- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ പിന്നിൽ കളിക്കവേ കുഴൽക്കിണറിൽ വീണു; ഛത്തീസ്‌ഗഡിൽ 11 വയസ്സുകാരനെ രക്ഷിക്കാനുള്ള ദൗത്യം മൂന്നാം ദിവസവും തുടരുന്നു; ഗുജറാത്തിൽനിന്ന് റോബട്ടുകൾ എത്തിച്ചു; പ്രാർത്ഥനയോടെ പ്രദേശ വാസികൾ
റായ്പുർ: ഛത്തീസ്‌ഗഡിൽ കുഴൽക്കിണറിൽ വീണ പതിനൊന്ന് വയസ്സുകാരനെ രക്ഷിക്കാനുള്ള ദൗത്യം മൂന്നാം ദിവസ്സവും തുടരുന്നു. ജൻഗിർ ചമ്പ ജില്ലയിൽ 60 അടി ആഴമുള്ള കുഴൽക്കിണറിൽ അകപ്പെട്ട രാഹുൽ സാഹു എന്ന ബാലനെ രക്ഷിക്കാനുള്ള ദൗത്യമാണ് തുടരുന്നത്. രക്ഷാപ്രവർത്തനത്തിനായി ഗുജറാത്തിൽനിന്ന് റോബട്ടുകളെയും എത്തിച്ചിട്ടുണ്ട്.
'ക്യാമറകളിലൂടെ കുട്ടിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കുന്നുണ്ട്. കുട്ടിക്കു ബോധമുണ്ട്, ശരീരം അനക്കുന്നുമുണ്ട്. പല സമയങ്ങളിലായി പഴവും ജൂസും വെള്ളവും നൽകി. ഓക്‌സിജൻ ലഭ്യമാക്കാൻ പൈപ്പും സ്ഥാപിച്ചിട്ടുണ്ട്' സംസ്ഥാന സർക്കാർ അറിയിച്ചു.
വീടിന്റെ പിന്നിൽ കളിക്കവേ വെള്ളിയാഴ്ചയാണു രാഹുൽ കിണറിൽ വീണത്. ദേശീയ ദുരന്ത പ്രതികരണ സേനയിലെയും (എൻഡിആർഎഫ്), സൈന്യത്തിലെയും അഞ്ഞൂറിലേറെ പേർ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കാൻ അത്യാധുനിക ഉപകരണങ്ങൾ എത്തിച്ചതായി അധികൃതരെ ഉദ്ധരിച്ചു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
കുഴൽക്കിണറിനു സമാന്തരമായി മറ്റൊരു കുഴിയെടുത്തു കുട്ടിയെ രക്ഷിക്കാനാണു ശ്രമം. ഇതിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. കുഴൽക്കിണറിൽ വെള്ളമുള്ളത് ആശങ്കയാണെങ്കിലും എൻഡിആർഎഫ് അംഗങ്ങൾ വെള്ളം വറ്റിക്കുന്നത് ആശ്വാസകരമാണ്.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ രക്ഷാപ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നുണ്ട്. കുട്ടിയുടെ കുടുംബവുമായും മുഖ്യമന്ത്രി സംസാരിച്ചു. ഭാവിയിൽ സമാന അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കുഴൽക്കിണറുകളെല്ലാം മൂടി വയ്ക്കണമെന്നു മുഖ്യമന്ത്രി ജില്ലാ ഭരണകൂടങ്ങൾക്കു നിർദ്ദേശം നൽകി.
ന്യൂസ് ഡെസ്ക്