അബുദാബി: എണ്ണവില ഇടിവിനെ തുടർന്ന് ഖജനാവിലേക്കുള്ള വരുമാനം കൂട്ടാൻ വീണ്ടും പ്രവാസികളുടെ മേൽ ഭാരം വർധിപ്പിച്ച് സർക്കാർ. അബുദാബി എമിറേറ്റിൽ താമസിക്കുന്ന വിദേശികൾ ഇനി മുതൽ മുനിസിപ്പൽ ഫീസ് അടയ്‌ക്കേണ്ടി വരും. വാടകയുടെ മൂന്നു ശതമാനമാണ് വിദേശികൾ മുനിസിപ്പൽ ഫീസായി അടയ്‌ക്കേണ്ടത്. മുനിസിപ്പൽ ഫീസ് ഈടാക്കുന്നതോടെ വാടയിനത്തിൽ പ്രവാസികൾക്ക് അധികചെലവാണ് വരിക.

ഫീസ് സംബന്ധിച്ച നിയമത്തിന് 2016 ഫെബ്രുവരി മുതൽ പ്രാബല്യമുള്ളതിനാൽ ഈ വർഷത്തെ മാത്രമല്ല 2016ലെ 11 മാസത്തെ ഫീസ് കൂടി അടക്കേണ്ടി വരും. അബുദാബി ഡിസ്ട്രിബ്യൂഷൻ കമ്പനി (എ.ഡി.സി) വൈദ്യൂതി, വെള്ളം തുടങ്ങിയവക്കുള്ള ഫീസിനൊപ്പം ഈ ഫീസ് കൂടി ചേർത്തായിരിക്കും ഇനി ബില്ല് നൽകുക.

താമസ ഫീസ് ഈടാക്കുന്നത് സംബന്ധിച്ച നിയമം 2016 ഫെബ്രുവരിയിലെ ഔദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിനാലാണ് കഴിഞ്ഞ 11 മാസത്തെ ഫീസ് കൂടി ഈടാക്കുന്നത്. 11 മാസത്തെ ഫീസ് ഒന്നിച്ച് അടക്കേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, 2017 ജനുവരി മുതലുള്ള ഫീസ് മാസത്തവണകളായി അടച്ചാൽ മതി.