മെൽബൺ: സിഡ്‌നിയിൽ വീടുവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പലിശ നിരക്ക് രണ്ടു ശതമാനത്തിൽ തന്ന നിലനിർത്താൻ ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് തീരുമാനിച്ചു. കഴിഞ്ഞ മാസമാണ് 2.25 ശതമാനം എന്ന നിരക്കിൽ നിന്ന് 0.25 പോയിന്റ് കുറച്ച് രണ്ടു ശതമാനത്തിൽ ആർബിഎ പലിശ നിരക്ക് എത്തിച്ചത്. ഈ വർഷം രണ്ടു തവണ 0.25 പോയിന്റാണ് ആർബിഎ വെട്ടിക്കുറച്ചത്.

ബിസിനസ് ഇൻവെസ്റ്റ്‌മെന്റിൽ മാന്ദ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും ഇനിയും പലിശ നിരക്ക് കുറയ്ക്കാൻ ആർബിഎ തയാറായില്ല. പലിശ നിരക്കിൽ ഇനിയും ഇളവു വരുത്തിയാൽ അത് സിഡ്‌നിയിലേയും മെൽബണിലേയും പ്രോപ്പർട്ടി മാർക്കറ്റിനെ പിടിച്ചു നിർത്താൻ സാധിക്കാത്ത വിധത്തിൽ ആക്കുമെന്ന ഭയമാണ് ആർബിഎയ്ക്ക് ഇപ്പോഴുള്ളത്. രാജ്യത്തെ മറ്റു ഭാഗങ്ങളിൽ നിന്നു വ്യത്യസ്തമായി സിഡ്‌നിയിലും മെൽബണിലെ ചില മേഖലകളിലും ഹൗസിങ് ബബ്ബിൾ അനുഭവപ്പെടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസവും ട്രഷററി സെക്രട്ടറി ജോൺ ഫ്രേസർ ചൂണ്ടിക്കാട്ടി.
അതേസമയം പലിശ നിരക്കിൽ അനുഭവപ്പെടുന്ന കുറവ് ഓസ്‌ട്രേലിയൻ ഡോളറിന്റെ വിലയേയും സാരമായി ബാധിച്ചിട്ടുണ്ട്. യുഎസ് ഡോളറിനെതിരേ കുറഞ്ഞ വിനിമയ നിരക്കാണ് ഓസ്‌ട്രേലിയൻ ഡോളറിന് ഇപ്പോഴുള്ളത്.

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ രണ്ടു ശതമാനം എന്ന തോതിൽ ആക്കിയതോടെ പ്രോപ്പർട്ടി മാർക്കറ്റിൽ മികച്ച ഉണർവാണ് ഉണ്ടായത്. മൂന്നു ലക്ഷം ഡോളറിന്റെ മോർട്ട്‌ഗേജുള്ളവർക്ക് റീപേയ്‌മെന്റിൽ ഒരു മാസം 47 ഡോളറിന്റെ ലാഭം ഉണ്ടാകുകയും ചെയ്തു. മുമ്പ് ഫെബ്രുവരിയിലാണ് രണ്ടര ശതമാനത്തിൽ നിന്ന് 2.25 ശതമാനത്തിലേക്ക് പലിശ നിരക്ക് താഴ്‌ത്തി റിസർവ് ബാങ്കിന്റെ പ്രഖ്യാപനമുണ്ടായത്.