ന്യൂഡൽഹി: വലിയ ബ്രേക്കിങ് ന്യൂസുമായി അർണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി സംപ്രേഷണം ആരംഭിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യന്മാരിലൊരാളായ ലാലു പ്രസാദ് യാദവാണ് അർണാബിന്റെ ചാനലിന്റെ ആദ്യ ഇരയായത്. ക്രിമിനൽ പശ്ചാത്തലത്തിൽനിന്ന് ബിഹാർ രാഷ്ട്രീയത്തിലിറങ്ങിയ മുഹമ്മദ് ഷഹാബുദ്ദീനിൽനിന്ന് ലാലുപ്രസാദ് ഉത്തരവുകൾ സ്വീകരിക്കുന്നു എന്നാരോപിക്കുന്ന ഓരു ഓഡിയോ ടേപ്പാണ് ചാനൽ ലോഞ്ചിംഗിന്റെ ബിഗ് ബ്രേക്കിങ് ആയി അർണാബ് പുറത്തുവിട്ടത്.

 

ലാലുവിന്റെ ആർജെഡിയും നിതിഷ് കുമാറിന്റെ ജെഡിയുവും കോൺഗ്രസും ചേർന്നാണ് ബീഹാർ ഭരിക്കുന്നത്. ആരോപണത്തിൽ ലാലുവടക്കം ഭരണകക്ഷി നേതാക്കളാരും പ്രതികരിച്ചിട്ടില്ല. അതേസമയം ബിജെപി നേതൃത്വം ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അടക്കമുള്ളവരാണ് ബീഹാറിൽ ഭരണം നടത്തുന്നത് രാഷ്ട്രീയ-ക്രിമിനൽ കൂട്ടുകെട്ടാണെന്ന് ആരോപിച്ചിരിക്കുന്നത്.

നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള മുഹമ്മദ് ഷഹാബുദ്ദീൻ ലാലുവിന്റെ പാർട്ടിൽ ചേർന്ന് നാലുവട്ടം പാർലമെന്റിലേക്കു ജയിച്ചിരുന്നു. സിവാൻ മണ്ഡലത്തിൽ നിന്നാണ് പാർലമെന്റിലെത്തിയത്. ബീഹാറിൽ രണ്ടുവട്ടം എംഎൽഎയും ആയിട്ടുണ്ട് അദ്ദേഹം. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടതോ 2009ൽ ഷഹാബുദ്ദീന് പൊതുതെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനു വിലക്കുണ്ട്.

സിവാനിൽ പൊലീസ് എങ്ങനെ പ്രവർത്തിക്കണം എന്നതടക്കമുള്ള നിർദ്ദേശങ്ങൾ ലാലുവിനു ഷഹാബുദ്ദീനു നല്കുന്നതാണ് റിപബ്ലിക് ടിവി പുറത്തുവിട്ട ശബ്ദരേഖയിലുള്ളത്. ഉത്തരവുകൾ ലാലു സ്വീകരിക്കുന്നതും ഓഡിയോ ടേപ്പിലുണ്ട്. ഷഹാബുദ്ദീൻ ജയിലിൽ ആയിരുന്ന സമയത്താണ് ലാലുവിന് ഈ നിർദ്ദേശങ്ങൾ നല്കിയതെന്ന് ബ്രേക്കിങ് ന്യൂസ് പുറത്തുവിട്ടുകൊണ്ട് അർണാബ് ഗോസ്വാമി അവകാശപ്പെട്ടു. ഓഡിയോ ടേപ്പുകൾ പരസ്യമാക്കരുതെന്ന് അപേക്ഷിച്ചുകൊണ്ട് ലാലു പ്രസാദ് യാദവ് പലവട്ടം ഫോൺ ചെയ്തതായും റിപബ്ലിക് ചാനൽ അവകാശപ്പെട്ടു.

ബ്രേക്കിങ് ന്യൂസ് പുറത്തുവിട്ടതിനു പിന്നാലെ ലാലുവിനെതിരേ നടപടി എടുക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ തയാറാകണമെന്ന് അർണാബ് ആവശ്യപ്പെട്ടു. ലാലുവോ നിതീഷോ ആരോപണത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല. അതേസമയം ബിജെപി വിഷയത്തെ ഏറ്റെടുത്തുകഴിഞ്ഞു. റിപബ്ലിക് ടിവിയുടെ വെളിപ്പെടുത്തലുകൾ രാജ്യത്തെ ഞെട്ടിച്ചതായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു. ചാനൽ ലോഞ്ച് ചെയ്ത ദിനം തന്നെ ഇത്തരമൊരു വാർത്ത പുറത്തുവിട്ട അർണാബിനും റിപബ്ലിക് ടിവിക്കും ഭാവുകങ്ങൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഹമ്മദ് ഷഹാബുദ്ദീൻ ഇപ്പോഴും ആർജെഡി ദേശീയ എക്‌സിക്യൂട്ടീവിൽ അംഗമാണെന്നും അദ്ദേഹത്തെ പുറത്താക്കാൻ പാർട്ടി തയാറാകണമെന്നും മുതിർന്ന ബിജെപി നേതാവ് സുശീൽകുമാർ മോദി പ്രതികരിച്ചു. നടപടി എടുക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിദ് പ്രതികരിക്കാൻ കൂട്ടാക്കിയില്ലെന്നും റിപബ്ലിക് ടിവി അറിയിച്ചു.

പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും അനുകൂലമായ നിലപാടുകൾ എടുത്ത് ചാനൽ ചർച്ചയിൽ പങ്കെടുക്കാൻ എത്തുന്നവരെ വിറപ്പിച്ചിരുന്ന അർണാബ് ടൈംസ് നൗ ചാനലിനോടു വിടപറഞ്ഞാണ് പുതിയ ചാനൽ തുടങ്ങിയിരിക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത രാജ്യസ്‌നേഹമായിരിക്കും തന്റെയും ചാനലിന്റെയും മുഖമുദ്രയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ജനകീയപ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് മലയാളത്തിലെ ഏറ്റവും പ്രധാന ചാനലായി മാറിയ ഏഷ്യാനെറ്റിന്റേതടക്കമുള്ള സഹകരണം അർണാബിന്റെ റിപബ്ലിക് ചാനലിനുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയായ ജൂപ്പിറ്റർ ഗ്രൂപ്പ് ചെയർമാനും ബിജെപിയുടെ രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖരനാണ് റിപബ്ലിക് ടിവിയുടെ സഹ സംരംഭകരായ എആർജി ഔട്ട്‌ലിയറിന്റെ പ്രധാന നിക്ഷേപകൻ. അർണാബ് തന്നെയാണ് മുമ്പ് തന്റെ ചാനലിന്റെ ടീസറിൽ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞവർഷം ടൈംസ് നൗ ചാനലിന്റെ വാർത്താ വിഭാഗം വൈസ് പ്രസിഡന്റ് എഡിറ്റർ ഇൻ ചീഫ് സ്ഥാനങ്ങളിൽനിന്ന് രാജിവച്ചിറങ്ങിയ അർണാബ് നവംബറിലാണ് പുതിയ ചാനൽ പ്രഖ്യാപിച്ചത്. രാജീവ് ചന്ദ്രശേഖറിന്റെ നിക്ഷേപത്തെക്കുറിച്ചും പ്രഖ്യാപിച്ചിരുന്നു. സംഘപരിവാർ സഹയാത്രികനായ മാധ്യമപ്രവർത്തകൻ എന്ന പേരു സമ്പാദിച്ചിട്ടുള്ള അർണാബ് ബിജെപി എംപിയായ രാജീവിനൊപ്പം ചേരുന്നത് വലിയ ചർച്ചയ്ക്കാണു വഴിവച്ചത്. ഇതിനു പിന്നാലെയാണു മലയാളത്തിലെ ഒന്നാം സ്ഥാനത്തുള്ള വാർത്താ ചാനലിന്റെ സംരംഭത്വത്തിലാണ് റിപബ്ലിക് ടിവി യാഥാർത്ഥ്യമാകുന്നതെന്ന വിവരം പുറത്തുവന്നത്.

സാങ്കേതികവിദ്യയുടെ കാര്യത്തിലും അർണാബിന്റെ ചാനൽ മുന്നിലാണ്. സോഫ്ട്വെയർ, ഹാർഡ്വെയർ മേഖലയിലെ ആഗോള ഭീമനായ മൈക്രോസോഫ്ടാണ് റിപബ്ലിക് ടിവിയുടെ സാങ്കേതിക പങ്കാളി. ചാനലിന്റെ സംപ്രേഷണ സാങ്കേതികവിദ്യയടക്കം നല്കുന്നത് മൈക്രോസോഫ്ടാണ്.