കൊച്ചി: ബാർ കോഴയിലെ കോടികളുടെ ഇടപാടാണ് റിപ്പോർട്ടർ ടിവി ഇന്നലെ എഡിറ്റേഴ്‌സ് അവറിൽ ചർച്ച ചെയ്തത്. ബാറുടമാ നേതാവ് ബിജു രമേശുമായി റിപ്പോർട്ടർ ടിവിയുടെ എഡിറ്റർ നികേഷ് കുമാർ നടത്തിയ അഭിമുഖം ചർച്ചയാക്കുകയായിരുന്നു ലക്ഷ്യം.

പക്ഷേ മറുനാടൻ മലയാളി പുറത്ത് വിട്ട ബാറുടമാ യോഗത്തിലെ കോഴക്കണക്കാണ് എഡിറ്റേഴ്‌സ് അവറിൽ നിറഞ്ഞത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുതിർന്ന നേതാവുമായ ആനത്തലവട്ടം ആനന്ദൻ മറുനാടൻ മലയാളിയുടെ വാർത്തയുടെ പ്രിന്റ് ഔട്ടുമായാണ് ചർച്ചയ്ക്ക് എത്തിയത്. അതിലെ വാചകങ്ങളുമായി ബാറിലെ കോഴ സ്ഥിരീകരിക്കാൻ ആനത്തലവട്ടം ശ്രമിച്ചു.

മറുനാടൻ മലയാളിയുടെ ആധികാരികത ഉയർത്തിയായിരുന്നു വാർത്തയിലെ വസ്തുതകൾ ആനത്തലവട്ടം നിരത്തിയത്. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് വക്താവ് രാജ് മോഹൻ ഉണ്ണിത്താനും തയ്യാറായി. ആ വാർത്ത താൻ വായിച്ചെന്നും അതിൽ പിണറായിയുടെ പേരുമുണ്ടെന്നും രാജ്‌മോഹൻ തിരിച്ചടിച്ചു.

എന്നാൽ പിണറായി പണം വാങ്ങിയിട്ടില്ലെന്ന് മറുനാടൻ മലയാളിയിൽ തന്നെ ഉണ്ടെന്ന് ആനത്തലവട്ടം കൂട്ടിച്ചേർത്തു. ചർച്ചയ്ക്കിടെ മറുനാടൻ മലയാളി മൊബൈലിൽ തുറന്ന് വായിച്ചെന്നും രാജ്‌മോഹൻ പറഞ്ഞു. തർക്കം ശമിപ്പിച്ച് റിപ്പോർട്ടർ ടിവിയുടെ അഭിമുഖത്തിലേക്ക് എത്തിക്കാൻ പ്രമുഖ അവതാരകൻ കൂടിയായ നികേഷിനും കഴിഞ്ഞില്ല.

മറുനാടൻ മലയാളിയിലെ വാർത്തയെ കുറിച്ച് ചർച്ച ചെയ്യാൻ തന്നെയാണ് ആനത്തലവട്ടവും രാജ്‌മോഹനും ശ്രമിച്ചത്. എഡിറ്റേഴ്‌സ് അവറിൽ പതിനൊന്നാം മിനിറ്റിലാണ് മറുനാടൻ മലയാളിയുടെ വാർത്തയെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് തുടക്കമാകുന്നത്.

മറുനാടൻ മലയാളിയുടെ വാർത്ത ചർച്ചയായ റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവർ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക