കൊച്ചി: കേരളത്തിൽ വികസന മുരടിപ്പാണെന്നും ഇരുമുന്നണികളും കപടമായ വാഗ്ദാനങ്ങൾ നൽകി കേരളത്തെ വഞ്ചിക്കുകയാണെന്നും ശ്രീശാന്ത് മാദ്ധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. മറുനാടൻ മലയാളിക്ക് നൽകി അഭിമുഖത്തിലും ശ്രീ ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. ഗുജറാത്തിനെ ചൂണ്ടിയാണ് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയായ ശ്രീശാന്ത് കേരളത്തിലെ വികസന മുരടിപ്പിനെ കുറിച്ച് പറഞ്ഞത്. എന്തായാലും ഗുജറാത്തിനെ കുറിച്ച് നല്ലത് പറഞ്ഞാൽ അത് ആരെയാണെങ്കിലും പൊങ്കാലയിടുക എന്നത് ആചാരം പോലെ കേരളത്തിൽ വളർന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ശ്രീശാന്തിനും വിമർശനങ്ങളുടെ പെരുമഴ തന്നെ ഈ പ്രസ്താവനയിലൂടെ നേരിടേണ്ടി വന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനം കേരളത്തിൽ ഇല്ലെന്നും ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളെയാണ് കേരളം മാതൃകയാക്കേണ്ടതെന്നുമായിരുന്നു ശ്രീശാന്ത് പറഞ്ഞത്. എന്തായാലും ശ്രീശാന്തിന് ഇപ്പോൾ ഗുജറാത്തിൽ നിന്നും മറുപടി എത്തിയിരിക്കയാണ്. അഹമ്മദാബാദ് സ്വദേശിയായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ പ്രതീക് സിൻഹയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ശ്രീശാന്തിനുള്ള മറുപടി നൽകിയിരിക്കുന്നത്.

ഗുജറാത്ത് മോഡൽ വികസനം കേരളത്തിൽ നടപ്പിലാക്കുമെന്ന് പറഞ്ഞ ശ്രീശാന്തിന്റെ ശ്രദ്ധ ചില കണക്കുകളിലേക്ക് ക്ഷണിച്ചാണ് പ്രതീക് മറുപടി നൽകുന്നത്. ദേശീയ മാനുഷിക വികസന സൂചിക പ്രകാരം കേരളം ഒന്നാമതാണ്. എന്നാൽ ഗുജറാത്താകട്ടെ പന്ത്രണ്ടാം സ്ഥാനത്താണെന്ന് പ്രതീക് പറയുന്നു. ഇനി ലോകാടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ബഹ്‌റൈന്റെ കൂടെ കേരളം 45ആം സ്ഥാനത്താണ്,പക്ഷെ ഗുജറാത്തിന് തിമോറിനൊപ്പം 133ആം റാങ്കാണുള്ളതെന്നും പോസ്റ്റിൽ പറയുന്നു.എന്നിട്ടും കേരളത്തിൽ ഗുജറാത്ത് മോഡൽ കൊണ്ടുവരണമെന്നാണ് ശ്രീശാന്ത് പറയുന്നതെങ്കിൽ പണ്ട് മോദി പറഞ്ഞ പ്രസ്താവന കൂടി ഓർമ്മിക്കണമെന്നും പ്രതീക് പറഞ്ഞു.

'ഗുജറാത്തിലെ പോഷകാഹാര കുറവിന് കാരണം സ്ത്രീകളുടെ സൗന്ദര്യ ഭ്രമമാണെന്ന് നേത്തേ മോദി പ്രസ്താവന നടത്തിയിരുന്നു. തലസ്ഥാനത്തിന്റേയും കേരളത്തിന്റേയും മുഖഛായ മാറ്റാനൊരുങ്ങുന്ന ശ്രീശാന്ത് കാര്യങ്ങൾ വ്യക്തമായി പഠിച്ചശേഷം മാത്രം അഭിപ്രായപ്രകടനം നടത്തുന്നതാണ് രാഷ്ട്രീയത്തിൽ ഉത്തമമെന്നും ഇതിനോടകം അഭിപ്രായങ്ങൾ സജീവമായിക്കഴിഞ്ഞു.