ന്യൂഡൽഹി : എടിഎമ്മിൽനിന്നും പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് വന്നെങ്കിലും സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ആശ്വസിക്കാൻ വലുതായൊന്നുമില്ല. സർവ്വീസ് ചാർജ് കുറയ്ക്കാമെന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകളിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ നിയന്ത്രണം റിസർവ് ബാങ്ക് പൂർണമായും പിൻവലിച്ചു.

സേവിങ് അക്കൗണ്ടിൽ ദിവസം 10,000 രൂപ പരിധി എന്നത് 24,000 രൂപയായി ഉയർത്തി. എന്നാൽ ആഴ്ചയിൽ പിൻവലിക്കാവുന്ന തുക 24,000 രൂപയായി തന്നെ തുടരും. ബുധനാഴ്ച മുതലാണ് പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരിക. അതേസമയം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾക്ക് നിലനിൽക്കുന്ന നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഫലത്തിൽ ഒറ്റത്തവണ 25,000 രൂപ എടുക്കാം. ഇതിലൂടെ സർവ്വീസ് ചാർജ് കൊടുക്കുന്നത് ഒഴിവാക്കാൻ കഴിയും.

അതായത് അഞ്ച് ഇടപാടുകൾ പൂർത്തിയായാൽ 20 രൂപ വീതം ഓരോ ഇടപാടിനും ബാങ്ക് ഈടാക്കും. ഒറ്റത്തവണ പിൻവലിക്കാനുള്ള തുകയുടെ പരിധി കൂടുതൽ തുക എടിഎമ്മിൽ നിന്ന് എടുത്ത് സൂക്ഷിച്ച് ഈ സർവ്വീസ് ചാർജ് നൽകലിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. ആഴ്ചയിൽ 24,000 രൂപയെന്ന പരിധിയുള്ളതു കൊണ്ട് തന്നെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് യഥേഷ്ടം പണം പിൻവലിക്കാൻ കഴിയുകയുമില്ല.

നോട്ട് പിൻവലിച്ച കഴിഞ്ഞ നവംബർ എട്ടിന് ശേഷം ഇത് നാലാം തവണയാണ് എടിഎം പണമിടപാടുകളിലെ നിയന്ത്രണങ്ങളിൽ റിസർവ് ബാങ്ക് മാറ്റംവരുത്തുന്നത്.