കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിലെ സിപിഐ(എം) സ്ഥാനാർത്ഥിയായിരുന്നു എം വി നികേഷ് കുമാർ. നികേഷ് കുമാർ മത്സരിക്കാനിറങ്ങിയപ്പോൾ റിപ്പോർട്ടർ ചാനലിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മാദ്ധ്യമ സുഹൃത്തുക്കളും പിന്തുണ നൽകി. റിപ്പോർട്ടർ ചാനലിനെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഗ്രസിച്ച് പ്രശ്‌നങ്ങൾ നിലനിൽക്കേ തന്നെയാണ് നികേഷ് കുമാർ മത്സരരംഗത്തേക്കിറങ്ങിയത്. ശമ്പളം മുടങ്ങുന്നത് പതിവായ ചാനലിന്റെ മുതലാളി കൂടിയായ നികേഷ് വിജയിച്ചാൽ കാര്യങ്ങളെല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ചവർ ഏറെയാണ്. സിപിഎമ്മിന് വേണ്ടി മത്സരിക്കുന്നു എന്നതും ഇടതുപക്ഷത്തിന് വേണ്ടി ശക്തമായി പ്രവർത്തിച്ചു എന്നതുമായിരുന്നു ഈ പ്രതീക്ഷയ്ക്ക് ആധാരം. എന്നാൽ, പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. നികേഷ് അഴീക്കോട് മണ്ഡലത്തിൽ തോറ്റതോടെ റിപ്പോർട്ടർ ചാനൽ വീണ്ടും കടുത്ത പ്രതിസന്ധിയിലാണ്.

തുടർച്ചയായി രണ്ട് മാസത്തെ ശമ്പളമാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ഏറെക്കാലമായി തുടർന്നു പോന്ന ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയോടെ ചാനലിലെ തന്നെ പലരും പൊരുത്തപ്പെട്ടു. എന്നാൽ, ഒരു മാസത്തെ ശമ്പളം മൂന്നും നാല് തവണയായി വീതിച്ച് ലഭിക്കുന്ന അവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ചാനലിലെ മാദ്ധ്യമപ്രവർത്തകർ. ശമ്പള വർദ്ധനവോ മറ്റ് ആനുകൂല്യങ്ങളോ ഒന്നുമില്ലാത്ത അവസ്ഥയിൽ തീർത്തും ദുരിതപൂർണ്ണമായ അവസ്ഥയിലാണ് ചാനലിൽ ജീവനക്കാർ. പ്രതിസന്ധി മൂർച്ഛിക്കുമ്പോൾ നികേഷ് ചാനലിനോട് അകലം പാലിക്കുകയും ചെയ്യുന്നതോടെ പലർക്കും പ്രതീക്ഷ നശിച്ച അവസ്ഥയിലാണ്.

തെരഞ്ഞെടുപ്പ് സമയത്ത് അടക്കം ഓടിനടന്ന് സ്വന്തം പോക്കറ്റിൽ നിന്ന് പണം എടുത്ത് ബ്യൂറോ റൺ ചെയ്യിച്ചവർ അടക്കം ഇപ്പോൾ പ്രതിസന്ധിയുടെ കയത്തിലാണ്. രണ്ട് മാസത്തെ ശമ്പളം ലഭിക്കാനുള്ളിടത്ത് ആയിരം രൂപ മാത്രം അക്കൗണ്ടിൽ ലഭിച്ച മാദ്ധ്യമപ്രവർത്തകരുണ്ട്. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ ജീവനക്കാർ. ചാനലിന്റെ സാമ്പത്തിക ബാധ്യതയെകുറിച്ചും അടച്ച് പൂട്ടൽ ഭീഷണിയെ കുറിച്ചുമൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. ഇക്കാലയളിൽ അനവധിപേർ ചാനൽ വിട്ടു. പലരും മറ്റ് ചാനലുകളിലേക്ക് കൂടേറി, ചിലർ വേറെ തൊഴിൽ തേടി പോയപ്പോൾ മറ്റുചിലർ മാദ്ധ്യമപ്രവർത്തനം തന്നെ അവസാനിപ്പിച്ചു.

അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ചാനൽ മേധാവി പ്രചരണ സമയത്ത് അഴീക്കോടിന്റെ പ്രശ്നങ്ങളെ കുറിച്ച് വാചാലനാവുകയും വീഡിയോ റിപ്പോർട്ട് ഉൾപ്പടെ തയ്യാറാക്കി വോട്ടു നേടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്വന്തം സ്ഥാപനത്തിൽ കൃത്യമായി ശമ്പളം പോലും നൽകാതെ മറ്റുള്ളവർ എങ്ങനെ ജീവിക്കുന്നു എന്നുപോലും ചിന്തിക്കാതെയാണോ നാട് നന്നാക്കുന്നത് എന്ന് യുഡിഎഫ് തിരിച്ചടിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഇതേ ചാനലിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാണിക്കാൻ യുഡിഎഫ് എങ്കിലും ഉണ്ടായിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് വേളയിലെങ്കിലും കാര്യങ്ങൾ അൽപ്പം നല്ലവിധത്തിൽ പോയി. ബാർ മുതലാളിമാരായ ചിലരുടെയും സഹായം ചാനലിന് അന്ന് ലഭിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവരുടെ ആവേശവും കെട്ടടങ്ങി.

തിരഞ്ഞെടുപ്പ് തോൽവിയോടെ നികേഷ് കുമാർ മാദ്ധ്യമ രംഗത്തേക്ക് തിരികെ എത്തിയില്ല. കണ്ണൂരിലാണ് അദ്ദേഹം കൂടുതൽ സമയം ചിലവഴിക്കുന്നത്. നികേഷ് ചാനലിന്റെ മുഖമല്ലാതായതോടെ ചാനൽ ബാർക്ക് റേറ്റിംഗിലും പിന്നിലായി. കിട്ടിയ അവസരത്തിൽ മറ്റു ചാനലുകളിലേക്ക് പ്രമുഖർ കുടിയേറുകയും ചെയ്തു. എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച ചാനലിൽ തുടർന്നവർ തീർത്തും നിരാശരാണിന്ന്. ചാനലിൽ ശമ്പളം മുടങ്ങിയതും സഹപ്രവർത്തകരുടെ കഷ്ടപ്പാടും അറിഞ്ഞ് ചില മാദ്ധ്യമപ്രവർത്തകർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതോടെ ചാനലിലെ ശമ്പള പ്രശ്‌നം വീണ്ടും സോഷ്യൽ മീഡിയയിലൂടെ സജീവമാകാനും ഒരുങ്ങുകയാണ്.

മറ്റെല്ലാ തൊഴിൽ മേഖലയിലും തൊഴിൽ വകുപ്പിന്റെ അടക്കം ഇടപെടൽ ഉണ്ടാകാറുണ്ട്. എന്നാൽ, ചാനൽ ജീവനക്കാരുടെ ജീവിത പ്രശ്‌നത്തിൽ ഇതുവരെ ആർക്കും ഇടപെടാൻ സാധിച്ചിട്ടില്ല. എൽഡിഎഫിന് വേണ്ടി മത്സരിച്ച നികേഷ് കുമാറിന്റെ ചാനലിലെ ശമ്പള പ്രശ്‌നത്തിൽ സർക്കാറിനോടും പരാതി പറയാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇന്ത്യാവിഷൻ ചാനലിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടി നടത്തിയ സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന ടി പി രാമകൃഷ്ണനാണ് ഇപ്പോഴത്തെ തൊഴിൽ മന്ത്രി. അതുകൊണ്ട് തന്നെ ചാനലിലെ ജീവനക്കാരുടെ പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായി അറിവുണ്ട് താനും. എന്നാൽ, സിപിഐ(എം) ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർത്ഥിയുടെ ചാനലിലെ ജീവനക്കാരുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ മന്ത്രി മുൻകൈയെടുക്കുമോ എന്ന് കണ്ടറിയണം.