ർബുദങ്ങളിൽ നിരുപദ്രവകാരിയായാണ് സ്തനാർബുദം പരിഗണിക്കപ്പെടുന്നത്. ചികിത്സിച്ച് ഭേദമാക്കാൻ ഏറ്റവും എളുപ്പമുള്ള ക്യാൻസർ എന്ന നിലയിലാണിത്. എന്നാൽ, ചികിത്സയുടെ ഭാഗമായി ചെയ്യുന്ന കീമോത്തെറാപ്പി സ്തനാർബുദം പടർത്താൻ ഇടയാക്കിയേക്കാം എന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. കീമോയ്ക്കുള്ള മരുന്നുകളായ പാക്ലിടാക്‌സൽ, ഡോക്‌സോറബിസിൻ തുടങ്ങിയ മരുന്നുകളുടെ പാർശ്വഫലമാണ് ഇതിന് കാരണം.

ഈ മരുന്നുകൾ ഉപയോഗിക്കുമ്പോൾ, സ്തനാർബുദത്തിൽനിന്ന് പ്രോട്ടീനുകൾ ഉത്പാദിപ്പിക്കപ്പെടാനും അത് രക്തത്തിൽ കലർന്ന് ശ്വാസകോശത്തിലെത്താനും ഇടയാക്കും. അത് പുതിയ ക്യാൻസറിന് കാരണമായേക്കാമെന്നാണ് ഗവേഷകർ പറയുന്നത്. ഈ പ്രോട്ടീനെ തടയാനായാൽ ക്യാൻസർ പടരുന്നത് ഒഴിവാക്കാനും കീമോത്തെറാപ്പിയുടെ പാർശ്വഫലങ്ങൾ ഇല്ലാതാക്കാനും സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. സ്വിറ്റ്‌സർലൻഡിലെ എക്‌സ്‌പെരിമെന്റൽ ക്യാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ പഠനം നടത്തിയത്.

സ്തനങ്ങളെ ബാധിച്ചിട്ടുള്ള ട്യൂമറുകളുടെ വളർച്ച മുരടിപ്പിക്കുന്നതിനും അതുവഴി അത് നീക്കം ചെയ്യുന്നത് എളുപ്പമാക്കാനുമാണ് കീമോത്തെറാപ്പി ചെയ്യുന്നത്. സ്തനങ്ങളിലെ ക്യാൻസർ ബാധിക്കാത്ത കോശങ്ങളെ സംരക്ഷിക്കാനും ഇതുവഴി സാധിക്കും. ചില രോഗികളിൽ കീമോത്തെറാപ്പികൊണ്ടുതന്നെ ട്യൂമറുകളെ ഇല്ലാതാക്കി രോഗം ഭേദമാക്കാനും സാധിക്കാറുണ്ട്. എന്നാൽ, പാർശ്വഫലങ്ങൾ പൂർണമായും ഇല്ലാതാക്കാനായിട്ടില്ലെന്നത് കീമോത്തെറാപ്പിയുടെ ന്യൂനതയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസ്സർ മൈക്കൽ ഡി പാൽമ പറയുന്നു.

ചില രോഗികളിൽ ട്യൂമറുടെ വലിപ്പം കുറയ്ക്കാനോ വളർച്ച നിയന്ത്രിക്കാനോ കീമോത്തെറാപ്പി പര്യാപ്തമായെന്ന് വരില്ല. അത്തരക്കാരിൽ രോഗം മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കാനും അതിടയാക്കും. ലോകത്തേറ്റവും കൂടുതൽ പേരെ ബാധിക്കുന്ന ക്യാൻസറായാണ് സ്തനാർബുദം വിലയിരുത്തപ്പെടുന്നത്. ആ സാഹചര്യത്തിൽ, കീമോത്തെറാപ്പിയെക്കുറിച്ചുള്ള ഈ കണ്ടെത്തൽ കൂടുതൽ പ്രസക്തമാണെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

ലബോറട്ടറിയിൽ നടത്തിയ പരീക്ഷണങ്ങളിൽ കീമോയ്ക്കുള്ള മരുന്നുകളായ ടാക്‌സോളും അഡ്രിയാമൈസിനും ബ്രെസ്റ്റ് ക്യാൻസർ ട്യൂമറുകളിൽനിന്ന് പ്രോട്ടീൻ പുറത്തുവിടുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ, ഈ പ്രോട്ടീനുകൾ സെക്കൻഡറി ക്യാൻസർ ഉണ്ടാക്കുന്നത് എവിടെയാണെന്ന് വ്യക്തമായി കണ്ടെത്താനായിട്ടില്ല. ശ്വാസകോശം, അസ്ഥികൾ, കരൾ, തലച്ചോറ് എന്നീ അവയവങ്ങളാണ് ക്യാൻസർ ബാധിക്കാൻ സാധ്യതയേറിയ മറ്റ് ശരീരഭാഗങ്ങൾ.