തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജിൽ നാടകം കാണാനെത്തിയ യുവാവിനെയും വിദ്യാർത്ഥിനികളായ പെൺകുട്ടികളെയും മർദ്ദിച്ച എസ് എഫ് ഐക്കെതിരെ എസ് എഫ് ഐ പ്രവർത്തകയും ഗവേഷക വിദ്യാർത്ഥിയുമായ ബി അരുന്ധതി.മൂന്നു വർഷത്തെ അനുഭവങ്ങൾ മുഴുവൻ ഞാൻ എഴുതിത്ത്ത്തുടങ്ങിയാൽ നിങ്ങൾക്ക് വല്ലാത്ത ക്ഷീണമാവും. മിണ്ടാതെ വണ്ടി വിട്ടോളൂ എന്നൊരു മുന്നറിയിപ്പും ന്യായീകരണവുമായി വരുന്ന എസ് എഫ് ഐക്കാർക്ക് അരുന്ധതി നൽകുന്നുണ്ട്.സ്വാതന്ത്ര്യവും ജനാധിപത്യവുമുള്ളൊരു യൂണിവേഴ്സിറ്റി കോളേജിനെ തിരിച്ചുപിടിക്കൂ എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് അരുന്ധതി പ്രതികരിച്ചിരിക്കുന്നത്.

കോളേജിലെ വിദ്യാർത്ഥികളെ അനാവിശ്യമായി സമരത്തിന് ഉപയോഗിച്ചിരുന്നതും അനാവിശ്യമായ പിരിവുകളും എല്ലാം അരുന്ധതി പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.വെടിയെന്ന് കേട്ടാൽ വിറയ്ക്കുന്നോരല്ലല്ലോ മിടുക്കിപ്പെണ്ണുങ്ങൾ എന്ന് പറഞ്ഞ് കൊണ്ടാണ് ഫേസ്‌ബുക്കിൽ അരുന്ധതി പോസ്റ്റിട്ടത്.മുഴുവൻ വിദ്യാർത്ഥികളെയും സമരത്തൊഴിലാളികളായി കയ്യിൽ കിട്ടേണ്ടതുകൊണ്ട് മറ്റെല്ലാ പാർട്ടികളുടെയും പ്രവർത്തനസ്വാതന്ത്ര്യം കയ്യൂക്കുകൊണ്ട് തടയുന്നുവെന്നും അവർ പോസ്റ്റിൽ ആരോപിക്കുന്നു.യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയിൽ ആളുകളെ തെരഞ്ഞെടുക്കുന്നത് പോലും തിണ്ണമിടുക്ക് നോക്കിയാണെന്നും അരുന്ധതി ആരോപിക്കുന്നു.

അരുന്ധതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

വലത്തേക്ക് നടന്നാൽ സെക്രട്ടേറിയറ്റ്. ഇടത്തേക്ക് തിരിഞ്ഞാൽ നിയമസഭ. ആഞ്ഞുപിടിച്ച് പതിനഞ്ച്മിനിറ്റ് നടന്നാൽ രാജ്ഭവൻ. പാർട്ടി പ്രതിപക്ഷത്തിരിക്കുന്ന കാലത്ത് മിനിറ്റുകൾക്കുള്ളിൽ മിനിമം ആയിരം വിദ്യാർത്ഥികളെയെങ്കിലും സംഘടിപ്പിച്ച് മേൽപ്പറഞ്ഞ ഇടങ്ങളിലെല്ലാം സമരം നടത്താൻ കഴിയുമെന്നതുകൊണ്ടാണ് യൂണിവേഴ്‌സിറ്റി കോളേജിലെ SFI നിലവിലെ നിലയിൽ പ്രവർത്തിക്കുന്നത്.

മുഴുവൻ വിദ്യാർത്ഥികളെയും സമരത്തൊഴിലാളികളായി കയ്യിൽ കിട്ടേണ്ടതുകൊണ്ട് മറ്റെല്ലാ പാർട്ടികളുടെയും പ്രവർത്തനസ്വാതന്ത്ര്യം കയ്യൂക്കുകൊണ്ട് തടയുന്നു. അടിച്ചേൽപ്പിക്കപ്പെടുന്ന സംഘടന മെമ്പർഷിപ്. അടിച്ചേൽപ്പിക്കപ്പെടുന്ന ആയിരം പിരിവുകൾ.
ക്‌ളാസിൽ കയറി ചോദ്യവുമുത്തരവുമില്ലാതെ വിദ്യാർത്ഥികളെ വലിച്ചിറക്കാനാണ് സംഘടനയുടെ കമ്മിറ്റികൾ. ഡിപാർട്‌മെന്റ് കമ്മിറ്റിയിലേക്കും യൂണിറ്റ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത പ്രത്യയശാസ്ത്ര ബോധമോ, സംഘടനാ ബോധമോ അല്ല, തിണ്ണമിടുക്ക് മാത്രമാണ്. ഭീഷണിപ്പെടുത്തിയും തല്ലിയും കഴിവുതെളിയിക്കുന്ന മുറയ്ക്ക് കമ്മിറ്റികളിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതാണ്.
ഇതൊക്കെ ചേട്ടന്മാരുടെ കാര്യം. ചേട്ടന്മാരെ അനുസരിച്ചും അനുകരിച്ചും നിൽക്കുന്ന ചേച്ചിമാർ മേൽക്കമ്മിറ്റികളിലേക്ക് വളരുന്നു. ശേഷിക്കുന്ന പെൺകുട്ടികളിൽ ഭൂരിപക്ഷവും നിശ്ശബ്ദത പാലിക്കുന്നു. ഒച്ചയിടുന്ന പെണ്ണുങ്ങൾ വേശ്യകളായി മുദ്രകുത്തപ്പെടുന്നു.
ചോദ്യം ചെയ്യുന്നവരെ രണ്ടുതരത്തിലാണ് നേരിടുക, ഒന്നുകിൽ ഏതെങ്കിലും കമ്മിറ്റിയിൽ അധികാരമുള്ള ഒരു സ്ഥാനം. അല്ലെങ്കിൽ തല്ല്. രണ്ടും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. പെൺകുട്ടികളെ കൈവെക്കാറില്ല. തല്ലാൻ മാത്രമില്ല പെണ്ണ് എന്ന ധാരണ കൊണ്ടും കേസ് വേറെ വരുമെന്ന പേടി കൊണ്ടും.
എന്താണ് പ്രതിവിധി? സംഘടനാനേതൃത്വത്തെ അടിമുടി അഴിച്ചുപണിതാൽ കുട്ടികൾ അവരുടെ ഒതുക്കിവച്ച ഫ്രസ്‌ട്രേഷൻ മുഴുവൻ പുറത്തിടും. SFI കോട്ട തകരും. അതുകൊണ്ട് പാർട്ടി യൂണിവേഴ്‌സിറ്റി കോളേജിനെ നന്നാക്കുമെന്ന പ്രതീക്ഷയില്ല. അവിടെ വിപ്‌ളവം സൃഷ്ടിക്കാൻ പെൺകുട്ടികളെക്കൊണ്ടേ കഴിയൂ. തല്ലിച്ചതക്കില്ല. Slut shaming ഉണ്ടാവും. വെടിയെന്ന് കേട്ടാൽ വിറയ്ക്കുന്നോരല്ലല്ലോ മിടുക്കിപ്പെണ്ണുങ്ങൾ. ''അതേടാ, വെടിയാണ്. വെടികൊണ്ട് വീഴുക നിന്റെയൊക്കെ തലച്ചോറിനുള്ളിലെ ലിംഗങ്ങളാണെ''ന്ന് പറയൂ. സ്വാതന്ത്ര്യവും ജനാധിപത്യവുമുള്ളൊരു യൂണിവേഴ്‌സിറ്റി കോളേജിനെ തിരിച്ചുപിടിക്കൂ.