ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും കുഴലൂത്തുകാരനാണ് അർണാബ് ഗോസ്വാമി എന്ന് ശക്തമായ ആരോപണമുണ്ട്. ടൈംസ് നൗ ചാനൽവിട്ട് റിപബ്ലിക് ടിവി എന്ന പേരിൽ സ്വന്തമായി ചാനൽ തുടങ്ങിയപ്പോഴും അർണാബിൽനിന്ന് പ്രേഷകർ പ്രതീക്ഷിച്ചതും ഇതുതന്നെയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരേ അർണാബ് ശക്തമായ ആരോപണം ഉന്നയിച്ചുവെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. ഇതിനിടെ, അർണാബിന്റെ രീതികളിൽ ചാനലിനുള്ളിൽനിന്നുതന്നെ മുറുമുറുപ്പുകൾ ഉയർന്നു തുടങ്ങിയിരിക്കുന്നു. ഇതിന്റെ ആദ്യഭാഗമായി റിപബ്ലിക് ടിവിയുടെ സീനിയർ ബിസിനസ് റിപ്പോർട്ടറായ ചെയ്തി നുറുല ചൈതി രാജിവച്ചു.

ധാർമികമായ നിലപാടുകൾ ഉയർത്തിക്കാട്ടിയാണ് ഈ വനിതാ ജേണലിസ്റ്റ് ചാനലിൽനിന്ന് രാജിവച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിലെ പ്രേഷകരെ മുഴുവൻ ഞെട്ടിക്കാൻ ഈ മാസം ആറിച്ച് ആരംഭിച്ച ചാനലിനേറ്റ അപ്രതീക്ഷിത തിരിച്ചടിയായി നുരുലയുടെ രാജി. ഇടി നൗ, സിഎൻഎൻ-ഐബിഎൻ തുടങ്ങിയ ചാനലുകളിൽ ആങ്കറായും ബിസിനസ് റിപ്പോർട്ടറായും ഉള്ള പ്രവർത്തന പരിചയവുമായാണ് നുരുല റിപബ്ലിക് ടിവിയിൽ ജോയിൻ ചെയ്യുന്നത്. പ്രേഷകരെ കൂട്ടാനായി അർണാബ് നടത്തുന്ന പ്രവർത്തനങ്ങളിൽ ഒരാഴ്ചകൊണ്ടുതന്നെ നുരുലയ്ക്കു മടുപ്പുണ്ടായിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

അർണാബിന്റെ മാധ്യമപ്രവർത്തനരീതിയോട് ചാനലിലെ മറ്റു പലർക്കും എതിർപ്പ് ഉയർന്നിട്ടുണ്ട്. എഡിറ്റോറിയലിലെ മറ്റു മുതിർന്ന മാധ്യമപ്രവർത്തകരും അതുപോലതന്നെ സാങ്കേതിവിഭാഗത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാരും ഇത്തരത്തിൽ മുറുമുറുപ്പ് ഉയർത്തിത്തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, സ്വകാര്യ വാർത്താ ചാനലുകളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും റിപബ്ലിക് ടിവിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. പ്രേഷകരുടെ എണ്ണം കൂട്ടാനായി ആശ്വാസ്യകരമല്ലാത്ത കാര്യങ്ങൾ റിപബ്ലിക് ടിവി ചെയ്യുന്നതായിട്ടാണ് സംഘടന ആരോപിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ടെലികോം റെഗുലേറ്ററി അഥോറിട്ടിക്ക് പരാതിയും ഇന്നലെ സംഘടന നല്കുകയുണ്ടായി.

അടുത്തിടെ കോൺഗ്രസ് വക്താവായ ബ്രിജേഷ് കാലപ്പയെ അർണാബ് അപമാനിച്ചതിലടക്കം മാധ്യമരംഗത്ത് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ബ്രിജേഷ് വെറും പുഴുവാണെന്നും ഓമനനായ ആണെന്നുമാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ മാധ്യമപ്രവർത്തകൻ ആക്ഷേപിച്ചത്. ചാനലിന്റെ ആങ്കറിനെ ബിജെപിയുടെ മാധ്യമപ്രവർത്തകൻ എന്ന് ബിജേഷ് വിശേഷിപ്പിച്ചതാണ് അർണാബിനെ പ്രകോപിപ്പിച്ചത്.

ബിജെപിയുടെ രാജ്യസഭാംഗവും ഏഷ്യാനെറ്റ് ചാനലിന്റെ ഉടമസ്ഥനുമായ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ ഫണ്ട് നല്കിയിട്ടാണ് റിപബ്ലിക് ടിവി ആരംഭിച്ചത്. അതുകൊണ്ടുതന്നെ ചാനലിന്റെ ബിജെപി കൂറ് പ്രതീക്ഷിച്ചിരുന്നതുമാണ്. ചാനലിന്റെ ലോഞ്ചിംഗിന് മുന്നോടിയായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ തുടങ്ങിയവരെ അർണാബ് ടാർജറ്റ് ചെയ്തിരുന്നു. എന്നാൽ ചാനൽ തുടങ്ങി ഇത്ര ദിവസമായിട്ടും പ്രധാനമന്ത്രി മോദിക്കെതിരായോ, ബിജെപിക്കെതിരായോ ഒറ്റ വാർത്തയും ചാനലിൽനിന്നു പുറത്തുവന്നിട്ടില്ല.