തിരുവനന്തപുരം: സൈബർ ലോകത്ത് ഇടതു അണികളും അർണാബ് വിരുദ്ധരും ചേർന്ന് റിപ്പബ്ലിക് ടിവി ചാനലിന് പണി കൊടുക്കുന്ന തിരക്കിലാണ്. കേരളത്തെ അവഹേളിച്ച് അർണാബിന്റെ ചാനലിന്റെ ഫേസ്‌ബുക്ക് പേജിന് കുറഞ്ഞ റേറ്റിങ് നൽകാൻ കൂട്ടത്തോടെയാണ് എല്ലാവരും രംഗത്തെത്തിയത്. ഇടതു അനുഭാവികളും അല്ലാത്തവരുമെല്ലാം ഇക്കാര്യത്തിൽ ഒരുമിച്ചു നിന്നു. ഇതോടെ 4.7 റേറ്റിംഗുണ്ടായ റിപ്പബ്ലിക് ടിവിയുടെ ഫേസ്‌ബുക്ക് പേജിന്റെ റേറ്റിങ് 2.1ലേക്ക് താഴ്ന്നു.

കേരളത്തിനെതിരായ ഹേറ്റ് ക്യാംപെയിനിൽ വലിയ പങ്കു വഹിക്കുന്ന റിപ്പബ്ലിക്ക് ചാനലിന്റെ ഫേസ്‌ബുക്ക് പേജിൽ വളരെ കുറഞ്ഞ റേറ്റിങ് നൽകിയതോടെയാണ് ഈ നിലയിലേക്ക് റേറ്റിങ് ഇടിഞ്ഞത്. ഇതോടെ റേറ്റിങ് സൗകര്യം റിപബ്ലിക്ക് ഒഴിവാക്കി. എന്നാൽ, ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെ വീണ്ടും റിവ്യു ഓപ്ഷൻ പുനഃസ്ഥാപിച്ചിട്ടുണ്ട്.

എന്തായാലും സൈബർ ആക്രമണത്തിൽ പണി കിട്ടിയ അർണാബ് ഗോസ്വാമി കിട്ടിയ അവസരത്തിൽ പ്രത്യാക്രമണവുമായി രംഗത്തെത്തുകയും ചെയ്തു. കോട്ടയത്ത് എസ്‌ഐയുടൊ തൊപ്പി തലയിൽ വെച്ച് ഡിവൈഎഫ്‌ഐ നേതാവിന്റെ ചിത്രം എക്‌സ്‌ക്ലൂസിവായി വാർത്തയാക്കിയാണ് റിപ്പബ്ലിക്കിന്റെ തിരിച്ചടി. ഇത് ഇടതു ട്രോളന്മാരോടുള്ള പ്രതിഷേധം എന്ന നിലയിലാണ് വാർത്ത തയ്യാറാക്കിയതും ട്വീറ്റ് ചെയ്തതും. ഈ വാർത്തയോട് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതികരിക്കുകയും ചെയ്തിരുന്നു.

പിണറായി ഭരണത്തിൽ സഖാക്കളാണ് പൊലീസ് സ്റ്റേഷൻ ഭരിക്കുന്നതെനന്നാണ് കുമ്മനം ചാനൽ അഭിമുഖത്തിൽ പ്രതികരിച്ചത്. ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് പൊലീസിന്റെ തൊപ്പിവെച്ച് സെൽഫി എടുത്തത് ഇതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ആരോപിച്ചു. 'ഇതാണ് പിണറായി പൊലീസ്' എന്ന് പിടിയിലായ ആൾ പറയുന്നത് സംസ്ഥാന പൊലീസ് ഭരണം എങ്ങോട്ടാണ് പോവുന്നതെന്ന് വിളിച്ചു പറയുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്തായാലും അർണാബിന്റെ ഈ മറുപടി കൊണ്ടൊന്നും മലയാളികൾ ആക്രമണം നിർത്തിയിട്ടില്ല. ഫേസ്‌ബുക്ക് പേജിൽ റിവ്യു ഓപ്ഷന് പുറമേ ഗൂഗിൾ മാപ്പിലെ റിപ്പബ്ലിക്കിന്റെ പേജിൽ പോയി റിവ്യു ഇട്ടും ഗൂഗിൾ പ്ലേസ്റ്റേറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് റേറ്റിങ് ചെയ്തുമാണ് മലയാൡകളുടെ പ്രതികാരം. അർണാബിനെതിരെയും രൂക്ഷവിമർശനങ്ങളും അർണാബിനെ കളിയാക്കികൊണ്ടുമുള്ള കമന്റുകളും ഇട്ടാണ് മലയാളികൾ തങ്ങളുടെ പ്രതിഷേധം തുടരുന്നത്.

അതേസമയം ഇപ്പോഴത്തെ ആക്രമണം തുടരുമ്പോൾ റേറ്റിങ് തിരിച്ചു പിടിക്കൽ ദൂഷ്‌ക്കരമായ കാര്യമാണെന്നാണ് പൊതു വിലയിരുത്തൽ. 4.7 എന്ന ശരാശരി റേറ്റിംഗിലേക്ക് തിരിച്ചെത്താൻ മൂന്നുലക്ഷത്തി അമ്പത്തി എണ്ണായിരത്തിൽ അധികം ആളുകൾ റിപ്പബ്ലിക്കിന് അഞ്ചു സ്റ്റാർ റേറ്റിങ് നൽകേണ്ടി വരുമെന്നും അറിയുന്നു.