- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടുതൽ ചെറുപ്പമായി ഇടതുപക്ഷം; സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ തീരുമാനിച്ച് സിപിഎം; അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റാകുക രേഷ്മ മറിയം റോയി; നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ 21 വയസ് തികയുന്നതും കാത്തിരുന്ന എസ്എഫ്ഐക്കാരി ഇനി പഞ്ചായത്ത് പ്രസിഡന്റുമാരിലെ 'ബേബി'
പത്തനംതിട്ട: തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഎം വിസ്മയം സൃഷ്ടിക്കുകയാണ്. തിരുവനന്തപുരം നഗരസഭയുടെ മേയറായി 21കാരിയായ ആര്യയെ നിശ്ചയിച്ചതിന് പിന്നാലെ പത്തനംതിട്ടയിലും ഗ്രാമപഞ്ചായത്തിന്റെ ഭരണസാരഥ്യം മറ്റൊരു 21കാരിയെ ഏൽപ്പിക്കുകയാണ് സിപിഎം. പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റാക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നത് 21കാരിയായ രേഷ്മ മറിയം റോയിയെ ആണ്. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന്റെ തലേന്ന് ആണ് രേഷ്മയ്ക്ക് 21 വയസ് പൂർത്തിയായത്.
അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാർഡിൽ നിന്നാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് വട്ടവും കോൺഗ്രസിനൊപ്പം നിന്ന വാർഡ് അട്ടിമറി വിജയത്തിലൂടെ രേഷ്മ ഇടതുപാളയത്തിലെത്തിക്കുകയായിരുന്നു. കോന്നി വിഎൻഎസ് കോളേജിൽ ബിരുദപഠനം പൂർത്തിയാക്കിയ രേഷ്മ തുടർപഠനത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് സ്ഥാനാർത്ഥിയായത്. നിലവിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗവുമാണ് രേഷ്മ.
മത്സരത്തിന് മുന്നേ തന്നെ രേഷ്മ മറിയം റോയി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ 21 വയസ് തികയുന്നതും കാത്തിരുന്നാണ് രേഷ്മ വാർത്തകളിൽ ഇടം നേടിയത്. ഇത്തവണ മത്സരിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയും രേഷ്മയായിരുന്നു. 2020 നവംബർ 18നാണ് രേഷ്മ മറിയം റോയിക്ക് 21 വയസ്സ് തികഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19 ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് രേഷ്മ മറിയം റോയി പത്രിക സമർപ്പിച്ചത്.
കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഎം സ്ഥാനാർത്ഥി ആയായിരുന്നു രേഷ്മ മത്സരിച്ചത്. അരുവാപ്പലം പഞ്ചായത്തിലെ 11-ാം വാർഡായ ഊട്ടുപാറയിൽനിന്നാണ് രേഷ്മ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ രേഷ്മ മറിയം റോയിക്ക് 450 വോട്ടുകൾ ലഭിച്ചപ്പോൾ മുൻ പഞ്ചായത്തംഗമായ യുഡിഎഫ് സ്ഥാനാർത്ഥി സുജാത മോഹന് 380 വോട്ട് മാത്രമാണ് നേടാനായത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് രേഷ്മ മറിയം റോയ് പിടിച്ചെടുത്തത്.
കോന്നി വി.എൻ.എസ്. കോളേജിൽനിന്ന് ബി.ബി.എ. പൂർത്തിയാക്കിയ രേഷ്മ ഡിവൈഎഫ്ഐ. ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിപിഎം. ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. തടികച്ചവടക്കാരനായ റോയ് പി. മാത്യുവാണ് പിതാവ്. മാതാവ് മിനി റോയ് സെന്റ് സ്റ്റീഫൻസ് കോളേജിലെ ജീവനക്കാരിയാണ്. ഏകസഹോദരൻ റോബിൻ മാത്യു റോയ്.
മറുനാടന് ഡെസ്ക്