മെൽബൺ: മുൻ വർഷത്തെ അപപേക്ഷിച്ച് രാജ്യത്ത് വാടകനിരക്കിൽ ഇടിവു സംഭവിക്കുന്നതായി സ്വകാര്യ ഏജൻസിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭവന ലഭ്യത വർധിച്ചതും ജനസംഖ്യാ വളർച്ച മന്ദഗതിയിലായതുമാണ് വാടക നിരക്കിൽ ഇടിവു നേരിടാൻ കാരണമായി വിലയിരുത്തുന്നത്. ജൂണിലെ കണക്കനുസരിച്ച് കഴിഞ്ഞ വർഷത്തെക്കാൾ 0.9 ശതമാനം ഇടിവാണ് വാടകനിരക്കിൽ സംഭവിച്ചിരിക്കുന്നത്. 1996-നു ശേഷം സംഭവിച്ചിരിക്കുന്ന ഏറ്റവും വലിയ ഇടിവാണിത്. അതേസമയം യൂണിറ്റുകളുടെ വിലയിൽ 1.5 ശതമാനം വർധന നേരിട്ടിട്ടുണ്ട്.

ഡാർവിനിലാണ് വാടക നിരക്ക് ഏറ്റവുമധികം ഇടിഞ്ഞിട്ടുള്ളത്. ഒരു വർഷം കൊണ്ട് ശരാശരി 16.2 ശതമാനമാണ് ഇടിവ് ഉണ്ടായിരിക്കുന്നത്. അതേസമയം പെർത്തിൽ 8.6 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്. അഡ്‌ലൈഡ്, ബ്രിസ്‌ബേൻ എന്നിവിടങ്ങളിൽ പക്ഷേ നേരിയ തോതിൽ മാത്രമാണ് ഇടിവ് രേഖപ്പെടുത്തുന്നത്. എന്നാൽ സിഡ്‌നിയിൽ വാടകയിനത്തിൽ വർധനയാണ് ഉണ്ടായിട്ടുള്ളത്. പക്ഷേ, വർധന മുൻവർഷങ്ങളിൽ നിന്നു വിഭിന്നമായി വളരെ താഴ്ന്ന തോതിൽ മാത്രമാണ്.

മെൽബൺ, കാൻബറ എന്നിവിടങ്ങളിലും സാമാന്യം ഭേദപ്പെട്ട നിലയിൽ തന്നെ വാടക വർധിക്കുന്നുണ്ട്. ഹോബാർട്ടിൽ മാത്രമാണ് സാമാന്യം ഭേദപ്പെട്ട നിലയിൽ വാടക നിരക്കിൽ വർധന രേഖപ്പെടുത്തിയത്. ഇവിടെ 4.6 ശതമാനം എന്ന തോതിൽ വാടക വർധിക്കുകയാണ് ചെയ്തത്. ഹോബാർട്ട് മാത്രമാണ് ഏറ്റവും ഉയർന്ന നിരക്കിൽ വാടക നിലനിൽത്തുന്ന ഏക തലസ്ഥാന നഗരി.

കാൻബറയിൽ വാടക ഏറ്റവും കൂടിയ നിരക്ക് ഉണ്ടായിരുന്നതിനേക്കാളും 6.2 ശതമാനം കുറവാണ് നിലവിൽ. പെർത്ത്, ഡാർവിൻ എന്നിവിടങ്ങളിൽ ഇത് യഥാക്രമം 14.8 ശതമാനം 23.3 ശതമാനം എന്നിങ്ങനെയാണ് ഇടിഞ്ഞത്. സിഡ്‌നിയും മെൽബണും കഴിഞ്ഞ വർഷത്തെ നിരക്കുമായി ഏകദേശം തുല്യമായി തന്നെയാണ് വാടക ഈടാക്കുന്നത്. ജൂണിൽ വാടക നിരക്കിൽ ഇടിവ് ഉണ്ടായതാണ് തിരിച്ചടി.

വാടക ഇനിയും കുറയുമെന്നാണ് ഒരു വിഭാഗം ചിന്തിക്കുന്നത്. പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം ഏറ്റവും ഉയർന്ന നിരക്കിലാണ്. ഇത് മൂലം ഭനവ ലഭ്യത വർധിക്കും. അതേ സമയം ജനസംഖ്യാ വളർച്ച മന്ദഗതിയിലും ആകുന്നത് വാടക നിരക്ക് കുറയുന്നതിന് വഴിവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല വേതന വർധന ഏറ്റവും കുറഞ്ഞ തോതിൽ ആയിതനാൽ വാടക വൻ തോതിൽ വർധിച്ചാൽ അത് വാടകക്കാരെ ലഭിക്കുന്നതിനും പ്രയാസം സൃഷ്ടിക്കും.