ഡബ്ലിൻ: രാജ്യത്തെ എല്ലാ കൗണ്ടികളിലും വാടകനിരക്കിൽ കുത്തനെ വർധന രേഖപ്പെടുത്തി. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ നിരക്കിൽ വന്ന വർധന കഴിഞ്ഞ വർഷം ഇതേകാലയളവിൽ ഉള്ളതിനെക്കാൾ ഏറെയാണെന്ന് പ്രോപ്പർട്ടി വെബ് സൈറ്റായ ഡാഫ്റ്റ്.ഐഇ വ്യക്തമാക്കുന്നു. കഴിഞ്ഞ 12 മാസത്തിൽ വാടകനിരക്കിൽ 11 ശതമാനത്തിലേറെയാണ് ഉയർച്ച ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

മുൻ വർഷത്തെക്കാളും ഈ സമ്മറിൽ എല്ലാ കൗണ്ടികളിലും വാടകനിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണ്. നിലവിൽ ദേശീയ വ്യാപകമായ 933 യൂറോ എന്നതാണ് നിരക്ക്. മുൻ വർഷത്തിൽ ഇത് 842 യൂറോ എന്നതായിരുന്നു. രാജ്യവ്യാപകമായി വാടകനിരക്കിൽ 11 ശതമാനത്തിലേറെയാണ് വർധനയെങ്കിൽ ഡബ്ലിനിൽ മാത്രം ഇത് 14 ശതമാനമായിരിക്കുകയാണ്. ഡബ്ലിനു സമീപത്തുള്ള കൗണ്ടികളിലും ഇത് രണ്ടക്ക സംഖ്യയ്ക്കു മുകളിലായി.

മീത്തിൽ 11 ശതമാനവും വിക്ലോയിൽ 13 ശതമാനവും കിൽഡെയറിൽ 14 ശതമാനവുമാണ് വാടകനിരക്കിലുണ്ടായ വർധന. മുൻ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് കമ്യൂട്ടർ കൗണ്ടികളിൽ വാടക 20 ശതമാനവുമാണ് വർധിച്ചിരിക്കുന്നത്. വാട്ടർ ഫോർഡിൽ അഞ്ചു ശതമാനവും ലീമെറിക്കിൽ ആറു ശതമാനവും ഗാൾവേയിൽ ഏഴു ശതമാനവും കോർക്കിൽ എട്ടു ശതമാനവുമാണ് വാടക നിരക്കിലെ വർധന.
2012നെ അപേക്ഷിച്ച് ഡബ്ലിനിൽ ഇപ്പോൾ 30 ശതമാനമാണ് വാടകനിരക്കിലെ വർധന. അതേസമയം 2007-ലെ ഉയർന്ന നിരക്കിനേക്കാൾ പത്തു ശതമാനം താഴെയും.