ഡാളസ്സ്: ഇന്ത്യയുടെ 69-ാം മത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ വിവിധ പരിപാടികളോടെ ഡാളസ്സിൽ ആഘോഷിച്ചു.മാഹാത്മാ ഗാന്ധി മെമോറിയൽ ഓഫ് നോർത്ത് ടെക്‌സസ്സിന്റെ ആഭിമുഖ്യത്തിൽ ജനുവരി 26 ന് സംഘടിപ്പിച്ച ആഘോഷങ്ങളിൽ ഡാളസ്സ് ഫോർട്ട് മെട്രോപ്ലെക്‌സിൽ നിന്നും കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.

ആഘോഷങ്ങളുടെ ഭാഗമായി ചേർന്ന സമ്മേളനത്തിൽ എം ജി എം റ്റി ചെയർമാൻ ഡോ പ്രസാദ് തോട്ടക്കുറ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഗാനാലാപനത്തോടെ തുടക്കമിട്ട ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെ സംഘടന സെക്രട്ടറി റാവുകൽവാല സ്വാഗതം ചെയ്തു.

അറുപത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ് നിലവിൽ വന്ന ഇന്ത്യൻ ഭരണഘടന, മറ്റ് മതങ്ങൾക്ക് അവരുടേതായ വിശുദ്ധ ഗ്രന്ഥങ്ങൾ പോലെ ഇന്ത്യൻ വിശുദ്ധ ഗ്രന്ഥമാണെന്നും ഇന്ത്യൻ ഭരണഘടനയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ ഓരോ ഭാരതീയനും പ്രതിജ്ഞാബന്ധമാണെന്നും ഡോ. തോട്ടക്കുറ അദ്ധ്യക്ഷത പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

ഇന്ത്യൻ ഭരണഘടനയുടെ പിതാവെന്ന് അറിയപ്പെടുന്ന ഡോ അംബേദ്ക്കർ, ഇന്ത്യൻ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു, രാജേന്ദ്ര പ്രസാദ്, സർദാർ വല്ലഭായ് പട്ടേൽ എന്നിവരുടെ ജീവിത മാതൃകയെ കുറിച്ച് തലമുറകളെ ബോധവൽക്കരിക്കേണ്ട ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്നും തോട്ടക്കുറ പറഞ്ഞു.

ബോർഡ് ഓഫ് ഡയറക്ടേഴ്‌സായ കമാൽ, ശബ്‌നം, ശ്യാം പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇന്ത്യൻ പതാകയുമേന്തി നടത്തിയ പ്രകടനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.