കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന റിപ്പോർട്ടർ ചാനലിലെ ജീവനക്കാർ കടുത്ത ആശങ്കയിൽ. സ്ഥാപനത്തിന്റെ എംഡിയും എക്‌സിക്യൂട്ടീവ് എഡിറ്ററുമായ നികേഷ് കുമാർ സിഎംപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇറങ്ങിയേക്കുമെന്നുള്ള സാധ്യതകൾ വർദ്ധിച്ചതോടെ പല ജീവനക്കാരും മറ്റ് ചാനലുകളിലേക്ക് ചേക്കേറി തുടങ്ങി. കഴിഞ്ഞ ആഴ്‌ച്ച പ്രമുഖരായ മൂന്ന് മാദ്ധ്യമപ്രവർത്തകർ കൂടി റിപ്പോർട്ടറിൽ നിന്നും രാജിവച്ചു. മാസങ്ങളോളം ശമ്പളം കൊടുക്കാത്ത നിലയിലുള്ള ചാനലിൽ നിന്നും ജീവനക്കാർ കൊഴിഞ്ഞു പോകുന്നതും ചാനലിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.

നിലവിൽ ചാനലിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ കൂടുതൽ പേരും കൊഴിഞ്ഞു പോകുമെന്നാണ് അറിയുന്നത്. മറ്റ് സ്ഥാപനങ്ങളിൽ പലരും ജോലി അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ നികേഷ് കുമാറിനോട് മത്സരിക്കാൻ തയ്യാറായിരിക്കാൻ സിപിഐ(എം) നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. പാർട്ടിയുടെ സംവാദ വേദികളിൽ സജീവമാകാനാണ് നികേഷിനോട് സിപിഐ(എം) നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ, മത്സര രംഗത്തുണ്ടാകുമോ എന്ന കാര്യം നികേഷ് കുമാർ ഇനിയും തുറന്നുപറഞ്ഞിട്ടില്ല. ജീവനക്കാരിൽ വിശ്വസ്തരായവരോട് മത്സരിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് വെറും ആശ്വാസ വചനമായി മാത്രമേ ജീവനക്കാർ കാണുന്നത്.

അടുത്തിടെ വീണാ ജോർജ്ജിനെയും ചാനലിലേക്ക് അടുപ്പിച്ചിരുന്നു. ഇതോടെ നികേഷ് രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ വീണയ്ക്കായിരുന്നു ചാനലിന്റെ ചുക്കാൻ എന്ന ധാരണയും ഉണ്ടായിരുന്നു. എന്നാൽ, വീണാ ജോർജ്ജ് സജീവമായി ചാനലിൽ ഇടപെടൽ നടത്താറില്ല. വീണാ ജോർജ്ജ് താൽക്കാലികമായി മാത്രമാണ് ചാനലിന്റെ ഭാഗമായത് എന്നാണ് സൂചന. മാത്രമല്ല, നികേഷ് കുമാർ എന്ന ഒറ്റ വ്യക്തി തന്നയാണ് റിപ്പോർട്ടർ ചാനലിന്റെ ആകർഷക ഘടകം. നികേഷ് വിട്ടു നിന്നാൽ ചാനൽ അധികം താമസിയാതെ പൂട്ടുവീഴുകയും ചെയ്യുമെന്നത് ഉറപ്പാണ്. ഇങ്ങനെ ഏത് നിമിഷവും അടച്ചുപൂട്ടാൻ സാധ്യതയുള്ള സ്ഥാപനത്തിലാണ് തങ്ങൾ ജോലി ചെയ്യുന്നതെന്ന് ആശങ്കയാണ് ജീവനക്കാരിലുള്ളത്. ഇത് ദൂരീകരിക്കാൻ കൃത്യമായ മറുപടി നികേഷ് കുമാർ പറയുന്നുമില്ല.

നേരത്തെ പി കെ പ്രകാശിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകർ ചാനലിൽ നിന്നും കൊഴിഞ്ഞു പോയിരുന്നു. ഇതിന് പിന്നാലെ ശമ്പള പ്രശ്‌നം രൂക്ഷമായതോടെ മറ്റു പ്രമുഖരും ചാനൽ വിട്ടു. ഇതോടെ വളരെ ജൂനിയറായ ഒരുപറ്റം ജേണലിസ്റ്റുകളെ ഉപയോഗിച്ചാണ് ചാനൽ ഓടിക്കുന്നത്. ഈ സാഹചര്യത്തിൽ നികേഷ് കൂടി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയാൽ അത് രപ്രതിസന്ധികളെ രൂക്ഷമാക്കുകയേ ഉള്ളൂ. റിപ്പോർട്ടർ ചാനലിനെ ജനശ്രദ്ധ ആകർഷിച്ച ആർ ബാലകൃഷ്ണ പിള്ളയുടെ ജയിൽ സംഭാഷണം വാർത്തയാക്കിയ പ്രദീപ് സി നെടുമൺ, എൽദോ പോൾ, രഘുനാഥ് എന്നിവരാണ് കഴിഞ്ഞ ആഴ്‌ച്ച ചാനലിൽ നിന്നും പടിയിറങ്ങിയത്.

കുറച്ചുകാലമായി സിപിഐ(എം) വേദികളിൽ സ്ഥിര സാന്നിധ്യമാണ് നികേഷ്‌കുമാർ. സെമിനാറുകളും മറ്റ് പരിപാടികളിലും അദ്ദേഹം സ്ഥിരമായി പങ്കെടുത്തുവരുന്നു. പിതാവ് തുടങ്ങിയ സിഎംപി എന്ന പാർട്ടി സിപി ജോൺ അടക്കമുള്ള ഒരുവിഭാഗം കൊണ്ടുപോകുന്ന ഘട്ടം വന്നപ്പോഴാണ് നികേഷ് കൂടുതൽ ഇടപെടൽ നടത്തിയത്. പാപ്പിനിശ്ശേരിയിലെ വിഷ ചികിത്സാ കേന്ദ്രം പിടിച്ചെടുക്കാൻ വേണ്ടി സിപി ജോണും സംഘടനും നടത്തിയ ശ്രമങ്ങളും നികേഷ് നേരിട്ടിറങ്ങിയാണ് ചെറുത്തത്. ഇതിന് ശേഷം സിപിഎമ്മുമായി കൂടുതൽ അടുക്കുകയാണ് ചെയ്തത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ പിണറായി വിജയൻ നയിക്കുന്ന കേരള യാത്രയിൽ അടക്കം അനുകൂല വാർത്തകൾ ഇനി റിപ്പോർട്ടർ ചാനൽ നൽകേണ്ടി വരുമെന്ന കാര്യവും ഉറപ്പാണ്. നേരത്തെ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നിലപാട് സ്വീകരിച്ചിരുന്നു നികേഷ് കുമാർ. എന്നാൽ മാറിയ സാഹചര്യത്തിൽ ഈ തീരുമാനം പുനഃപരിശോധിക്കാനാണ് അദ്ദേഹം ഒരുങ്ങുകയും ചെയ്യുന്നുണ്. അതേസമയം അരവിന്ദാക്ഷൻ വിഭാഗം നേതൃത്വം നൽകുന്ന സിഎംപി നേതാക്കളും നികേഷിന് മേൽ മത്സരിക്കാൻ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇപ്പോൾ നോ പറയുന്നുണ്ടെങ്കിലും അവസാന നിമിഷം അദ്ദേഹം മത്സര രംഗത്തുണ്ടാകുമെന്ന് തന്നെയാണ് സിഎംപിസിപിഐ(എം) നേതാക്കളും നൽകുന്ന സൂചന. നികേഷിനായി കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലം നൽകാമെന്നാണ് ഓഫർ എന്നും അറിയുന്നു.