ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായിട്ടും സാക്ഷി മാലിക്കിന് എങ്ങനെയാണ് വെങ്കല മെഡൽ ലഭിച്ചത് എന്ന് പലർക്കും മനസ്സിലായില്ല. റെപ്പഷാഗെ എന്ന മാർഗത്തിലൂടെയാണ് അവർക്ക് മെഡൽ ലഭിച്ചത്. മുമ്പ് സുശീൽ കുമാറും യോഗേശ്വർ ദത്തും ഒളിമ്പിക്‌സിലെ കന്നി മെഡൽ നേടിയതും റെപ്പഷാഗെയെന്ന വഴിയിലൂടെയാണ്. ഇപ്പോൾ തുടർച്ചയായ മൂന്നാം ഒളിമ്പിക്‌സിലും റെപ്പഷാഗെ ഇന്ത്യയ്ക്ക് മെഡൽ നൽകുന്നു. അതുകൊണ്ട് തന്നെ ഗുസ്തിയിലെ ഇന്ത്യയുടെ ഭാഗ്യനിയമമാണ് റെപ്പഷാഗെ.

എല്ലാ കളികളിലും ആദ്യ മൂന്നാം സ്ഥാനക്കാർക്കാണ് മെഡലുകൾ. സെമി ഫൈനൽ മത്സരമുള്ള ചില ഇനങ്ങളിൽ രണ്ട് പേർക്ക് വെങ്കലും കിട്ടും. ഗുസ്തിയിൽ ഈ പതിവാണ് റെപ്പഷാഗെ തെറ്റിക്കുന്നത്. സെമിയിൽ എത്തിയാൽ മെഡൽ ഉറപ്പില്ലാത്ത ഒളിമ്പിക് മത്സര ഇനമാണ് ഇത്. ഫൈനലിൽ എത്തുന്ന കരുത്തന്മാരുമായുള്ള മൽപ്പിടിത്തത്തിൽ അടിതെറ്റുന്നവർക്കെല്ലാം മെഡൽ ഭാഗ്യമൊരുക്കുന്ന നിയമം. കഴിഞ്ഞ ദിവസം ഈ നിയമമാണ് സാക്ഷി മാലിക്കിനും തുണയായത്. ക്വാർട്ടറിൽ തോറ്റ സാക്ഷി മാലിക്ക്, റെപ്പഷാഗെ മത്സരത്തിൽ കറുത്ത കുതിരയായി. ബെയ്ജിംഗിൽ സുശീൽ കുമാറിന്റെ വെങ്കലവും യോഗേഷർ ദത്തിന്റെ ലണ്ടനിലെ നേട്ടവും ആവർത്തിക്കപ്പെട്ടു.

റിയോയിൽ വനിതാ ഗുസ്തിയിലെ 58 കിലോയിൽ സെമിയിൽ കയറിയ രണ്ട് പേർക്കും വെങ്കലമില്ല. ഈ ഇനത്തിൽ ഫെനലിലെത്തി സ്വർണം നേടിയത് ജപ്പാന്റെ ഇക്കോ കവോറിയായിരുന്നു. വലേറിയ കോബ്ലോവ വെള്ളിയും നേടി. മത്സര ക്രമം അനുസരിച്ച് തുർക്കിയുടെ യാസ്ലിൻ മാർക് എലിഫ് ജെയിനും കൊളമ്പിയയുടെ റെണേറ്റേരിയ കസീലോ ജാക്കലിനുമായിരുന്നു സെമിയിൽ എത്തിയ മറ്റ് താരങ്ങൾ. എന്നാൽ വെങ്കല മെഡലിന് റെപ്പഷാഗെയുള്ളതിനാൽ ആദ്യ നാലിലെത്തിയ അവസാന രണ്ട് പേർക്ക് മെഡൽ ഇല്ല. ഇവരും റെപ്പഷാഗെയിൽ മത്സരിക്കണം. അങ്ങനെ കിർഗിസ്ഥാൻ താരം ഐസുലു ടിൻബെക്കോവയെ 8-5 നു പരാജയപ്പെടുത്തിയാണ് സാക്ഷി മെഡൽ സ്വന്തമാക്കിയത്.

റെപ്പഷാഗെ നിയമം ഇങ്ങനെ: ഫൈനലിൽ എത്തുന്ന രണ്ട് പേർക്ക് സ്വർണവും വെള്ളിയും ലഭിക്കും. എന്നാൽ സെമിയിൽ തോൽക്കുന്നവർക്കൊപ്പം തന്നെ നോക്കൗട്ട് മത്സരങ്ങളിൽ പരാജയപ്പെട്ടവർക്കും വെങ്കല മെഡൽ ലഭിക്കാനുള്ള സാധ്യതയുണ്ട്. 2 വെങ്കല മെഡലുകളാണ് ഗുസ്തിയിൽ സമ്മാനിക്കുന്നത്. ഫൈനലിൽ എത്തിയ രണ്ട് പേരോടും നോക്കൗട്ട് ഘട്ടത്തിൽ തോറ്റവർക്കാണ് റെപ്പഷാഗെ റൗണ്ടിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്. ഫൈനലിൽ എത്തിയവരോട് തോറ്റവരെ രണ്ട് ഗ്രൂപ്പുകളിലായി തിരിക്കുകയാണ് ആദ്യം ചെയ്യുന്നത്. പ്രീക്വാർട്ടറിലും ക്വാർട്ടറിലും ഫൈനലിസ്റ്റിനോട് തോറ്റവർ ആദ്യം ഏറ്റ്മുട്ടും ഇതിലെ വിജയി ഫൈനലിസ്റ്റിനോട് സെമിയിൽ തോറ്റയാളോട് ഏറ്റുമുട്ടും ഇതിലെ വിജയിക്ക് വെങ്കലം ലഭിക്കും അങ്ങനെ രണ്ട് ഗ്രൂപ്പിലും വിജയിക്കുന്നവർക്ക് വെങ്കലം ലഭിക്കും. ഈ നിയമം സാക്ഷിക്കും മെഡൽ നേട്ടത്തിനുള്ള വഴിയൊരുക്കി

ആദ്യമായാണ് ഒളിമ്പിക്‌സിൽ ഒരു ഇന്ത്യൻ വനിതാ ഗുസ്തിതാരം മെഡൽ നേടുന്നത്. മത്സരത്തിന്റെ ആദ്യ പീരിയഡിൽ പിന്നിലായിരുന്ന സാക്ഷി രണ്ടാം പീരിയഡിലാണ് മികച്ച മുന്നേറ്റവുമായി തിരിച്ചുവന്നത്.പ്രാഥമിക റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച സാക്ഷി ക്വാർട്ടറിൽ വലേറിയ കോബ്ലോവയോട് പരാജയപ്പെട്ടിരുന്നു. തോറ്റെങ്കിലും വലേറിയ ഫൈനലിൽ എത്തിയതിനാൽ റെപ്പഹാഷെ റൗണ്ടിൽ മത്സരിച്ച് വെങ്കലം നേടാനുള്ള അവസരം സാക്ഷിക്ക് ലഭിച്ചത്. ഇരു കൈയും നീട്ടി ഈ വെല്ലുവിളി ഏറ്റെടുത്തു. ഒടുവിൽ രാജ്യത്തിനായി റിയോയിലെ ആദ്യ മെഡലിൽ മുത്തമിട്ടു. ആദ്യ പിരീയഡിൽ കിർഗിസ്ഥാൻ താരത്തിനെതിരെ പിന്നിലായിരുന്ന സാക്ഷി രണ്ടാം പിരിയിഡിലാണ് തിരിച്ചു വന്നത്.

ആദ്യ പിരീയഡിൽ ഐസുലു അഞ്ച് പോയിന്റ് നേടിയപ്പോൾ സാക്ഷിക്ക് ഒരു താക്കീത് ലഭിച്ചു.എന്നാൽ രണ്ടാം പിരീയഡിൽ എട്ട് പോയിന്റുമായി സാക്ഷി മത്സരത്തിലേക്ക് തിരിച്ചു വന്നു. സാക്ഷിക്ക് മൂന്ന് ക്ലാസ് പോയിന്റും ഐസുലുവിന് ഒരു ക്ലാസ് പോയിന്റുമാണ് ലഭിച്ചത്. നേരത്തെ റെപ്പഷാഗെ റൗണ്ടിൽ മംഗോളിയയുടെ പുറവദോർജ് ഓർക്കോനെ പരാജയപ്പെടുത്തിയാണ് സാക്ഷി വെങ്കല മെഡലിനായുള്ള മത്സരത്തിന് യോഗ്യത നേടിയത്. സ്‌കോർ: 12-3.