ദുബായ്: അടുത്ത ആറു മാസത്തിനുള്ളിൽ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ വാടകനിരക്കിൽ ഇടിവുണ്ടായേക്കാമെന്ന് യുഎഇ റിയൽ എസ്റ്റേറ്റ് വിദഗ്ദ്ധർ. പല തൊഴിലുകളിൽ നിന്നും വിദേശികളെ പിരിച്ചുവിടുന്നതും ഹൗസിങ് യൂണിറ്റുകളുടെ ലഭ്യത കൂടുതലും ഈ മേഖലയിൽ ഡിമാൻഡ് കുറച്ചിരിക്കുകയാണെന്നും ഇതാണ് വാടകനിരക്ക് കുറയാൻ പ്രധാന കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

സാധാരണ സമ്മറിൽ വാടകനിരക്കിൽ വർധനയാണ് രേഖപ്പെടുത്തുക. ഈ സമയത്താണ് കൂടുതലായും കമ്പനികൾ പുതുതായി ആളുകളെ ജോലിക്കെടുക്കുന്നതും. എന്നാൽ ഈ വർഷം ജോലിയിൽ നിന്ന് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടതിനാൽ അബുദാബിയിലെ വാടകനിരക്കിൽ ഇത് ഉടൻ പ്രതിഫലിച്ചു തുടങ്ങി. അഞ്ചു മുതൽ പത്തു ശതമാനം വരെയാണ് അടുത്ത ആറു മാസത്തേക്ക് വാടകനിരക്കിൽ ഇടിവുണ്ടാകാൻ സാധ്യതയുള്ളത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ അബുദാബിയിൽ തന്നെ വില്ലകളുടേയും അപ്പാർട്ട്‌മെന്റുകളുടേയും വാടകനിരക്കിൽ പത്തു ശതമാനം വരെ ഇടിവുണ്ടായി. ഈ ട്രെൻഡ് ഇനിയും തുടരുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.

വാടകനിരക്ക് ഇടിഞ്ഞതു കൂടാതെ ഒട്ടേറെ യൂണിറ്റുകൾ ഒഴിഞ്ഞും കിടക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ദുബായിലാകട്ടെ അപ്പാർട്ട്‌മെന്റുകളുടെ വാടകയിൽ മൂന്നു ശതമാനവും വില്ലകളുടെ വാടകനിരക്കിൽ എട്ടു ശതമാനവും കുറവ് ഇപ്പോൾ രേഖപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെക്കാൾ പത്തു ശതമാനമാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.

ഷാർജയിലും പ്രോപ്പർട്ടികളുടെ ഓവർ സപ്ലൈ മൂലം വാടകയിൽ കനത്ത ഇടിവു കാണുന്നുണ്ട്. അടുത്ത ആറുമാസം ഇതേ ട്രെൻഡ് തുടരുമെന്നു തന്നെയാണ് കരുതുന്നത്. കഴിഞ്ഞ വർഷം മുൻ വർഷത്തെക്കാൾ പത്തു മുതൽ 15 ശതമാനം വരെ അധികം തുക നൽകിയാൽ മാത്രമേ വീടു വാടകയ്ക്കു ലഭിക്കുമായിരുന്നുള്ളൂ. എന്നാൽ ദുബായിലും വാടകയിൽ കുറവു വന്നതോടെ ഷാർജയിൽ നിന്ന് ഒട്ടേറെപ്പേർ ദുബായിലേക്ക് ചേക്കേറുന്ന കാഴ്ചയാണിപ്പോൾ. അതുകൊണ്ടു തന്നെ ഷാർജയിൽ ഏറെ ഫ്‌ളാറ്റുകൾ ഒഴിഞ്ഞുകൊണ്ടിരിക്കുന്നു. വാടകയിനത്തിൽ പത്തു ശതമാനത്തോളം ഇടിവാണ് ഇവിടേയും പ്രതീക്ഷിക്കുന്നത്.