ദുബായിൽ ആർ.ടി.എ.യുടെ വാടകക്കാറുകൾ ഇന്നുമുതൽ നിരത്തിലെത്തും.റോഡ്സ് ആൻഡ് ട്രാൻസ്പോർട് അഥോറിറ്റി (ആർ.ടി.എ.) കാറുകൾ വാടകയ്ക്ക് നൽകുന്ന 'സ്മാർട്ട് കാർ റെന്റൽ' സംവിധാനത്തിന് തുടക്കമിട്ടത്തോടെയാണ് ആർടിഎയുടെ വാടകകാറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകുക.

യൂ ഡ്രൈവ്, ഏകാർ കമ്പനികളുടെ നൂറുവീതം കാറുകൾ വാടകയ്ക്ക് ലഭിക്കും. മിനുറ്റിന് 40 മുതൽ 50 ഫിൽസ് എന്ന തോതിൽ മണിക്കൂറിൽ ഏതാണ്ട് 24 മുതൽ 30 ദിർഹം വരെയാണ് നിരക്ക്.വാഹനം ആവശ്യമുള്ളവർ സ്മാർട്ട് ആപ് മുഖേന ബുക്ക്ചെയ്ത് വാഹനം സ്വയം ഓടിക്കുന്ന 'റെന്റ് എ കാർ' സംവിധാനമാണിത്.

ആദ്യഘട്ടത്തിൽ റാഷിദിയ്യ, ബുർജുമാൻ, ഇബ്നു ബത്തൂത്ത, യൂണിയൻ, ബിസിനസ് ബേ മെട്രോ സ്റ്റേഷനുകളോട് ചേർന്ന് 45 ഇടങ്ങളിൽ കാറുകൾ ലഭിക്കും. കുറഞ്ഞ നിരക്കിൽ സ്വയം കാറുകൾ എടുത്തു ഓടിക്കാനാകുമെന്നതിനൊപ്പം തന്നെ, മറ്റുയാത്രക്കാരുമായി ചേർന്ന് 'ഷെയർ' ചെയ്യാമെന്നതുമാണ് കാർ റെന്റൽ സംവിധാനത്തിന്റെ പ്രത്യേകത.

ഭാവിയിൽ കൂടുതൽ കാറുകൾ വാടകയ്ക്ക് ലഭ്യമാക്കാനും ആർ.ടി.എ. ഉദ്ദേശിക്കുന്നുണ്ട്. പദ്ധതിക്ക് ഉപഭോക്താക്കൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത പരിഗണിച്ചായിരിക്കുമിത്. ഇത്തരത്തിൽ 'റെന്റ് എ കാറു'കൾ ലഭിക്കുന്നതിന് ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. യു.എ.ഇ. താമസക്കാർക്കും സന്ദർശകർക്കും വ്യത്യസ്ത രജിസ്ട്രേഷനുകളാണുള്ളത്.

താമസക്കാരായ ആളുകൾ എമിറേറ്റ്സ് ഐ.ഡി., ഡ്രൈവിങ് ലൈസൻസ്, ഫോട്ടോ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകേണ്ടതുണ്ട്. സന്ദർശകർക്ക് പാസ്പോർട്, വിസ, ഡ്രൈവിങ് ലൈസൻസ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ നൽകണം. തുടർന്ന് ലഭിക്കുന്ന പിൻ നമ്പർ ഉപയോഗിച്ച് പരിസരത്ത് കാറുകൾ ഉണ്ടോയെന്ന് അന്വേഷിക്കാനും ബുക്ക് ചെയ്യാനും സാധിക്കും.

സ്മാർട്ട് ആപ് ഉപയോഗിച്ചായിരിക്കും വാഹനം തുറക്കുകയും അടയ്ക്കുകയും ചെയ്യുക. ആർ.ടി.എ.യുടെ പാർക്കിങ്ങുകളിൽമാത്രമേ ഇവ പാർക്ക് ചെയ്യാവൂ. ബുക്ക് ചെയ്തയാളല്ലാതെ മറ്റൊരാളും കാർ ഓടിക്കാൻ പാടില്ലെന്നതും നിർബന്ധമാണ്