റോം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയായ അഭയാർഥി പ്രശ്‌നം ഇപ്പോഴും യൂറോപ്പിൽ രൂക്ഷമാണെന്ന് തെളിയിക്കുന്ന വാർത്തകളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്. ഒരു ദിവസം കൊണ്ട് ലിബിയൻ തീരത്തു നിന്ന് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത് 6500 അഭയാർഥികളെയെന്ന് പുതിയ റിപ്പോർട്ട്. അടുത്ത കാലത്ത് ഇത്രയധികം അഭയാർഥികളെ ഒരുമിച്ച് രക്ഷപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്ച നടന്ന റെസ്‌ക്യൂ ഓപ്പറേഷനിലാണ് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് ഇത്രയേറെ അഭയാർഥികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്.

മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലേക്ക് എത്തുന്നതായി അഭയാർഥികൾ ബോട്ടുകളെയാണ് കടൽ യാത്രയ്ക്ക് ആശ്രയിക്കുന്നത്. ബോട്ടിന് ഉൾക്കൊള്ളുന്നതിലും ഇരട്ടി ആളുകൾ കടൽ കടക്കാൻ കയറുന്നതോടെ പലരുടേയും ജീവനും പൊലിയാൻ ഇതു കാരണമാകുന്നുണ്ട്. ഇറ്റലിയിലേക്ക് തന്നെ ഇതു വരെ ഈ വർഷം ഒരു ലക്ഷത്തിലധികം അഭയാർഥികളാണ് എത്തിയത്. എന്നാൽ തിങ്കളാഴ്ചത്തെ എണ്ണം കണക്കാക്കാതെയാണ് ഒരു ലക്ഷത്തിലധികം അഭയാർഥികൾ എത്തിയിട്ടുണ്ടെന്ന് യുഎൻ റെഫ്യൂജി ഏജൻസി വ്യക്തമാക്കുന്നു.

എന്നാൽ ഒരു വർഷം കൊണ്ട് സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം ഏതാണ്ട് 2726 പേരുടെ ജീവിതം കടൽ കവർന്നിട്ടുണ്ടെന്നും കണക്കാക്കപ്പെടുന്നു. കഴിഞ്ഞ മൂന്നു വർഷമായി അഭയാർഥികളുടെ പറുദീസ ആയി മാറിയിരിക്കുന്നത് ഇറ്റലിയാണ്. നോർത്ത് ആഫ്രിക്കയിൽ ആഭ്യന്തര കലാപവും ദാരിദ്ര്യവും കൊടികുത്തി വാഴാൻ തുടങ്ങിയതോടെ 2014-ന്റെ തുടക്കത്തിലാണ് ഇറ്റലിയിലേക്ക് കടൽ മാർഗം അഭയാർഥികളായി ആൾക്കാർ എത്താൻ തുടങ്ങിയത്. ഇതുവരെ നോർത്ത് ആഫ്രിക്കയിൽ നിന്നു തന്നെ നാലു ലക്ഷത്തിലധികം പേർ ഇറ്റലിയിൽ അഭയം പ്രാപിച്ചു കഴിഞ്ഞു.

ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലേക്കുള്ള പ്രയാണത്തിനിടെ ഈ വർഷം തന്നെ മൂവായിരത്തിലധികം അഭയാർഥികൾ കടലിൽ മുങ്ങിത്താണിട്ടുണ്ടെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. 2015-ൽ ഇതേ കാലയളവിൽ ഉണ്ടായതിനെക്കാൾ 50 ശതമാനം കൂടുതലാണ് ഈ മരണ നിരക്ക്.