ഡബ്ലിൻ: ഒരു വർഷത്തിനുള്ളിൽ ഡബ്ലിനിലെ വാടകയിനത്തിൽ 1,200 യൂറോയുടെ വർധനയുണ്ടായതായി പ്രൈവറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡ് (പിആർടിബി) റിപ്പോർട്ട്. ഡബ്ലിനു പുറത്തുള്ള വാടകയേക്കാൾ നാലു മടങ്ങ് വർധനയാണ് തലസ്ഥാനത്ത് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.

ഓരോ മാസവും വാടകയിൽ പത്തു ശതമാനം അല്ലെങ്കിൽ 104 യൂറോയുടെ വർധനയുണ്ടായതിനാലാണ് 12 മാസത്തിനുള്ളിൽ 1200 യൂറോയുടെ വർധന രേഖപ്പെടുത്തിയതെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം തലസ്ഥാനത്തിനു പുറത്തുള്ള മേഖലകളിലെ വാടകയിനത്തിൽ ശരാശരി 3.9 ശതമാനം മാത്രമാണ് വർധനയുണ്ടായിട്ടുള്ളത്. അതായത് മാസം ശരാശരി 24 യൂറോയുടെ വർധന.
ഡബ്ലിനിൽ വീട്ടുവാടകയിൽ ഏഴു ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1,216 യൂറോയിൽ നിന്ന് 1,301 യൂറോയായാണ് വീട്ടുവാടക വർധിച്ചത്. അതേസമയം ഡബ്ലിൻ അപ്പാർട്ട്‌മെന്റുകളുടെ വാടകയിൽ 10.9 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1,051 യൂറോയിൽ നിന്ന് 1,166 യൂറോയായാണ് അപ്പാർട്ട്‌മെന്റ് വാടക വർധിച്ചത്.

ഡബ്ലിനിലേതു പോലെ തന്നെ വീടുകൾക്കും അപ്പാർട്ട്‌മെന്റുകൾക്കും വ്യത്യസ്ത തരത്തിലാണ് ഡബ്ലിനു പുറത്തും വാടക വർധന ഉണ്ടായിട്ടുള്ളത്. ഇവിടങ്ങളിൽ വീടുകളുടെ വാടകയിൽ 4.4 ശതമാനം വർധന രേഖപ്പെടുത്തുമ്പോൾ അപ്പാർട്ട്‌മെന്റുകളുടെ വാടകയിൽ 2.9 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. വീടുകൾക്ക് 639 യൂറോയിൽ 667 യൂറോയായും അപ്പാർട്ട്‌മെന്റുകൾക്ക് 595 യൂറോയിൽ നിന്ന് 612 യൂറോയായും വാടക വർധിച്ചു.

അതേസമയം 2014-ലെ അവസാനത്തെ മൂന്നു മാസത്തെ വാടക നിരക്ക് നോക്കുകയാണെങ്കിൽ ഡബ്ലിനിൽ നേരിയ തോതിൽ മാത്രമാണ് വാടക വർധിച്ചത്. പ്രത്യേകിച്ച് അപ്പാർട്ട്‌മെന്റ് മേഖലകളിൽ. ഡബ്ലിനു പുറത്ത് വാടക കുറയുകയായിരുന്നു. എന്നാൽ വർഷം മൊത്തമുള്ള കണക്കു പ്രകാരം രാജ്യമെമ്പാടും 0.6 ശതമാനം വാടകയാണ് വർധിച്ചിട്ടുള്ളതെന്ന് വ്യക്തമാകുന്നു.