യാമറയ്ക്കുമുന്നിൽ വെളിപ്പെടുത്തുമ്പോൾ, ഇത് മറ്റൊരു തരത്തിലുള്ള സഹവാസമാണെന്നാണ് ഒരു വീട്ടുടമയുടെ ന്യായീകരണം.

ബിബിസി ത്രീയിലാണ് എല്ലി അണ്ടർകവർ: റെന്റ് ഫോർ സെക്‌സ് എന്ന ഡോക്യുമെന്ററി വന്നത്. സ്വന്തം പൂന്തോട്ടത്തിൽ ഒട്ടേറെ മുറികളുള്ള മറ്റൊരു വീട് പണിത വീട്ടുടമയെയും ഡോക്യുമെന്ററിയിൽ കാണിക്കുന്നുണ്ട്. താനുമായി സെക്‌സിന് തയ്യാറാണെങ്കിൽ സൗജന്യതാമസമാണ് ഇദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. ആഴ്ചയിൽ ഒരുതവണ ലൈംഗിക ബന്ധത്തിന് സമ്മതിച്ചാൽ മതിയെന്നും ഇയാൾ ഒളിക്യാമറയ്ക്ക് മുന്നിൽ വെളിപ്പെടുത്തുന്നു.

ഓൺലൈനിലൂടെ റെന്റ് ഫോർ സെക്‌സിന് പ്രേരിപ്പിക്കുന്ന പരസ്യങ്ങളും വർധിച്ചുവരികയാണ്. ഇതൊരു സാധാരണ രീതിയായി ബ്രിട്ടനിൽ ഏറെക്കുറെ മാറിയിട്ടുണ്ടെന്നും എല്ലി വെളിപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, അന്തിയുറങ്ങാൻ വീടുനൽകിയതിന് പകരമായി സെക്‌സ് നൽകിയ ബ്രിട്ടീഷ് യുവതികളുടെ എണ്ണം രണ്ടരലക്ഷത്തോളമാണെന്ന് അവർ വെളിപ്പെടുത്തുന്നു. ഹൗസിങ് ചാരിറ്റിയായ ഷെൽറ്റർ ഇത് സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്.

വാടകയിലുണ്ടായ വൻതോതിലുള്ള വർധനയാണ് ഇത്തരമൊരു ട്രെൻഡിന് തുടക്കമിട്ടത്. വാടക നൽകാൻ വരുമാനം പോരാതായതോടെ, സ്ത്രീകൾ ശരീരം വിൽക്കുന്ന അവസ്ഥയിലേക്ക് എത്തുകയായിരുന്നു. ക്രെയ്ഗ്‌ലിസ്റ്റ് പോലുള്ള ഓൺലൈൻ വെബ്‌സൈറ്റുകളിൽ വരുന്ന പരസ്യങ്ങളിലേറെയും ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. താമസിക്കാൻ മറ്റൊരിടം കിട്ടിയില്ലെങ്കിൽ, ഇതൊരു മാർഗമായി സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് എല്ലിയുമായി സംസരിച്ച 18-കാരിയായ ഷോളി പറയുന്നു.