സൗദി ആരോഗ്യമന്ത്രാലയത്തിലെ കൂടുതൽ തസ്തികകൾ സ്വദേശിവത്കരിക്കുന്നതിന്റെ ഭാഗമായി ദന്തൽ ഡോക്ടർമാർക്ക് പിന്നാലെ റസിഡന്റ് ഡോക്ടർമാരുടെ വിദേശ റിക്രൂട്ട്‌മെന്റ് നിർത്തിവക്കാൻ തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ എച്ച് ആർ ഡയറക്ടർ ഡോ.ആയിദ് അൽഹാരിസിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നിരവധി സ്വദേശി ഡോക്ടർമാർ റെസിഡന്റ് ഡോക്ടർമാരായി തൊഴിൽ തേടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. ആരോഗ്യ മേഖലയിൽ കൂടുതൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിന് തൊഴിൽ, ആരോഗ്യ മന്ത്രാലയങ്ങൾ സംയുക്ത പദ്ധതി തയ്യാറാക്കിയതിന്റെ ഭാഗമായാണ് തീരുമാനം.

മൊബൈൽ ഫോൺ കടകളിൽ സമ്പൂർണ സ്വദേശിവൽക്കരണം നിർബന്ധമാക്കിയ തൊഴിൽ മന്ത്രാലയം ഷോപ്പിങ് മാളുകൾ, റെന്റ് എ കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും സ്വദേശിവൽക്കരണം നടപ്പിലാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിദേശ ഡെന്റൽ ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നത് പൂർണമായും നിർത്തിവെക്കും. പൊതു, സ്വകാര്യ മേഖലയിൽ ഡെന്റൽ ഡോക്ടർമാർക്ക് വിസ അനുവദിക്കില്ലെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.