വാഷിങ്ങ്ടൺ: ഇന്ന് പുലർച്ചെ നടന്ന ഓസ്‌കാർ അവാർഡ് ദാനം ഒട്ടേറെ കാരണങ്ങൾ കൊണ്ട് തന്നെ നേരത്തെ പതിവിൽ കൂടുതൽ വാർത്തയിൽ ഇടം നേടിയിരുന്നു.ഇതിന് പിന്നാലെയാണ് വിൽസ്മിത്ത് അവതാരകനെ മുഖത്തടിച്ച സംഭവവും അവാർഡ് ദാനത്തെ കൂടുതൽ ചർച്ചയ്ക്ക് ഇടയാക്കിയത്.തന്റെ ഭാര്യയെക്കുറിച്ചുള്ള പ്രതികരണത്തിൽ പ്രകോപിതാനായാണ് വിൽസ്മിത്ത് അവതാരകന്റെ മുഖത്തടിച്ചത്.ഇപ്പോഴിത വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഓസ്‌കർ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ്.

 

ഒരു തരത്തിലുമുള്ള അക്രമത്തെയും അനുകൂലിക്കുന്നില്ലെന്ന് അക്കാദി അറിയിച്ചു. ഓസ്‌കർ പുരസ്‌കാരം ലഭിച്ച എല്ലാവരെയും അക്കാദമി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് അക്കാദമി പ്രതികരണം അറിയിച്ചത്.വിഷയത്തിൽ വേദിയിൽ വച്ച് തന്നെ വിൽസ്്മിത്ത് പ്രതികരിച്ചിരുന്നു.വിൽ സ്മിത്ത് നടത്തിയ പ്രസംഗം വികാരനിർഭരമായിരുന്നു. അക്കാദമിയോടും തനിക്കൊപ്പം പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവരോടും ക്ഷമാപണം നടത്തിയ വിൽ സ്മിത്ത് താനും റിച്ചാർഡ് വില്യംസിനെപ്പോലെ ഭ്രാന്തനായ അച്ഛനായെന്നു പ്രതികരിച്ചു. 'സ്‌നേഹം നിങ്ങളെ ഭ്രാന്തമായ കാര്യങ്ങൾ ചെയ്യിപ്പിക്കും,' നിറകണ്ണുകളോടെ വിൽ സ്മിത്ത് പറഞ്ഞു.

ഓസ്‌കറിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം സമ്മാനിക്കാനിരിക്കെയാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.വേദിയിൽ വെച്ച് കൊമേഡിയൻ ക്രിസ് റോക്ക് ജാദ പിങ്കറ്റ് സ്മിത്തിന്റെ രൂപത്തെക്കുറിച്ച് പരാമർശം നടത്തി. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാദ എത്തിയത്. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്റെ പരാമർശം.

ജി.ഐ ജെയ്ൻ എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായി ജാദയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തി. ഉടൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ വിൽ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു. 'എന്റെ ഭാര്യയെ കുറിച്ചു നിന്റെ വൃത്തികെട്ട വായ കൊണ്ടു പറയരുതെ'ന്ന് ഉറക്കെപ്പറഞ്ഞു.

അടിച്ചത് കാര്യമായിട്ടാണോ തമാശയ്ക്കാണോ എന്ന സംശയത്തിലായിരുന്നു നിരവധി ആരാധകർ.തൊട്ടുടനെ തന്നെ 'കിങ് റിച്ചാർഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കർ അതേ വേദിയിൽ വിൽ സ്മിത്ത് ഏറ്റുവാങ്ങി.