സൗദിയിൽ തൊഴിൽ പെർമിറ്റ് പുതുക്കാൻ വാടക കരാർ നിർബന്ധമാക്കും.വിദേശികളുടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതിനും പുതിയവ അനുവദിക്കുന്നതിനും വിദേശികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ വാടക കരാർ നിർബന്ധമാക്കിക്കൊണ്ട് മന്ത്രിസഭ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനാവശ്യമായ നടപടികൾക്കായി തൊഴിൽ സാമുഹ്യക്ഷേമ മന്ത്രാലയം, പാർപിട മന്ത്രാലയം എന്നിവ തമ്മിൽ കംപ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിക്കാനും മന്ത്രി സഭ നിർദേശിച്ചു.

എല്ലാ വാടക കരാറുകളും പാർപ്പിട മന്ത്രാലയത്തിന്റെ ഓൺലൈൻ ശൃംഖലയായ ഈജാറിൽ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രിസഭാ ഉത്തരവിൽ പറയുന്നു.ഈജാറിൽ രജിസ്റ്റർ ചെയ്യാത്ത വാടക കരാറുകൾക്കു നിയമസാധുത ഉണ്ടാകില്ല.കെട്ടിട വാടക കരാറുകൾ ഈജാറിൽ രജിസ്റ്റർ ചെയ്യുന്നതിനുവേണ്ട നിബന്ധനകൾ പാർപ്പിട, നീതി-ന്യായ മന്ത്രാലയങ്ങൾ തയ്യാറാക്കും. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിനു തൊഴിലാളികളുടെ താമസ്ഥലങ്ങളുടെ വാടക കരാർ നിർബന്ധമാക്കുന്നതോടെ ഇനി സ്പോൺസറിൽ നിന്നും മാറി താമസിക്കുന്നതിനു വിശദീകരണ രേഖ സമർപിക്കേണ്ടി വരും.

സ്പോൺസറിൽ നിന്നും മാറി അനധികൃതമായി ജോലി ചെയ്യുന്നവർക്കും പുതിയ തീരുമാനം തിരിച്ചടിയാകും.മന്ത്രിസഭയുടെ ഉത്തരവ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തൊഴിൽ, പാർപ്പിട മന്ത്രാലയങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാക്കും.

സർക്കാർ ഓഫീസുകൾക്ക് വേണ്ടി വാടകക്ക് എടുക്കുന്ന കെട്ടിടങ്ങളും ഈജാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം. എല്ലാ ഇനം വാടക കരാറിനും നിയമം ബാധകമാണ്.ഭവന മന്ത്രാലയവുമായി സഹകരിച്ച് തൊഴിൽ, സാമൂഹ്യക്ഷേമ മന്ത്രാലയമാണ് നിയമം പ്രാബല്യത്തിൽ വരുത്തുക. ഇതോടെ വിദേശികളായ ഓരോ വ്യക്തികൾക്കും ഈജാർ സംവിധാനത്തിലെ രജിസ്‌ട്രേഷൻ നിർബന്ധമായിത്തീരും. വിദേശികളുടെ തൊഴിൽ (െ
പ്രാഫഷൻ) കൂടി ഉൾപ്പെടുത്തിയാണ് ഈജാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യേണ്ടത്. ഇത് റസിഡന്റ് പെർമിറ്റിലെ (ഇഖാമ) പ്രൊഫഷനുമായി ഇതു ഒത്തുവന്നില്ലെങ്കിൽ പ്രയാസമായി തീരും. പരിഷ്‌കരണം എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.