കൊച്ചി: ജിഷ കൊലപാതകക്കേസിൽ വാദങ്ങളും എതിർവാദങ്ങളും കൊഴുക്കുകയാണ്. അമീറുൾ തന്നെയാണോ പ്രതിയെന്നു സംശയമുണ്ടെന്നും ജിഷയുടെ അമ്മ രാജേശ്വരിയെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും വിവിധ കോണുകളിൽ നിന്നു വാദങ്ങൾ ഉയരുന്നുണ്ട്.

സോഷ്യൽ മീഡിയയിലെ ചർച്ചകളും ചാനലുകളിലെ ചർച്ചകളും വിവിധ സംശയങ്ങളുയർത്തിയാണു മുന്നോട്ടു പോകുന്നത്. അമീറുൾ പതിനെട്ടോ പത്തൊമ്പതോ വയസുമാത്രമുള്ള വെറും കുട്ടിയാണെന്നും പ്രതി ഇയാളാണോ എന്നു സംശയമുണ്ടെന്നുമാണു മുൻ പൊലീസ് ഉദ്യോഗസ്ഥൻ ജോർജ് ജോസഫ് റിപ്പോർട്ടർ ചാനൽ ചർച്ചയിൽ പറഞ്ഞത്.

ജിഷയുടെ ശരീരത്തിൽ കണ്ട മുറിവുകൾ ഒരു കത്തികൊണ്ട് മാത്രമുണ്ടായതാണെന്ന് കരുതുന്നില്ല. കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തേയും സംശയിക്കുന്നു. പ്രതി അമീറുളിന് ഹിന്ദി ശരിക്കും വഴങ്ങുക പോലുമില്ല. പതിനെട്ടോ പത്തൊമ്പതോ വയസ് മാത്രമുള്ള ഒരു കുട്ടിയായി മാത്രമാണ് അമീറുളിനെ കണക്കാക്കുന്നത്. പ്രതിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്താൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും ജോർജ് ജെയിംസ് ചോദിച്ചു.

ജോർജ് ജെയിംസിനെ പിന്തുണയ്ക്കുന്നത് തന്നെയായിരുന്നു പരിപാടിയിൽ അതിഥിയായെത്തിയ ക്രിമിനോളജിസ്റ്റ് ജെയിംസ് വടക്കഞ്ചേരിയുടേയും പ്രതികരണം. തിരിച്ചറിയൽ പരേഡുകൊണ്ടു മാത്രം പ്രതി അമീറുള്ളാണെന്ന് സ്ഥിരീകരിക്കാനാവില്ല. അമീറുള്ളിനെ വീട്ടമ്മ തിരിച്ചറിഞ്ഞുവെന്ന് പറയുന്നതിൽ പ്രത്യേകിച്ച് അർത്ഥമൊന്നും തോന്നുന്നില്ലെന്നും വടക്കഞ്ചേരി പറഞ്ഞു. കേസിൽ ദ്വിഭാഷിയായി നിന്ന ആളുടെ യോഗ്യത കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ആദ്യ ദ്വിഭാഷിയെ മാറ്റി മറ്റൊരാളെ നിയമിച്ചതിന്റെ വസ്തുത പരിശോധിക്കണം. പ്രതി അമീറുൾ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ബ്രയിൻ മാപ്പിങ്, ഹിപ്നോട്ടിസം ഉൾപ്പെടെയുള്ളവ ഉപയോഗിക്കാമെന്നും ജോർജ് വടക്കഞ്ചേരി പറഞ്ഞു.

ജിഷയുടെ മരണം സംഭവിച്ച ശേഷമുള്ള രണ്ടാമത്തെ ദിവസം അമ്മ രാജേശ്വരി വിളിച്ചു പറഞ്ഞ (അവനുമായി ബന്ധം പാടില്ലെന്ന് അവളോട്(ജിഷ)ഞാൻ പറഞ്ഞതാണ്, അവൻ തന്നെയാണ് കൊലായാളി) കാര്യങ്ങൾ കൃത്യമായി പരിശോധിച്ച് കണ്ടെത്തേണ്ടതുണ്ടെന്ന് മുൻ പൊലീസ് ഉദ്യോഗസ്ഥൻ സുഭാഷ് ബാബു പറഞ്ഞു. ജിഷയുടെ അമ്മ പറഞ്ഞ ആൾ ആരാണെന്ന് കണ്ടേത്തണ്ടത് അത്യാവശ്യമാണ്. ജിഷയുടെ കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിൽ പൊലീസിന് വീഴ്ച പറ്റി. പ്രതി അമീറുൾ തന്നെയാണോ എന്ന് സ്ഥിരീകരിക്കുക പോലും ചെയ്യാതെയുള്ള അറസ്റ്റ് സംശയകരമാണെന്നും സുഭാഷ് ബാബു കൂട്ടിച്ചേർത്തു.