ദോഹ: പൊതുസ്ഥലങ്ങളിൽ പാർക്കിങ് സ്‌പേസിന്റെ അഭാവം ജനജീവിതം ദുസ്സഹമാക്കുന്നതായി ആക്ഷേപം ഉയർന്നു. സാധാരണ ദിവസങ്ങളിൽ ഓഫീസുകളിൽ പോകുമ്പോഴും കുടുംബത്തോടൊപ്പം പുറത്തു പോകുമ്പോഴും വാഹനം പാർക്ക് ചെയ്യുകയെന്നത് വലിയ വെല്ലുവിളിയായിരിക്കുന്നതെന്നാണ് പൊതുവേയുള്ള പരാതി. അതേസമയം വൻ തുക നൽകി പാർക്കിങ് സ്ഥലങ്ങൾ അനുവദിക്കുന്നത് ഈ മേഖലയിലെ വൻ ബിസിനസായി മാറിയിരിക്കുകയാണെന്നും പരാതി ഉയർന്നിട്ടുണ്ട്.

മതിയായ പാർക്കിങ് ഏരിയ ഇല്ലാത്തത് ദിവസം ചെല്ലും തോറും പ്രശ്‌നമായി മാറിയിരിക്കുകയാണെന്നാണ് വ്യക്തമാക്കുന്നത്. പാർക്കിങ് സ്ഥലം ഇല്ലാത്തത് ഏറ്റവും വലിയ പ്രശ്‌നമായിരിക്കുന്നത് മാർക്കറ്റുകളിലാണ്. രാജ്യമെമ്പാടുമുള്ള മാർക്കറ്റുകളിൽ ഇതൊരു പ്രശ്‌നമായി നിലകൊള്ളുകയാണ്. വാഹന ഉടമകൾക്കും വ്യാപാരികൾക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുകയാണിത്.

ഇക്കാര്യത്തിൽ സർക്കാർ തന്നെ പ്രശ്‌നപരിഹാരം കാണണമെന്നാണ് നിവാസികൾ ആവശ്യപ്പെടുന്നത്. ആഴ്ചാവസാനങ്ങളിലും വെക്കേഷനുകളിലും മറ്റും ഇതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ സാധിക്കില്ലെന്ന് നിവാസികൾ വെളിപ്പെടുത്തുന്നു.
വാഹനപ്പെരുപ്പവും വർധിച്ചു വരുന്ന ജനസാന്ദ്രതയ്ക്കുമൊപ്പം പാർക്കിങ് ഏരിയകൾ വികസിപ്പിക്കാത്തത് പ്രശ്‌നത്തിന് ആക്കംകൂട്ടുന്നു. മിക്കയിടങ്ങളിലും വൻ തുക നൽകി വാഹനം പാർക്ക് ചെയ്യേണ്ട അവസ്ഥയാണ് വന്നിട്ടുള്ളത്. പാർക്കിങ് ഫീസുകളിൽ വന്നിട്ടുള്ള വർധനയും ഇൻഫ്രാസ്ട്രക്ടചർ പ്രൊജക്ടുകളും പാർക്കിങ് ഏരിയകളെ വിഴുങ്ങുകയാണെന്നാണ് പറയപ്പെടുന്നത്.